Author: sreejithakvijayan

ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിൽ കൂടുതൽ ടേക്ക് ഓഫ്-ലാൻഡിംഗ് സ്‌ളോട്ടുകൾ കൂട്ടിച്ചേർക്കും. അടുത്ത സമ്മറിൽ പുതിയ മാറ്റം പ്രാബല്യത്തിൽ വരുത്താനാണ് തീരുമാനം. 25 അധിക സ്‌ളോട്ടുകൾ ആയിരിക്കും വിമാനത്താവളത്തിൽ കൂട്ടിച്ചേർക്കപ്പെടുക. മാർച്ച് മുതൽ ഒക്ടോബർ വരെയായിരിക്കും അധിക സ്‌ളോട്ടുകൾ. സമ്മറിൽ യാത്രികരുടെ തിരക്ക് പരിഗണിച്ചാണ് തീരുമാനം. അടുത്ത സമ്മറിൽ 5000 ലധികം വിമാനങ്ങൾ ഡബ്ലിൻ വിമാനത്താവളത്തിൽ നിന്നും സർവ്വീസ് നടത്തുമെന്നാണ് കരുതുന്നത്. ഡബ്ലിൻ വിമാനത്താവളത്തിലെ യാത്രികരുടെ പരിധി എടുത്ത് കളയാനുള്ള നീക്കത്തിലാണ് സർക്കാർ. ഇതിനോട് അനുബന്ധിച്ചാണ് സ്‌ളോട്ടുകൾ കൂട്ടിച്ചേർക്കുന്നത്. അധിക സ്‌ളോട്ടുകൾ യാത്രികരുടെ എണ്ണം വർധിക്കാൻ കാരണമാകും.

Read More

ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ യുവാവിനെ മർദ്ദിച്ച ശേഷം നഗ്നനാക്കി വഴിയിൽ ഉപേക്ഷിച്ചു. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബോൺമൈനിൽ രാത്രി 8 മണിയോടെയായിരുന്നു സംഭവം. 20 വയസ്സുള്ള യുവാവാണ് ആക്രമിക്കപ്പെട്ടത്. ക്രൂരമായി ആക്രമിച്ച ശേഷം അവശനായ യുവാവിനെ അക്രമികൾ ഡെറി അതിർത്തിയിൽ ഉപേക്ഷിക്കുകയായിരുന്നു. അതുവഴി പോയവരാണ് യുവാവിനെ ആദ്യം കണ്ടത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. നിലവിൽ ലെറ്റർകെന്നി ആശുപത്രിയിലാണ് യുവാവ് ഉള്ളത്. യുവാവിന്റെ പരിക്കുകൾ സാരമുള്ളതല്ല.

Read More

ഡബ്ലിൻ: ആമി ചുഴലിക്കാറ്റ് ഇന്ന് തീരം തൊടുന്നതിനാൽ അയർലൻഡിൽ അതിശക്തമായ കാറ്റിന് സാധ്യത. ഇതേ തുടർന്ന് അഞ്ച് കൗണ്ടികളിൽ ഓറഞ്ച് വാണിംഗ് പുറപ്പെടുവിച്ചു. ഇന്ന് ഉച്ചയ്ക്ക് നിലവിൽ വരുന്ന മുന്നറിയിപ്പ് രാത്രി 10 വരെ തുടരും. ഡൊണഗൽ, മയോ, ഗാൽവെ, സ്ലൈഗോ, ലെയ്ട്രിം എന്നീ കൗണ്ടികളിലാണ് ഓറഞ്ച് വാണിംഗ് ഉള്ളത്. ഈ അഞ്ച് കൗണ്ടികളിലും അതിതീവ്രമായ കാറ്റാണ് പ്രവചിച്ചിരിക്കുന്നത്. മറ്റ് എല്ലാ കൗണ്ടികളിലും യെല്ലോ വാണിംഗ് ആണ്. കാറ്റിനെ തുടർന്ന് രാജ്യത്തിന്റെ പലഭാഗങ്ങളിലും വൈദ്യുതി തടസ്സം നേരിടാം. മരങ്ങൾ കടപുഴകി വീഴുന്നതിനും വീടുകളുടെ സീലിംഗ് ഉൾപ്പെടെ പറന്ന് പോകുന്നതിനും സാധ്യതയുണ്ട്. യാത്രയ്ക്കും വലിയ ബുദ്ധിമുട്ടുകൾ നേരിടാം.

Read More

ലിമെറിക്ക്: ലിമെറിക്കിൽ പോലീസ് നടത്തിയ പരിശോധനയിൽ ബോംബുൾപ്പെടെ പിടിച്ചെടുത്തു. സംഘടിത കുറ്റവാളി സംഘങ്ങളെ പിടികൂടുന്നതിനായി പോലീസ് നടത്തിയ തിരച്ചിലിലാണ് ബോംബുൾപ്പെടെ കണ്ടെടുത്തത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ന്യൂ ക്രസന്റ് മേഖലയിൽ ആയിരുന്നു പരിശോധന. വീടുകൾ, ആളൊഴിഞ്ഞ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ആയിരുന്നു പരിശോധന. പരിശോധനയിൽ ഐഇഡി ബോംബ്, മയക്കുമരുന്ന്, പണം, മൊബൈൽ ഫോൺ എന്നിവയാണ് പിടിച്ചെടുത്തത്. ബോംബ് ആർമി എക്‌സ്‌പ്ലൊസീവ് ഓർഡൻസ് ഡിസ്‌പോസൽ സുരക്ഷിതമായി നിർവ്വീര്യമാക്കി.

Read More

ഡബ്ലിൻ: അയർലൻഡ് മുൻ പ്രധാനമന്ത്രിയും ഇന്ത്യൻ വംശജനുമായ ലിയോ വരദ്കറിന് നേരെ ഭീഷണി. രണ്ടംഗ സംഘമാണ് അദ്ദേഹത്തിന് നേരെ ഭീഷണി മുഴക്കിയത്. ഡബ്ലിൻ നഗരത്തിൽവച്ചായിരുന്നു സംഭവം. ഇതിൽ പോലീസിൽ അദ്ദേഹം പരാതി നൽകി. ഇക്കഴിഞ്ഞ തിങ്കളാഴ്ച ആയിരുന്നു സംഭവം എന്നാണ് അദ്ദേഹം നൽകിയ പരാതിയിൽ വ്യക്തമാക്കുന്നത്. ഡബ്ലിനിലെ പാർണൽ സ്ട്രീറ്റിലൂടെ കടന്ന് പോകുകയായിരുന്നു അദ്ദേഹം. ഇതിനിടെ രണ്ട് പേർ അദ്ദേഹത്തിന് നേരെ ആക്രോശിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. വരദ്കർ തിരിച്ച് പ്രതികരിച്ചതോടെ വാക്ക് തർക്കം രൂക്ഷമായി. സംഭവത്തിന്റെ വീഡിയോകൾ വലതുപക്ഷ പ്രവർത്തകനായ പോൾ നോളൻ പുറത്തുവിട്ടിട്ടുണ്ട്.

Read More

ഡബ്ലിൻ: ജോലി വാഗ്ദാനം ചെയ്ത് വ്യാജ വിസയിൽ നഴ്‌സുമാരെ അയർലൻഡിൽ എത്തിക്കുന്ന സംഘങ്ങൾക്കെതിരെ മൈഗ്രന്റ് നഴ്‌സസ് അയർലൻഡ് ( എംഎൻഐ). തട്ടിപ്പ് സംഘങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എംഎൻഐ ആവശ്യപ്പെട്ടു. ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവരാണ് ഇത്തരം ഏജൻസികളുടെ തട്ടിപ്പിന് ഇരയായിരിക്കുന്നത്. വിദേശത്ത് നിന്ന് നഴ്സുമാരെ നിയമിക്കുന്ന നഴ്സിംഗ് ഹോമുകൾ, ശരിയായി രജിസ്റ്റർ ചെയ്തിട്ടുള്ള നിയമാനുസൃത ഏജൻസികളുമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് എംഎൻഐ കൺവീനറും സീനിയർ നഴ്‌സുമായ വർഗീസ് ജോയ് വ്യക്തമാക്കി. നിയമാനുസൃതമായുള്ള തുകയ്ക്ക് പുറമേ നിയമവിരുദ്ധമായി വലിയ തുകയാണ് കമ്പനികൾ ഉദ്യോഗാർത്ഥികളിൽ നിന്നും ഈടാക്കുന്നത്. 4,000 യൂറോവരെ നഴ്‌സുമാർക്ക് അധികമായി നൽകേണ്ടിവരുന്നു. സർക്കാരിനെ ഉൾപ്പെടെ കബളിപ്പിച്ചുകൊണ്ടാണ് ഇത്തരം സംഘങ്ങളുടെ പ്രവർത്തനം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

ഡബ്ലിൻ: വനിതാ ക്രിക്കറ്റ് ടീമിന് രൂപം നൽകാനൊരുങ്ങി ഫിൻഗൽസ് ക്രിക്കറ്റ് ക്ലബ്ബ്. അടുത്ത സീസണിലേക്ക് ടീമിൽ ചേരുവാൻ ആഗ്രഹിക്കുന്നവർക്ക് ക്രിക്കറ്റ് ക്ലബ്ബുമായി ബന്ധപ്പെടാം. ആളുകൾക്കിടയിൽ ക്രിക്കറ്റിന്റെ പ്രധാന്യം വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് വനിതാ ടീം കൂടി രൂപീകരിക്കാൻ ക്ലബ്ബ് തീരുമാനിച്ചത്. മുൻ പരിചയം ഇല്ലാത്തവർക്കും ടീമിന്റെ ഭാഗമാകാം. സ്ത്രീകൾക്കും പെൺകുട്ടികൾക്കും ആണ് ടീമിൽ ചേരാനുള്ള അവസരം ഉള്ളത്. പരിശീലനവും ഫണ്ടിംഗും ക്ലബ്ബ് നൽകും. താത്പര്യമുള്ളവർക്ക് 087 754 9269, 087 247 1142 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ടാം. അപേക്ഷ ഇ-മെയിൽ ആയും അയക്കാം. അയക്കേണ്ട വിലാസം finglascricketclub@gmail.com.

Read More

ക്ലെയർ: കൗണ്ടി ക്ലെയറിൽ മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കിയ കേസിൽ മുൻ അദ്ധ്യപകന് തടവ്. 16 മാസം തടവ് ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. 2021 ഒക്ടോബർ 21 ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. എന്നിസിലെ ലഹിഞ്ചിലെ ലിസ്‌കോണർ റോഡിൽ വച്ചായിരുന്നു അപകടം ഉണ്ടായത്. പുലർച്ചെ 3.45 ഓടെയായിരുന്നു സംഭവം. 35 കാരനായ ടോണി ഗ്രീൻ ആണ് കേസിലെ പ്രതി. ടോണി മദ്യലഹരിയിൽ അമിത വേഗതയിൽ ഓടിച്ച വാഹനം മറ്റൊരു യുവതിയുടെ കാറിൽ ഇടിയ്ക്കുകയായിരുന്നു. എന്നാൽ ഇവിടെ നിന്നും കടന്നുകളഞ്ഞ ടോണി പിന്നീട് അപകടത്തിൽ നിന്നും രക്ഷപ്പെടാൻ തന്റെ വാഹനം കളവ് പോയെന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ സത്യാവസ്ത കണ്ടെത്തി. ഇതോടെ ടോണിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

Read More

ഡബ്ലിൻ: അയർലൻഡിൽ മലയാളി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ജോൺസൺ ജോയ് (34) വടക്കേ കരുമാങ്കൽ ആണ് മരിച്ചത്. അയർലൻഡിലെ ബെയിലിബ്രോയിൽ ആണ് ജോൺസൺ താമസിക്കുന്നത്. കെയർ ഹോം ജീവനക്കാരനാണ്. പാച്ചിറ ഇടവക കൊച്ചുപറമ്പിൽ ആൽബി ലൂക്കോസ് ആണ് ഭാര്യ. പ്രവസത്തോടനുബന്ധിച്ച് ആൽബി നാട്ടിലാണ്. ഈ മാസം 16 ന് ആയിരുന്നു കുഞ്ഞിന്റെ മാമോദീസ നടക്കാനിരുന്നത്. ഇതിനിടെ ആയിരുന്നു ജോൺസണിന്റെ അപ്രതീക്ഷിത വിയോഗം.

Read More

ഡബ്ലിൻ: ഗാസയിലേക്ക് സഹായവുമായി പോയ ഫ്‌ളോട്ടില ( കപ്പൽ വ്യൂഹം ) ഇസ്രായേൽ തടഞ്ഞ സംഭവത്തിൽ പ്രതികരിച്ച് അയർലൻഡ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. ഇസ്രായേൽ നടത്തിയത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം ആണെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തിന്റെ വിശദാംശങ്ങൾ ശേഖരിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാതെ മുന്നോട്ട് പോകുകയായിരുന്നു ഫ്‌ളോട്ടില്ല. എന്നാൽ ഇത് ഇസ്രായേൽ നാവിക സേനാംഗങ്ങൾ ഒരു കാരണവും ഇല്ലാതെ തടഞ്ഞു. ഗാസയിലെ ജനങ്ങൾക്ക് വേണ്ടി മാനുഷിക സഹായങ്ങളുമായി പോകുകയായിരുന്നു ഫ്‌ളോട്ടില. ഇത് തടഞ്ഞത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും മീഹോൾ മാർട്ടിൻ കൂട്ടിച്ചേർത്തു. 43 ബോട്ടുകളാണ് ഗാസയെ ലക്ഷ്യമിട്ട് സഞ്ചരിച്ചിരുന്നത്. ഇതിൽ 500 ഓളം പലസ്തീൻ അനുകൂല പ്രവർത്തകരും ഉണ്ടായിരുന്നു.

Read More