ന്യൂഡൽഹി: ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് നൽകിയ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി ബുധനാഴ്ച സുപ്രീം കോടതി പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട ചില രേഖകൾ കഴിഞ്ഞ ദിവസം പരാതിക്കാരിയുടെ അഭിഭാഷകൻ സീൽ ചെയ്ത കവറിൽ സുപ്രീം കോടതി രജിസ്ട്രാർക്ക് സമർപ്പിച്ചു.
തുടർന്ന് സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കേണ്ട കേസുകളുടെ പട്ടികയിൽ ഹർജി ഉൾപ്പെടുത്തി. എന്നാൽ, സീൽ ചെയ്ത കവറിൽ ഏതൊക്കെ രേഖകളാണുള്ളതെന്ന് വ്യക്തമല്ല. ജസ്റ്റിസുമാരായ എം.എം. സുന്ദരേശും എൻ.കെ. സിംഗും ഉൾപ്പെടുന്ന ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതിക്കാരി ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ടെന്നാണ് സൂചന. പ്രായപൂർത്തിയാകാത്തയാൾ ഉൾപ്പെടെ പത്ത് പേർ ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്ന് ഹർജിയിൽ ആരോപിക്കുന്നു. രാഹുലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആദ്യ പരാതിക്കാരിയാണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്. ഈ മാസം ആദ്യമാണ് പരാതിക്കാരി സുപ്രീം കോടതിയെ സമീപിച്ചത്.
കേസ് അന്വേഷണത്തിലാണെന്നും പരാതിക്കാരിക്കെതിരായ ആരോപണങ്ങൾ അനുചിതവും നിയമവിരുദ്ധവുമാണെന്നും ജാമ്യം റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്താൻ നിർബന്ധിതയായെന്നും തന്റെ ജീവൻ അപകടത്തിലാണെന്നും ഹർജിയിൽ പറയുന്നുണ്ട് . ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ഹൈക്കോടതി കേസിന്റെ ഒരു മിനി ട്രയൽ നടത്തിയെന്നും ഇത് നിയമവിരുദ്ധമാണെന്നും ഹർജിയിൽ ആരോപിക്കുന്നു.

