ആലപ്പുഴ: അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാർത്ഥിയും മുൻ സിപിഎം നേതാവുമായ ജി സുധാകരനെ രൂക്ഷമായി വിമർശിച്ച് മന്ത്രി സജി ചെറിയാൻ . കെ സുധാകരന്റെ രാഷ്ട്രീയ ധാർമ്മികത ജി സുധാകരന് ഇല്ലെന്നായിരുന്നു സജി ചെറിയാന്റെ വിമർശനം.
‘ ജി സുധാകരൻ പാർട്ടിയെ പിന്നിൽ നിന്ന് കുത്തി. കെ സുധാകരന് സീറ്റ് ലഭിച്ചില്ല, പക്ഷേ അദ്ദേഹം പാർട്ടിയെ വഞ്ചിച്ചില്ല. ജി സുധാകരൻ രാഷ്ട്രീയ വഞ്ചനയാണ് കാട്ടിയത്. കെ സുധാകരൻ ആ വഞ്ചന കാണിച്ചില്ല, അതാണ് രാഷ്ട്രീയ ധാർമ്മികത. പിന്നിൽ കുത്തുന്നവരുമായി കൂട്ടുകൂടി ജയിക്കാമെന്ന് കോൺഗ്രസ് കരുതരുത് ‘ – ചേർത്തലയിൽ നടന്ന തിരഞ്ഞെടുപ്പ് യോഗത്തിൽ സജി ചെറിയാൻ പറഞ്ഞു.
കോൺഗ്രസിനെതിരെയും സജി ചെറിയാൻ കടുത്ത വിമർശനം ഉന്നയിച്ചു. കോൺഗ്രസ് പിരിച്ചുവിടേണ്ട സമയമായി എന്നും പാർട്ടിയിൽ കഠിനാധ്വാനം ചെയ്യുന്ന സാധാരണ പ്രവർത്തകർക്ക് ഒരു വിലയുമില്ലെന്നും അദ്ദേഹം പറഞ്ഞു.
വെള്ളം കോരുകയും വിറക് വെട്ടുകയും ചെയ്യുന്നവർക്ക് ഇവിടെ ഒരു വിലയുമില്ലാതെയായെന്നും സജി ചെറിയാൻ പരിഹസിച്ചു. ആലപ്പുഴയിലെ കോൺഗ്രസിന്റെ രാഷ്ട്രീയ സാഹചര്യത്തെ പരിഹസിച്ചുകൊണ്ട് മുൻ എംഎൽഎ എ എ ഷുക്കൂർ കയറുമായി നിൽക്കുന്നുവെന്നും അത് ഏത് മരത്തിൽ കെട്ടണമെന്ന് ചിന്തിക്കുകയാണെന്നും സജി ചെറിയാൻ പറഞ്ഞു.
അവസരവാദികളല്ലാതെ മറ്റാരെയും കണ്ടെത്താൻ കോൺഗ്രസിന് കഴിഞ്ഞിട്ടുണ്ടോ എന്നും സജി ചെറിയാൻ ചോദിച്ചു. ആലപ്പുഴയിലും ഒരു അത്ഭുതം സംഭവിച്ചുവെന്ന് സജി ചെറിയാൻ തമാശ പറഞ്ഞു. ‘നാളെ സജി ചെറിയാൻ പോയാൽ, അദ്ദേഹത്തിന്റെ ഭാര്യ പോലും ഒപ്പം പോകില്ല. അങ്ങേരുടെ കൂടെ ഭാര്യ പോയ പോലെ കൂടെ വരുമെന്ന് കരുതേണ്ടെന്നാണ് എന്റെ ഭാര്യ പറഞ്ഞത്. അവര്ക്ക് പാർട്ടി മെമ്പർഷിപ്പ് ഉണ്ട്, അവൾ പാർട്ടിയോടൊപ്പമാണ് എന്നായിരുന്നു സജിചെറിയാന്റെ പ്രതികരണം.

