ലിമെറിക്ക്: ഫോണിലൂടെയുള്ള തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി പോലീസ്. തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പോലീസ് അറിയിച്ചു. ലിമെറിക്കിൽ കഴിഞ്ഞ ദിവസങ്ങളിലായി രണ്ട് തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് പോലീസിന്റെ മുന്നറിയിപ്പ്.
ബാങ്കിൽ നിന്നാണെന്ന വ്യാജേനയും സംഗീത കച്ചേരിയുടെ ടിക്കറ്റ് ഫോണിലൂടെ നൽകാമെന്നും പറഞ്ഞായിരുന്നു തട്ടിപ്പുകൾ. 50 വയസ്സുകാരിയും യുവതിയും ആയിരുന്നു തട്ടിപ്പിന് ഇരയായത്. ബാങ്കിൽ നിന്നാണെന്ന വ്യാജേന 50 കാരിയെ തട്ടിപ്പ് സംഘം ഫോണിൽ വിളിക്കുകയായിരുന്നു. തുടർന്ന് അക്കൗണ്ട് നമ്പർ സ്ഥിരീകരിക്കാൻ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ ഇവർക്ക് പണം നഷ്ടമായി.
സോഷ്യൽ മീഡിയയിൽ പരസ്യം കണ്ടതിന് പിന്നാലെയാണ് സംഗീത കച്ചേരിയ്ക്കായി യുവതി ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിച്ചത്. എന്നാൽ തട്ടിപ്പ് സംഘത്തിന്റെ അക്കൗണ്ടിലേക്ക് പണം പോയതിന് ശേഷം അവർ യുവതിയുമായുള്ള ബന്ധം ഒഴിവാക്കുകയായിരുന്നു.

