Author: sreejithakvijayan

ഡബ്ലിൻ: അയർലന്റിൽ ഈ വാരം അസ്ഥിര കാലാവസ്ഥ. ഈ ആഴ്ച മുഴുവനും രാജ്യത്ത് മഴയും വെയിലും ഇടകലർന്ന കാലാവസ്ഥയായിരിക്കുമെന്നാണ് മെറ്റ് ഐറാന്റെ പ്രവചനം. ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. മേഘാവൃതമായ കാലാവസ്ഥയായിരിക്കും ഇന്ന് രാജ്യത്തിന്റെ പല ഭാഗങ്ങളിലും അനുഭവപ്പെടുക. അതിരാവിലെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയും ഇടിയും ഉണ്ടാകും. അറ്റ്‌ലാന്റിൽ നിലവിൽ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. ഇത് അയർലന്റിലേക്ക് നീങ്ങുന്നതാണ് മഴയ്ക്ക് കാരണം. രാത്രിയും പുലർച്ചെയും ആയിരിക്കും മഴ ലഭിക്കുക. പകൽ സമയത്ത് തെളിഞ്ഞ വെയിലുള്ള അന്തരീക്ഷം ആകും അനുഭവപ്പെടുക.

Read More

ഡബ്ലിൻ: മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കിയ സംഭവത്തെ ദു:സ്വപ്‌നമെന്ന് വിശേഷിപ്പിച്ച് ജോക്കി ഒയിസിൻ മർഫി. മാധ്യമത്തട് സംസാരിക്കുന്നതിനിടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. താൻ അന്ന് ചെയ്ത തെറ്റ് ഒരിക്കലും മറക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ കഴിഞ്ഞ മാസം മർഫിയ്ക്ക് കോടതി 70,000 യൂറോ പിഴ ശിക്ഷയായി വിധിച്ചിരുന്നു. തെറ്റ് ആവർത്തിക്കാതിരിക്കുക എന്നത് പ്രധാനപ്പെട്ട ഒരു കാര്യമാണ്. എല്ലാവർക്കുമെന്നത് പോലെ തനിക്കും അതൊരു പേടി സ്വപ്‌നം ആയിരുന്നു. തെറ്റ് വീണ്ടും ആവർത്തിക്കാതിരിക്കുക എന്നതാണ് പ്രധാനം. മദ്യപിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കുന്ന ആദ്യത്തെ വ്യക്തി താനല്ല. അപകടത്തിന് ഇരയായ വ്യക്തി പൂർണ ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Read More

ഡബ്ലിൻ: അയർലന്റിലെ ഏറ്റവും വലിയ ഹോട്ടൽ ഗ്രൂപ്പായ ദലാറ്റ ഏറ്റെടുക്കാൻ സ്‌കാൻഡിനേവിയൻ കമ്പനികൾ. ഏറ്റെടുക്കൽ സംബന്ധിച്ച് ഇന്ന് നടന്ന ചർച്ചയിൽ അന്തിമ ധാരണയായി. സ്‌കാൻഡിനേവിയൻ പ്രോപ്പർട്ടി കമ്പനികളായ പാൻഡക്‌സും ഐൻഡോംസ്പാർ എഎസും ചേർന്നാണ് ദലാറ്റ സ്വന്തമാക്കുന്നത്. 1.4 ബില്യൺ യൂറോയ്ക്ക് ആണ് ദലാറ്റയെ കമ്പനികൾ വാങ്ങുന്നത്. ജൂണിൽ ഇതേ കമ്പനികൾ പ്രമുഖ ഹോട്ടൽ ഗ്രൂപ്പിനെ സ്വന്തമാക്കാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ വിലയെ തുടർന്നുള്ള തർക്കങ്ങളെ തുടർന്ന് ഇത് ദലാറ്റ നിരസിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് നടന്ന ചർച്ചയിൽ ദലാറ്റ വാങ്ങാൻ ധാരണയായത്. മൽഡ്രോൺ, ക്ലേട്ടൻ ബ്രാൻഡുകൾക്ക് കീഴിൽ 56 ഹോട്ടലുകളാണ് ദലാറ്റയ്ക്കുള്ളത്. ഇവയിൽ ഭൂരിഭാഗവും അയർലന്റിലും ബ്രിട്ടണിലുമാണ്.

Read More

കാവൻ: കൗണ്ടി കാവനിലെ നദിയിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊന്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ഇൻലാന്റ് ഫിഷറീസ് അയർലന്റിന്റെ നേതൃത്വത്തിലാണ് അന്വേഷണം. അന്വേഷണത്തിന്റെ ഭാഗമായി അധികൃതർ നദിയിൽ നിന്നും സാമ്പിളുകൾ ശേഖരിച്ചു. ബല്ലിനാഗ് നദിയുടെ തീരത്ത് ഏകദേശം 1 കിലോമീറ്റർ ദൂരത്തിലാണ് മീനുകൾ ചത്തുപൊന്തിയത്. ആയിരത്തോളം മീനുകൾ ചത്തിരുന്നു. രാസവസ്തു കലർന്ന് വെള്ളം മലിനമായതാണ് മീനുകൾ ചത്തുപൊന്താൻ കാരണം എന്നാണ് അധികൃതരുടെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഐഎഫ്‌ഐ അന്വേഷണം പ്രഖ്യാപിച്ചത്. സാമ്പിളുകൾ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും. ഇതിന്റെ അടിസ്ഥാനത്തിലാകും തുടർ നടപടികൾ സ്വീകരിക്കുക.

Read More

ഡബ്ലിൻ: ഡ്രോഗഡയിലേക്കുള്ള ബസ് സർവ്വീസുകൾ നിർത്തിവച്ച് ബസ് ഐറാൻ. ബസിന് നേരെ കൗമാരക്കാർ ആക്രമണം നടത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സർവ്വീസുകൾ നിർത്തിവച്ചത്. വെള്ളിയാഴ്ചയായിരുന്നു ബസിന് നേരെ ആക്രമണം ഉണ്ടായത്. വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. സംഘം ചേർന്നെത്തിയ കൗമാരക്കാർ ബസിന്റെ ജനൽ ചില്ലകൾ അടിച്ച് തകർക്കുകയായിരുന്നു. ബസിന് മറ്റുകേടുപാടുകളും ഇവർ സൃഷ്ടിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് മണിക്കൂറുകളോളമാണ് ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടത്.

Read More

ഡബ്ലിൻ: പിഴ ഈടാക്കിയ നടപടിയ്‌ക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ ടിക്ക് ടോക്കിന് അനുമതി. ഹൈക്കോടതിയാണ് ഇതിനായി അനുമതി നൽകിയത്. ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തിയതുമായി ബന്ധപ്പെട്ട് ടിക്ക് ടോക്കിന് ഡാറ്റ പ്രൊട്ടക്ഷൻ കമ്മീഷണർ ആണ് പിഴ ചുമത്തിയത്. 530 മില്യൺ യൂറോ പിഴയായി അടയ്ക്കണമെന്നാണ് ഡിപിസിയുടെ ഉത്തരവ്. ഇതിനെതിരെ ടിക് ടോക്ക് നൽകിയ ഹർജിയിലാണ് ഹൈക്കോടതി നിയമ നടപടി സ്വീകരിക്കാൻ അനുമതി നൽകിയിരിക്കുന്നത്. ഇക്കഴിഞ്ഞ ഏപ്രിലിൽ ആയിരുന്നു ടിക് ടോക്കിന് ഡിപിസി പിഴ ചുമത്തിയത്. അയർലന്റിലെ ടിക് ടോക്ക് ഉപഭോക്താക്കളുടെ വിവരങ്ങൾ ചൈനയ്ക്ക് ചോർത്തി നൽകിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

Read More

ഡബ്ലിൻ: യൂറോപ്യൻ യൂണിയന് മേൽ താരിഫ് ഏർപ്പെടുത്താനുള്ള അമേരിക്കയുടെ തീരുമാനം അയർലന്റിന്റെ സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. താരിഫിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് അദ്ദേഹം ഇന്ന് ക്യാബിനറ്റ് മുൻപാകെ സംസാരിക്കും. യൂറോപ്യൻ യൂണിയന് മേൽ 30 ശതമാനം താരിഫ് ഏർപ്പെടുത്താനാണ് അമേരിക്കയുടെ തീരുമാനം. താരിഫ് നിലവിൽവരുന്നത് രാജ്യത്ത് വലിയ തൊഴിൽ നഷ്ടം ഉണ്ടാകാൻ കാരണമാകുമെന്നാണ് അദ്ദേഹം വിലയിരുത്തുന്നത്. ഇത് പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിലായിരിക്കും. സമ്പദ്‌വ്യവസ്ഥയെയും ഇത് ബാധിക്കും. അതിനാൽ ചർച്ചചെയ്ത് ഇതിന് പരിഹാരം കാണുന്നതിലാണ് അയർലന്റ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും അദ്ദേഹം ക്യാബിനറ്റിൽ വ്യക്തമാക്കും.

Read More

അത്‌ലോൺ: വംശനാശ ഭീഷണി നേരിടുന്ന കുർലൂ പക്ഷികളെ കാട്ടിലേക്ക് തുറന്നുവിട്ടു. അത്‌ലോണിലെ ലഫ് റീയിലെ കാട്ടിലേക്കാണ് ഒൻപത് പക്ഷികളെ തുറന്നുവിട്ടത്. 1980 മുതൽ രാജ്യത്ത് ഈ പക്ഷികൾ വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. കുർലൂ പക്ഷികളുടെ സംരക്ഷണം ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ ഭാഗമായിട്ടാണ് ഇവയെ കാട്ടിലേക്ക് തുറന്നുവിട്ടത്. പദ്ധതിയ്ക്കായി കൂടുകളിൽ നിന്നും ശേഖരിച്ച പക്ഷികളുടെ മുട്ട ഇൻക്യുബേറ്ററിൽവച്ച് വിരിയിക്കുകയായിരുന്നു. ഫോട്ട വൈൽഡ്‌ലൈഫ് പാർക്കിൽ ആയിരുന്നു മുട്ടകൾ വിരിയിച്ചത്. ഇവ വലുതായ ശേഷം തുറന്നുവിടുകയായിരുന്നു. പക്ഷികൾക്ക് സുരക്ഷിതമായി വിഹരിക്കുന്നതിനുള്ള അന്തരീക്ഷമാണ് ലഫ് റീയിലെ കാട്ടിൽ ഉള്ളത്. ഇതേ തുടർന്നാണ് ഇവിടെ തന്നെ പക്ഷികളെ തുറന്നുവിടാനുള്ള തീരുമാനം. മേഖലയിൽ അധികം വൈകാതെ തന്നെ പക്ഷികളുടെ എണ്ണം വർദ്ധിക്കുമെന്നാണ് വിലയിരുത്തൽ.

Read More

ഡബ്ലിൻ: ഇയോവിൻ ചുഴലിക്കാറ്റിനെ തുടർന്ന് നാശനഷ്ടം നേരിട്ടവർക്കായുള്ള സഹായവിതരണം തുടരുന്നു. ഇതിനോടകം തന്നെ ദുരിതബാധിതരിൽ 60 ശതമാനം പേർക്ക് അധികൃതർ സഹായം വിതരണം ചെയ്തിട്ടുണ്ട്. ഗാൽവെ, മയോ, റോസ്‌കോമൺ എന്നിവിടങ്ങളിലാണ് കാറ്റ് കനത്ത നാശം വിതച്ചത്. ഇതുവരെ 13.6 മില്യൺ യൂറോ മാനുഷിക സഹായമായി വിതരണം ചെയ്തു. ജൂൺവരെ വിതരണം ചെയ്ത സംഖ്യയുടെ കണക്കുകളാണ് ഇത്. 55,700 അപേക്ഷകർക്കാണ് ഇത്രയും തുക നൽകിയത്. വരും ദിവസങ്ങളിലും സഹായ ധനം വിതരണം ചെയ്യുന്നത് തുടരും. ജനുവരി 24 നായിരുന്നു അയർലന്റിൽ ഇയോവിൻ ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. ബിസിനസ് സ്ഥാപനങ്ങളും വീടുകളുമായി 7,68,000 കെട്ടിടങ്ങൾക്ക് നാശനഷ്ടം സംഭവിച്ചു. മണിക്കൂറിൽ 183 കിലോമീറ്റർ ആയിരുന്നു കാറ്റിന്റെ വേഗത.

Read More

ടിപ്പററി: കൗണ്ടി ടിപ്പററിയിൽ മുങ്ങിമരിച്ച 12 കാരിയുടെ സംസ്‌കാരം നാളെ. ബുധനാഴ്ച മൊല്ലോഫിലെ പുതിയ സെമിത്തേരിയിൽ ആയിരിക്കും സംസ്‌കാര ചടങ്ങുകൾ നടക്കുക. സംസ്‌കാരത്തിന്റെ ദൃശ്യങ്ങൾ തത്സമയം സംപ്രേഷണം ചെയ്യും. ലിഞ്ച് ടെറസ് സ്വദേശിനിയായ ഫ്രേയ ടോബിൻ ആണ് മരിച്ചത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. ന്യൂകാസിലിലെ സുയർ നദിയിൽ നീന്തുന്നതിനിടെ ഫ്രേയ അപകടത്തിൽപ്പെടുകയായിരുന്നു. സംസ്‌കാര ചടങ്ങുകളുടെ ഭാഗമായി ഇന്ന് ഉച്ചയോടെ ഫ്രേയയുടെ മൃതദേഹം ഗ്രെഗ് മഹുരെയിലുള്ള മുത്തശ്ശിയുടെ വീട്ടിൽ എത്തിക്കും. ഇവിടെ വൈകീട്ട് അഞ്ച് മണിവരെ പൊതുദർശനം ഉണ്ടാകും. നാളെ രാവിലെ ശുശ്രൂഷകൾക്കായി മൃതദേഹം അവർ ലേഡി ചർച്ചിൽ എത്തിക്കും. ഇതിന് ശേഷമാകും മൃതദേഹം സംസ്‌കരിക്കുക.

Read More