ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട് മൂന്ന് പേർ പിടിയിൽ . ബീഹാറിലാണ് സംഭവം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തത്. സംഘത്തലവൻ അമൻ തിവാരി പദ്ധതി നടപ്പിലാക്കാൻ സമയപരിധി നിശ്ചയിക്കുകയും വിദേശ രഹസ്യാന്വേഷണ ഏജൻസികളിൽ നിന്ന് പണം തേടിയതായും വിവരമുണ്ട് . വലിയൊരു തുക പ്രതിഫലം ആവശ്യപ്പെട്ട് ഇമെയിൽ അയച്ചിരുന്നു . ഇതാണ് അറസ്റ്റിലേക്ക് നയിച്ചത്.
ബിഹാറിലെ ബക്സറിൽ നിന്നാണ് അമനെ അറസ്റ്റ് ചെയ്തത്. മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ തുടങ്ങിയവ ഇയാളിൽ നിന്ന് പിടിച്ചെടുത്തു. അമന്റെ ഇമെയിലിനെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗം വിവരങ്ങൾ നൽകിയിരുന്നതായി ബക്സർ എസ്പി ശുഭം ആര്യ പറഞ്ഞു. മോദിയെ വധിക്കാൻ അമൻ 22 ദിവസത്തെ സമയപരിധി ആവശ്യപ്പെട്ടിരുന്നു. ഇയാളേ ചോദ്യം ചെയ്തതിന് ശേഷമാണ് മറ്റ് രണ്ട് പേരെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. കൊൽക്കത്ത വിമാനത്താവളത്തിൽ ബോംബ് ഭീഷണി മുഴക്കിയതിന് അമാൻ നേരത്തെ അറസ്റ്റിലായിരുന്നു.

