ലെറ്റർകെന്നി: ഇന്ധനവില വർധനവിൽ പ്രതിഷേധിക്കാനൊരുങ്ങി ലെറ്റർകെന്നി ആസ്ഥാനമായി പ്രവർത്തിക്കുന്ന ബസ് കമ്പനിയായ മക്ഗെറ്റിഗൻ ട്രാവൽ. ചൊവ്വാഴ്ച പ്രതിഷേധ പ്രകടനം നടത്തും. ഇന്ധന വിലയിലെ കുതിച്ച് ചാട്ടം ഉപജീവനമാർഗ്ഗത്തിന് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന് കമ്പനി വ്യക്തമാക്കി. പ്രതിഷേധത്തിന്റെ ഭാഗമാകാൻ മറ്റ് സഹ ബസ് ഓപ്പറേറ്റർമാരോടും, ചരക്ക് വാഹന ഡ്രെെവർമാരോടും, കർഷകരോടും കമ്പനി ആഹ്വാനം ചെയ്തിട്ടുണ്ട്.
ബസ് സർവ്വീസ് നടത്തുന്നതിലൂടെ കേവലം ഒരു സേവനം മാത്രമല്ല തങ്ങൾ ചെയ്യുന്നത് എന്ന് മക്ഗെറ്റിഗൻ ട്രാവൽസ് പ്രസ്താവനയിലൂടെ അറിയിച്ചു. നിരവധി കുടുംബങ്ങളുടെ ജീവനോപാധികൂടിയാണ് തങ്ങളുടെ സർവ്വീസുകൾ. ഇന്ധനവില ഓരോ തവണയും കൂടുമ്പോൾ അതിന്റെ സാമ്പത്തികഭാരം അനുഭവിക്കേണ്ടിവരുന്നത് പ്രാദേശിക ഓപ്പറേറ്റർമാരാണ്. ഈ സാഹചര്യത്തിൽ ഏപ്രിൽ ഏഴിന് നടത്തുന്ന പ്രതിഷേധ സമരത്തിൽ എല്ലാവരും പങ്കാളികളാകണമെന്നും മക്ഗെറ്റിഗൻ ട്രാവൽസ് വ്യക്തമാക്കി.

