ലക്നൗ : രാജ്യത്തിന് വേണ്ടി ജീവിതവും, ജീവനും നൽകിയ സൈനികന്റെ മകളുടെ വിവാഹം നടത്താൻ ഇന്ത്യൻ സൈനികർ തന്നെ നേരിട്ടെത്തി . പിതാവിന്റെ സ്ഥാനത്ത് നിന്ന് കൈപിടിച്ച് നൽകിയതും, അനുഗ്രഹിച്ചതും, ദമ്പതികൾക്കുള്ള സമ്മാനമായി പണം നൽകിയതും സൈനികർ തന്നെ.
ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിലാണ് വൈകാരികമായ മുഹൂർത്തങ്ങൾ അരങ്ങേറിയത്. ഹവീൽദാർ ഹരേന്ദ്ര 2001 ലാണ് സൈന്യത്തിൽ ചേർന്നത്. 21- ജാട്ട് റെജിമെന്റിൽ നിയമിക്കപ്പെടുകയും ചെയ്തു. 2020 ൽ ഡ്യൂട്ടിയിലിരിക്കെ അരുണാചൽ പ്രദേശിൽ വച്ച് റോഡപകടത്തിൽ അദ്ദേഹം മരിച്ചു. പിന്നീട് ഭാര്യ അമൃത ദേവിയുടെ ചുമതലയിലാണ് മൂന്ന് മക്കളും വളർന്നത്. മകൾ പ്രാചിയുടെ വിവാഹം നിശ്ചയിച്ച സമയത്ത് അമൃതാദേവി ഭർത്താവിനൊപ്പം സേവനമനുഷ്ഠിച്ച സൈനികരെ വിവരമറിയിച്ചു.
തുടർന്ന് ഈ സൈനികർ തങ്ങളുടെ സുഹൃത്തിന്റെ സ്മരണയ്ക്കായി വലിയ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തീരുമാനിച്ചു. ഹരീന്ദ്രയ്ക്കൊപ്പം അന്നുണ്ടായിരുന്ന ഇന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന സൈനികർ ഒരു കുടുംബമായി മാറി ഹരീന്ദ്രയുടെ വീട്ടിലെത്തി.
തിങ്കളാഴ്ച രാവിലെ മുതൽ വിവാഹത്തിൽ പങ്കുചേർന്ന സൈനികർ മുഴുവൻ പരിപാടികളുടെയും ചുമതല ഏറ്റെടുത്തു. വിരമിച്ച ക്യാപ്റ്റൻ രാജേഷ് ഗുലിയ, ക്യാപ്റ്റൻ യശ്പാൽ സിംഗ്, സുബേദാർ ധരംവീർ സിംഗ്, സുബേദാർ രാംരതൻ, സുബേദാർ ധർമ്മേന്ദ്ര, ഹവിൽദാർ കിരൺപാൽ തുടങ്ങിയവർ വിവാഹത്തിൽ പങ്കെടുത്തു. ഡൽഹിയിൽ നിന്നുള്ള സുബേദാർ ധരംവീർ സിംഗ്, സുബേദാർ അമിത് കുമാർ, സുബേദാർ സാഗർ മാലിക് സിംഗ്, രാജസ്ഥാനിൽ നിന്നുള്ള ഹവിൽദാർ അനുജ് കുമാർ, ഹരിയാനയിൽ നിന്നുള്ള സുബേദാർ ധർമ്മേന്ദ്ര, സുബേദാർ ജിതേന്ദ്ര സിംഗ് , വിരമിച്ച ക്യാപ്റ്റൻ രവീന്ദ്ര, വിരമിച്ച ലെഫ്റ്റനന്റ് സത്യവീർ സിംഗ്, സുബേദാർ മെഹക് സിംഗ്, മീററ്റിൽ നിന്നുള്ള ഹവിൽദാർ ബൽവീർ സിംഗ് എന്നിവരുൾപ്പെടെ 15 ഓളം സൈനികർ വിവാഹത്തിൽ പങ്കെടുത്തു.
വിവാഹ ഘോഷയാത്രയെ സ്വാഗതം ചെയ്യുന്നത് മുതൽ എല്ലാ വിവാഹ ചടങ്ങുകളും നടത്തുന്നതുവരെ, സൈനികർ കുടുംബാംഗങ്ങളായി നിന്നു. മണ്ഡപത്തിൽ പ്രാചിയോടൊപ്പം നിന്നുകൊണ്ട്, അവളുടെ പിതാവിന്റെ അഭാവം അനുഭവപ്പെടുന്നില്ലെന്ന് അവർ ഉറപ്പുവരുത്തി. കൂടാതെ, സൈനികർ ഏകദേശം 6.5 ലക്ഷം രൂപ സമ്മാനമായും നൽകി. പിതാവ് ചെയ്യേണ്ട കർമ്മങ്ങളും സൈനികരാണ് നിറവേറ്റിയത്. വധു മണ്ഡപത്തിലേയ്ക്ക് എത്തിയത് പോലും സൈനികരുടെ കൈകളിലേന്തിയാണ്.

