- ഇന്ധനവില വർധനവിനെതിരായ പ്രതിഷേധം; വിമാന യാത്രികർക്ക് മുന്നറിയിപ്പ്
- മോദിയെ വധിക്കാൻ പദ്ധതി; മൂന്നുപേർ പിടിയിൽ
- കൊറിയർ സേവനങ്ങൾ നിർത്തിവയ്ക്കാൻ ഡിപിഡിഐഎസ്
- തുവാമിലെ മദർ ആൻഡ് ബേബി ഹോമിലെ പരിശോധന; ശിശുക്കളുടെ കൂടുതൽ അവശിഷ്ടങ്ങൾ കണ്ടെടുത്തു
- ഇന്ധനവിലയ്ക്കെതിരായ പ്രതിഷേധം; സർക്കാരും പ്രതിഷേധക്കാരും തമ്മിൽ ഇന്ന് കൂടിക്കാഴ്ച നടത്തും
- മലയാളി നഴ്സ് അന്തരിച്ചു
- ഉദ്യോഗസ്ഥർക്കായുള്ള കൗൺസിലിംഗ് സേവനങ്ങൾ; ഗാർഡ ഷിക്കോണ ചിലവിട്ടത് 1.63 മില്യൺ യൂറോ
- നാലാം ദിവസവും തുടർന്ന് സമരം; വലഞ്ഞ് ജനങ്ങൾ
Author: sreejithakvijayan
ഡബ്ലിൻ: ഡേവ് ചുഴലിക്കാറ്റിന് പിന്നാലെ അയർലൻഡിലെ കാലാവസ്ഥ മെച്ചപ്പെടുന്നു. ഇന്ന് മുതൽ രാജ്യത്ത് വെയിലുള്ള തെളിച്ചമുള്ള കാലാവസ്ഥ അനുഭവപ്പെടുമെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. അതേസമയം ഒറ്റപ്പെട്ടയിടങ്ങളിൽ മഴയും ലഭിക്കും. ആലിപ്പഴ വീഴ്ചയും മഞ്ഞ് വീഴ്ചയും പ്രതീക്ഷിക്കുന്നുണ്ട്. എങ്കിലും ദിവസങ്ങൾ ചെല്ലുന്തോറും വെയിലുള്ള കാലാവസ്ഥ കൂടുതൽ ആയി അനുഭവപ്പെടും. ശരാശരിയ്ക്കും താഴെ ആയിരിക്കും അന്തരീക്ഷ താപനില അനുഭവപ്പെടുക.
ഡബ്ലിൻ: ഡെയിൽ വിളിച്ച് ചേർക്കണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. നിലവിൽ ഇന്ധനവിതരണത്തിൽ സർക്കാരിന് യാതൊരു ആശങ്കയും ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. ഈസ്റ്റർ അവധിയ്ക്ക് ശേഷം ഡെയിൽ വിളിച്ച് ചേർത്ത് ഇന്ധനവില വർധനവ് ചർച്ച ചെയ്യണം എന്നായിരുന്നു പ്രതിപക്ഷം ആവശ്യപ്പെട്ടത്. പശ്ചിമേഷ്യൻ സംഘർഷം നമ്മുടെ ഊർജ്ജ സൗകര്യങ്ങൾക്ക് കൂടുതൽ നാശനഷ്ടങ്ങൾ വരുത്തിക്കൊണ്ടിരിക്കുകയാണെന്ന് സൈമൺ ഹാരിസ് പറഞ്ഞു. ഈ സമയത്ത് ജീവിത ചിലവുമായി ബന്ധപ്പെട്ട് കൂടുതൽ നടപടികൾ പ്രഖ്യാപിക്കുന്നത് അബദ്ധമാകും. ഇന്ധനവിതരണത്തിൽ സർക്കാരിന് ഇപ്പോൾ ആശങ്കയില്ലെന്നും സൈമൺ ഹാരിസ് കൂട്ടിച്ചേർത്തു.
ബെൽഫാസ്റ്റ്: ഡേവ് ചുഴലിക്കാറ്റിനെ തുടർന്ന് വടക്കൻ അയർലൻഡിലും വ്യാപകമായി വൈദ്യുതി തടസ്സപ്പെട്ടു. രണ്ടായിരത്തോളം വീടുകളിലാണ് വൈദ്യുതി മുടങ്ങിയത്. ഇവ പുന:സ്ഥാപിക്കുന്നതിനുള്ള നടപടികൾ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. എൻഐഇ പവർചെക്കിന്റെ കണക്കനുസരിച്ച് അർമാഗിലെ മുല്ലഗ്ബ്രാക്ക്, ഡൗണിലെ ഡൗൺപാട്രിക് എന്നിവിടങ്ങളിലാണ് കാറ്റ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാക്കിയത്. ശനിയാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ ഞായറാഴ്ച പുലർച്ചെ 3 മണി വരെ വടക്കൻ മേഖലയിൽ യെല്ലോ വാണിംഗ് നിലവിലുണ്ടായിരുന്നു. യാത്രാ തടസ്സങ്ങളും വൈദ്യുതി തടസ്സവും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നൽകിയിരുന്നു.
ബെൽഫാസ്റ്റ്: ഡണ്ടൊണാൾഡിൽ യുവാവിന് നേരെ ആക്രമണം. ഗുരുതരമായി പരിക്കേറ്റ 30 കാരൻ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ മാസം 20 ന് ആയിരുന്നു സംഭവം. ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 27 കാരനെ നാളെ കോടതിയിൽ ഹാജരാക്കും. യുവാവിന്റെ തലച്ചോറിനാണ് ആക്രമണത്തിൽ പരിക്കേറ്റിട്ടുള്ളത്. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ക്ലാസ് സി വിഭാഗത്തിൽപ്പെട്ട മയക്ക് മരുന്ന് കൈവശം വച്ചതിനു പുറമേ, മനഃപൂർവ്വം ഗുരുതരമായ ശാരീരിക ഉപദ്രവം ഏൽപ്പിച്ചതിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
ലിമെറിക്ക്: ഫോണിലൂടെയുള്ള തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി പോലീസ്. തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പോലീസ് അറിയിച്ചു. ലിമെറിക്കിൽ കഴിഞ്ഞ ദിവസങ്ങളിലായി രണ്ട് തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് പോലീസിന്റെ മുന്നറിയിപ്പ്. ബാങ്കിൽ നിന്നാണെന്ന വ്യാജേനയും സംഗീത കച്ചേരിയുടെ ടിക്കറ്റ് ഫോണിലൂടെ നൽകാമെന്നും പറഞ്ഞായിരുന്നു തട്ടിപ്പുകൾ. 50 വയസ്സുകാരിയും യുവതിയും ആയിരുന്നു തട്ടിപ്പിന് ഇരയായത്. ബാങ്കിൽ നിന്നാണെന്ന വ്യാജേന 50 കാരിയെ തട്ടിപ്പ് സംഘം ഫോണിൽ വിളിക്കുകയായിരുന്നു. തുടർന്ന് അക്കൗണ്ട് നമ്പർ സ്ഥിരീകരിക്കാൻ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ ഇവർക്ക് പണം നഷ്ടമായി. സോഷ്യൽ മീഡിയയിൽ പരസ്യം കണ്ടതിന് പിന്നാലെയാണ് സംഗീത കച്ചേരിയ്ക്കായി യുവതി ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിച്ചത്. എന്നാൽ തട്ടിപ്പ് സംഘത്തിന്റെ അക്കൗണ്ടിലേക്ക് പണം പോയതിന് ശേഷം അവർ യുവതിയുമായുള്ള ബന്ധം ഒഴിവാക്കുകയായിരുന്നു.
ലെറ്റർകെന്നി: ഇന്ധനവില വർധനവിൽ പ്രതിഷേധിക്കാനൊരുങ്ങി ലെറ്റർകെന്നി ആസ്ഥാനമായി പ്രവർത്തിക്കുന്ന ബസ് കമ്പനിയായ മക്‌ഗെറ്റിഗൻ ട്രാവൽ. ചൊവ്വാഴ്ച പ്രതിഷേധ പ്രകടനം നടത്തും. ഇന്ധന വിലയിലെ കുതിച്ച് ചാട്ടം ഉപജീവനമാർഗ്ഗത്തിന് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന് കമ്പനി വ്യക്തമാക്കി. പ്രതിഷേധത്തിന്റെ ഭാഗമാകാൻ മറ്റ് സഹ ബസ് ഓപ്പറേറ്റർമാരോടും, ചരക്ക് വാഹന ഡ്രെെവർമാരോടും, കർഷകരോടും കമ്പനി ആഹ്വാനം ചെയ്തിട്ടുണ്ട്. ബസ് സർവ്വീസ് നടത്തുന്നതിലൂടെ കേവലം ഒരു സേവനം മാത്രമല്ല തങ്ങൾ ചെയ്യുന്നത് എന്ന് മക്‌ഗെറ്റിഗൻ ട്രാവൽസ് പ്രസ്താവനയിലൂടെ അറിയിച്ചു. നിരവധി കുടുംബങ്ങളുടെ ജീവനോപാധികൂടിയാണ് തങ്ങളുടെ സർവ്വീസുകൾ. ഇന്ധനവില ഓരോ തവണയും കൂടുമ്പോൾ അതിന്റെ സാമ്പത്തികഭാരം അനുഭവിക്കേണ്ടിവരുന്നത് പ്രാദേശിക ഓപ്പറേറ്റർമാരാണ്. ഈ സാഹചര്യത്തിൽ ഏപ്രിൽ ഏഴിന് നടത്തുന്ന പ്രതിഷേധ സമരത്തിൽ എല്ലാവരും പങ്കാളികളാകണമെന്നും മക്‌ഗെറ്റിഗൻ ട്രാവൽസ് വ്യക്തമാക്കി.
ഡബ്ലിൻ: സ്റ്റോം ഡേവ് ആഞ്ഞടിച്ചതിനെ തുടർന്ന് ഡബ്ലിൻ വിമാനത്താവളത്തിൽ റദ്ദാക്കിയത് 17 വിമാനങ്ങൾ. നിരവധി വിമാനങ്ങൾ മോശം കാലാവസ്ഥയെ തുടർന്ന് വഴിതിരിച്ചുവിട്ടു. ഡിഎഎ എക്‌സിലൂടെയാണ് ഇത് സംബന്ധിച്ച അറിയിപ്പുകൾ പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് അയർലൻഡിൽ ശക്തമായ കാറ്റ് അനുഭവപ്പെട്ടത്. ഇതേ തുടർന്ന് 13 വിമാനങ്ങൾ വഴിതിരിച്ച് വിട്ടു. ക്യാബിൻ ക്രൂ അംഗങ്ങളെയും ജീവനക്കാരെയും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിരുന്നു. അതേസമയം ഡബ്ലിൻ വിമാനത്താവളത്തിൽ ഇന്നും വിമാന യാത്രയ്ക്ക് തടസ്സം നേരിടാം. അതിനാൽ യാത്ര പുറപ്പെടും മുൻപ് എയർലൈനുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.
ഡബ്ലിൻ: ഇന്ധന വിലക്കയറ്റെ തുടർന്ന് പ്രതിസന്ധിയിലായി അയർലൻഡിലെ സ്‌കൂൾ ബസ് ഓപ്പറേറ്റർമാർ. ഇന്ധന വിലയിലെ അസാധാരണമായ വർധനവ് വ്യവസായത്തെ തടസ്സപ്പെടുത്തുമെന്ന് പ്രമുഖ സ്‌കൂൾ ബസ് ഓപ്പറേറ്റർമാരായ നോളൻ കോച്ചസിന്റെ സിഇഒ ഗാരറ്റ് ഒ ടൂൾ പറഞ്ഞു. ഇവർക്ക് നൂറിലധികം വാഹനങ്ങളാണ് ഉള്ളത്. ഇതിൽ 35 എണ്ണം വിദ്യാഭ്യാസ വകുപ്പിന് വേണ്ടിയുള്ള സർവ്വീസും 75 എണ്ണം സ്വകാര്യ സർവ്വീസും ആണ്. ഇത്രയും വാഹനങ്ങൾക്കായി പ്രതിവർഷം ഇന്ധന ചിലവ് 2,50,000 യൂറോ ആയിരുന്നുവെന്ന് ഗാരറ്റ് വ്യക്തമാക്കി. എന്നാൽ ഈ വർഷം ഇത് വർധിക്കും. അടുത്ത ആഴ്ച ആകുമ്പോഴേയ്ക്കും തന്നെ ചിലവ് മൂന്ന് ലക്ഷം യൂറോ എന്ന നിലയിലേക്ക് ഉയരും. ഈ സാഹചര്യത്തിൽ ഈ വ്യവസായവുമായി മുന്നോട്ടു പോകുക എന്നത് ഏറെ വെല്ലുവിളി നിറഞ്ഞ കാര്യം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡബ്ലിൻ: ഡേവ് ചുഴലിക്കാറ്റിനെ തുടർന്ന് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടയിടങ്ങളിൽ വൈദ്യുതി പുന:സ്ഥാപിക്കാനുള്ള ഇഎസ്ബിയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. അർധരാത്രി മുതൽ രാവിലെ എട്ട് മണിവരെ നീണ്ട പ്രവർത്തനങ്ങൾക്കൊടുവിൽ ഭൂരിഭാഗം വീടുകളിലും ബിസിനസ് സ്ഥാപനങ്ങളിലും വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചതായി ഇഎസ്ബി അധികൃതർ അറിയിച്ചു. കാറ്റിനെ തുടർന്ന് 18,000 വീടുകളിലും നിരവധി ഫാമുകളിലും ബിസിനസ് സ്ഥാപനങ്ങളിലും ആയിരുന്നു വൈദ്യുതി തടസ്സം നേരിട്ടത്. ഇന്ന് രാവിലെ എട്ട് മണിവരെയുള്ള കണക്കുകൾ പുറത്തുവരുമ്പോൾ 4,500 ഇടങ്ങളിൽ മാത്രമാണ് വൈദ്യുതി പുന:സ്ഥാപിക്കാൻ ഉള്ളത്. ഇവിടങ്ങളിൽ എത്രയും വേഗം വൈദ്യുതി എത്തിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. അതേസമയം പൊട്ടിവീണ കമ്പികളിൽ ആരും സ്പർശിക്കരുതെന്ന മുന്നറിയിപ്പ് ഇഎസ്ബി അധികൃതർ പുറപ്പെടുവിച്ചിട്ടുണ്ട്.
ഡബ്ലിൻ: ഈസ്റ്റർ അവധിയ്ക്ക് ശേഷം ഡെയിൽ വീണ്ടും വിളിച്ച് ചേർക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അയർലൻഡിൽ ഇന്ധന പ്രതിസന്ധി രൂക്ഷമാകുന്നതിനിടെയാണ് പ്രതിപക്ഷം രംഗത്ത് വന്നിരിക്കുന്നത്. ഡെയിൽ വിളിച്ച് ചേർത്ത് വിഷയം ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. കഴിഞ്ഞ ഒരു മാസമായി അയർലൻഡിൽ പെട്രോൾ – ഡീസൽ വിലകൾ കുതിച്ച് ഉയരുകയാണ്. ഇതിനിടെയാണ് സർക്കാർ വിലക്കയറ്റം പരിഹരിക്കുന്നതിനായി ഇന്ധനത്തിന്റെ എക്‌സൈസ് തീരുവ കുറച്ചത്. ഇത് താത്കാലികമായി ആശ്വാസം നൽകിയെങ്കിലും സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വില പിടിച്ചുകെട്ടാൻ സർക്കാരിന് കഴിഞ്ഞില്ല.
Subscribe to Updates
Get the latest creative news from FooBar about art, design and business.
