ഡബ്ലിൻ: ജോലി വാഗ്ദാനം ചെയ്ത് വ്യാജ വിസയിൽ നഴ്സുമാരെ അയർലൻഡിൽ എത്തിക്കുന്ന സംഘങ്ങൾക്കെതിരെ മൈഗ്രന്റ് നഴ്സസ് അയർലൻഡ് ( എംഎൻഐ). തട്ടിപ്പ് സംഘങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എംഎൻഐ ആവശ്യപ്പെട്ടു. ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവരാണ് ഇത്തരം ഏജൻസികളുടെ തട്ടിപ്പിന് ഇരയായിരിക്കുന്നത്.
വിദേശത്ത് നിന്ന് നഴ്സുമാരെ നിയമിക്കുന്ന നഴ്സിംഗ് ഹോമുകൾ, ശരിയായി രജിസ്റ്റർ ചെയ്തിട്ടുള്ള നിയമാനുസൃത ഏജൻസികളുമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് എംഎൻഐ കൺവീനറും സീനിയർ നഴ്സുമായ വർഗീസ് ജോയ് വ്യക്തമാക്കി. നിയമാനുസൃതമായുള്ള തുകയ്ക്ക് പുറമേ നിയമവിരുദ്ധമായി വലിയ തുകയാണ് കമ്പനികൾ ഉദ്യോഗാർത്ഥികളിൽ നിന്നും ഈടാക്കുന്നത്. 4,000 യൂറോവരെ നഴ്സുമാർക്ക് അധികമായി നൽകേണ്ടിവരുന്നു. സർക്കാരിനെ ഉൾപ്പെടെ കബളിപ്പിച്ചുകൊണ്ടാണ് ഇത്തരം സംഘങ്ങളുടെ പ്രവർത്തനം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

