Author: sreejithakvijayan

ക്ലെയർ: അടച്ച് പൂട്ടലിൽ നിന്നും സ്‌കൂളിനെ രക്ഷിക്കാൻ രക്ഷിതാക്കളോട് അഭ്യർത്ഥിച്ച് ജീവനക്കാരും വിദ്യാർത്ഥികളും. ഫർഗ്ലാൻ നാഷണൽ സ്‌കൂൾ ആണ് വിദ്യാർത്ഥികളുടെ എണ്ണം തികയാത്തതിനെ തുടർന്ന് അടച്ച് പൂട്ടൽ ഭീഷണി നേരിടുന്നത്. നാളേയ്ക്കുള്ളിൽ വിദ്യാർത്ഥികളുടെ എണ്ണം തികയ്ക്കണമെന്നാണ് അധികൃതർ സ്‌കൂളിന് നൽകിയിരിക്കുന്ന നിർദ്ദേശം. സ്‌കൂളിന്റെ പ്രവർത്തനം തുടരാൻ 11 വിദ്യാർത്ഥികളാണ് വേണ്ടത്. എന്നാൽ ഏഴ് പേർ മാത്രമാണ് നിലവിൽ ഇവിടെ അഡ്മിഷൻ നേടിയിരിക്കുന്നത്. അതുകൊണ്ട് അടച്ച് പൂട്ടൽ തടയാൻ കുട്ടികളെ നാളേയ്ക്കുള്ളിൽ സ്‌കൂളിൽ ചേർത്തണം എന്നാണ് രക്ഷിതാക്കളോട് സ്‌കൂൾ അധികൃതരും വിദ്യാർത്ഥികളും അഭ്യർത്ഥിക്കുന്നത്. ഇനാഗിനും എന്നിസ്റ്റിമോനിനും ഇടയിൽ ആണ് സ്‌കൂൾ പ്രവർത്തിക്കുന്നത്. ഇവിടെ രണ്ട് സ്ഥിരം അദ്ധ്യാപകരും പാർട്ട് ടൈം സ്‌പെഷ്യൽ നീഡ്‌സ് ടീച്ചറും ഉണ്ട്.

Read More

ഡബ്ലിൻ: ഫിയന്ന ഫെയ്ൽ സ്ഥാനാർത്ഥി ജിം ഗാവിനെക്കുറിച്ച് വാചാലനായി പ്രധാനമന്ത്രിയും ഫിയന്ന ഫെയ്ൽ മുതിർന്ന നേതാവുമായ മീഹോൾ മാർട്ടിൻ. യുവതയെ പ്രചോദിപ്പിക്കാനും അയർലൻഡിലെ ജനങ്ങളെ ഒന്നിപ്പിക്കാനും ഗാവിന് കഴിയുമെന്ന് മീഹോൾ മാർട്ടിൻ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അയർലൻഡിലെ ജനങ്ങളെ സേവിക്കുന്നതിൽ ഗാവിന് പരിചയമുണ്ട്. ജീവിതാനുഭവങ്ങൾ കൊണ്ട് സമ്പന്നനാണ് അദ്ദേഹം. സേവനമാണ് അദ്ദേഹത്തിന്റെ ജീവിതം. ഇപ്പോൾ പ്രസിഡന്റ് പദവിയിൽ ഇരുന്ന് രാജ്യത്തെ ജനങ്ങളെ സേവിക്കാനുള്ള അവസരമാണ് അദ്ദേഹം തേടുന്നത്. ഐറിഷ് ജനതയുടെ ശക്തിയും ശബ്ദവും ആകാൻ അദ്ദേഹത്തിന് കഴിയുമെന്നും മാർട്ടിൻ പറഞ്ഞു.

Read More

ഡബ്ലിൻ: യുക്രെയ്‌നിലെ സമാധാന ദൗത്യത്തിന്റെ ഭാഗമാകാൻ അയർലൻഡ് ആഗ്രഹിക്കുന്നുവെന്ന് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. യുഎൻ ജനറൽ അസംബ്ലിയ്ക്കിടെ എല്ലാവരും സംസാരിച്ചത് യുക്രെയ്‌നിന്റെ സമാധാനത്തെക്കുറിച്ചാണ്. എന്നാൽ പുടിൻ സമാധാനം പുന:സ്ഥാപിക്കാൻ യാതൊരു താത്പര്യവും കാണിക്കുന്നില്ലെന്നും ഹാരിസ് പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തിൽ യുക്രെയ്‌നിൽ സമാധാനം പുലരുന്നതിനെക്കുറിച്ച് സംസാരിക്കുക വലിയ ബുദ്ധിമുട്ടേറിയ കാര്യമാണ്. ലോകത്തിന്റെ ഒരു ഭാഗം മുഴുവൻ ചർച്ച ചെയ്തത് യുക്രെയിനിന്റെ സമാധാനത്തെക്കുറിച്ചാണ്. എന്നാൽ പുടിന് സമാധാനം പുന:സ്ഥാപിക്കാൻ ഒട്ടും താത്പര്യം ഇല്ല. അദ്ദേഹത്തിന്റെ ഈ നിലപാട് മാറാൻ യൂറോപ്യൻ യൂണിയനും അമേരിക്കയും ശക്തമായ സമ്മർദ്ദം ചെലുത്തേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ വാഹനാപകടത്തിൽ ഒരു മരണം. ശനിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കാൽനട യാത്രികന് ആണ് ജീവൻ നഷ്ടമായത്. ബാലിഗോവൻ റോഡ് മേഖലയിൽ ആയിരുന്നു സംഭവം. നടന്ന് പോകുകയായിരുന്ന വ്യക്തിയെ അതുവഴി വന്ന വാഹനം ഇടിച്ച് വീഴ്ത്തുകയായിരുന്നു. അപകടത്തിൽ കാൽനട യാത്രികന് സാരമായി പരിക്കേറ്റു. അദ്ദേഹത്തെ ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

Read More

ഡബ്ലിൻ: അയർലൻഡിൽ പ്രസിഡന്റ് സ്ഥാനാർത്ഥികളുടെ ആദ്യ ടെലിവിഷൻ സംവാദം ഇന്ന്. രാത്രി 10 മണിയ്ക്ക് വെർജിൻ മീഡിയ വൺ ചാനലിലാണ് പരിപാടി സംപ്രേഷണം ചെയ്യുക. ഇന്നത്തെ സംവാദപരിപാടി തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് കൂടുതൽ വീറും വാശിയും നൽകും. ഫിയന്ന ഫെയിൽ സ്ഥാനാർത്ഥി ജിം ഗാവിൻ, ഫിൻ ഗെയ്ൽ സ്ഥാനാർത്ഥി ഹെതർ ഹംഫ്രീസ്, ഇടത് സ്വതന്ത്ര സ്ഥാനാർത്ഥി കാതറിൻ കനോലി എന്നിവരാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. പ്രമുഖ അവതാരകൻ കീരാൻ കുഡിഹിയാണ് പരിപാടി അവതരിപ്പിക്കുക. ഈ പരിപാടിയിൽ ഭാഗമാകുന്നതിനോടൊപ്പം വെർജിൻ മീഡിയ ന്യൂസിന്റെ അവതാരകയായ കോളെറ്റ് ഫിറ്റ്‌സ്പാട്രിക്കിനൊപ്പം 30 മിനിറ്റ് ദൈർഘ്യമുള്ള ‘ബിഗ് ഇന്റർവ്യൂ’വിലും സ്ഥാനാർത്ഥികൾ പങ്കെടുക്കും. ബിഗ് ഇന്റർവ്യൂവിൽ പങ്കെടുക്കുന്ന ആദ്യ സ്ഥാനാർത്ഥി ജിം ഗാവിൻ ആയിരിക്കും. ഒക്ടോബർ ആറിന് ആയിരിക്കും ആദ്യ പരിപാടി. ഇതിന് ശേഷം അടുത്ത മാസം 13 ന് നടക്കുന്ന പരിപാടിയിൽ കനോലിയും 20 ന് നടക്കുന്ന പരിപാടിയിൽ ഹെതർ ഹംഫ്രീസും പങ്കെടുക്കും.

Read More

ഡബ്ലിൻ: ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള ശേഷി അയർലൻഡിന് ഇല്ലെന്ന് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. ഡെന്മാർക്ക്, ജർമ്മനി, നോർവേ, ലിത്വാന എന്നീ രാജ്യങ്ങൾക്ക് മുകളിലൂടെ ഡ്രോൺ പോലുള്ള അജ്ഞാത വസ്തു പറന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇത്തരം ആക്രമണങ്ങൾ അയർലൻഡിനെ ബാധിക്കില്ലെന്ന വിശ്വാസം മണ്ടത്തരമാണെന്നും അദ്ദേഹം പറഞ്ഞു. ഡബ്ലിനിലെ മക്കീ ബാരക്കിൽ വെറ്ററൻസിന്റെ പരേഡിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡ്രോൺ ആക്രമണങ്ങൾക്കെതിരെ പ്രതിരോധശേഷി കൈവരിച്ച രാജ്യമല്ല അയർലൻഡ്. ഇത്തരം ആക്രമണങ്ങളിൽ നിന്നും അയർലൻഡ് മുക്തമാണെന്ന് കരുതി നാം ഒരിക്കലും സ്വയം വിഡ്ഢികളാകരുത്. യൂറോപ്പിലെ ഒരു രാജ്യവും അങ്ങനെയല്ലന്നും അദ്ദേഹം പറഞ്ഞു.

Read More

ഡബ്ലിൻ: റെന്റ് ടാക്‌സ് ക്രെഡിറ്റ് ( വാടക നികുതി ക്രെഡിറ്റ് ) കാലാവധി നീട്ടാൻ സാധ്യത. വാടകക്കാർക്ക് പ്രതിവർഷം ആയിരം യൂറോവരെ ക്ലെയിം ചെയ്യാം. ധനമന്ത്രി പാസ്‌കൽ ഡൊണഹോയാണ് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയത്. രാജ്യത്ത് വർധിച്ചുവരുന്ന താമസ ചിലവുകൾ നിയന്ത്രിക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ബജറ്റിൽ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 9.4 ബില്യൺ യൂറോയുടെ പാക്കേജ് ആണ് സർക്കാർ ഇക്കുറി പ്രഖ്യാപിക്കുന്നത്. ഇതിൽ 1.5 ബില്യൺ നികുതി ഇളവ് ആണ്.

Read More

ഡബ്ലിൻ: നഗരത്തിൽ ഡബ്ലിൻ ബസും ഫയർ എൻജിനും തമ്മിൽ കൂട്ടിയിടിച്ചു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകീട്ട് ഡബ്ലിനിലെ മൗണ്ട് സ്ട്രീറ്റിൽ ആയിരുന്നു സംഭവം. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ട് മണിയോടെയായിരുന്നു സംഭവം. ഡബ്ലിൻ ബസ് ഡ്രൈവർക്കും അഗ്നിശമനസേനാംഗങ്ങൾക്കും ആണ് പരിക്കേറ്റത്. ഇവരുടെ പരിക്കുകൾ സാരമുള്ളതല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Read More

ഡബ്ലിൻ: അയർലൻഡിൽ പൊതുഗതാഗത നിരക്ക് വർധിച്ചേക്കും. ഇത്തവണത്തെ ബജറ്റിൽ നിരക്ക് വർധന സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന. ഇതിനൊപ്പം സർവ്വീസുകൾ വെട്ടിക്കുറച്ചുകൊണ്ടുള്ള പ്രഖ്യാപനവും പ്രതീക്ഷിക്കുന്നുണ്ട്. നിലവിൽ ഗതാഗത പ്രവർത്തനങ്ങളിൽ 250 മില്യൺ യൂറോയുടെ ഫണ്ടിംഗ് കമ്മി സർക്കാർ നേരിടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നിരക്ക് വർധനയ്ക്ക് സാധ്യതയുള്ളത്. ബസ് ഐറാൻ, ഡബ്ലിൻ ബസ്, ലുവാസ് എന്നിവയുൾപ്പെടെയുള്ള പബ്ലിക് സർവീസ് ഒബ്ലിഗേഷൻ ഫണ്ടിംഗിലാണ് കുറവ് നിലനിൽക്കുന്നത്. പൊതുഗതാഗതങ്ങൾക്കായുള്ള ഇന്ധനം, അറ്റകുറ്റപ്പണി, ജീവനക്കാരുടെ നിയമനം എന്നിവയുൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്കായുള്ള ചിലവുകൾ വർധിക്കുന്നുണ്ട്. ഇത് കടുത്ത സാമ്പത്തിക സമ്മർദ്ദമാണ് ഗതാഗത ഓപ്പറേറ്റർമാർക്ക് നൽകുന്നത്.

Read More

ഡബ്ലിൻ: അയർലൻഡിനെ ലക്ഷ്യമിട്ട് വീണ്ടും ചുഴലിക്കാറ്റ്. അടുത്ത വാരം അയർലൻഡിൽ ഹംബർട്ടോ ചുഴലിക്കാറ്റ് വീശിയടിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നത്. നിലവിൽ കാറ്റിന്റെ സഞ്ചാരഗതി അയർലൻഡിനെ ലക്ഷ്യമിട്ടാണ്. അടുത്ത വാരാന്ത്യത്തിൽ അതിശക്തമായ മഴയായിരിക്കും ചുഴലിക്കാറ്റിന്റെ സ്വാധീനത്താൽ അയർലൻഡിൽ ഉണ്ടാകുക. വെള്ളപ്പൊക്കത്തിന് ഉൾപ്പെടെ സാധ്യതയുണ്ട്. അതേസമയം അടുത്ത വാരാന്ത്യംവരെ വരണ്ട കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. അതേസമയം ചുഴലിക്കാറ്റ് അയർലൻഡിൽ ആഘാതം ഉണ്ടാക്കാനുള്ള സാധ്യത വളരെ കുറവാണ്. സഞ്ചാരഗതിയിൽ മാറ്റമോ അല്ലെങ്കിൽ കാറ്റ് ദുർബലമാകാനോ ഉള്ള സാധ്യതയുണ്ട്.

Read More