ഡബ്ലിൻ: അയർലൻഡിൽ പൊതുഗതാഗത നിരക്ക് വർധിച്ചേക്കും. ഇത്തവണത്തെ ബജറ്റിൽ നിരക്ക് വർധന സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന. ഇതിനൊപ്പം സർവ്വീസുകൾ വെട്ടിക്കുറച്ചുകൊണ്ടുള്ള പ്രഖ്യാപനവും പ്രതീക്ഷിക്കുന്നുണ്ട്.
നിലവിൽ ഗതാഗത പ്രവർത്തനങ്ങളിൽ 250 മില്യൺ യൂറോയുടെ ഫണ്ടിംഗ് കമ്മി സർക്കാർ നേരിടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നിരക്ക് വർധനയ്ക്ക് സാധ്യതയുള്ളത്. ബസ് ഐറാൻ, ഡബ്ലിൻ ബസ്, ലുവാസ് എന്നിവയുൾപ്പെടെയുള്ള പബ്ലിക് സർവീസ് ഒബ്ലിഗേഷൻ ഫണ്ടിംഗിലാണ് കുറവ് നിലനിൽക്കുന്നത്. പൊതുഗതാഗതങ്ങൾക്കായുള്ള ഇന്ധനം, അറ്റകുറ്റപ്പണി, ജീവനക്കാരുടെ നിയമനം എന്നിവയുൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്കായുള്ള ചിലവുകൾ വർധിക്കുന്നുണ്ട്. ഇത് കടുത്ത സാമ്പത്തിക സമ്മർദ്ദമാണ് ഗതാഗത ഓപ്പറേറ്റർമാർക്ക് നൽകുന്നത്.

