തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമ സെക്രട്ടറി കെ.ജി.സനല്‍കുമാര്‍ നിയമിതനാകും.നിലവിലെ കമ്മീഷണറായിരുന്ന എ. ഷാജഹാന്റെ കാലാവധി 30ന് അവസാനിക്കും.ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് സനൽകുമാറിനെ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പദവിയിലേക്ക് ശുപാര്‍ശ ചെയ്തത്. മന്ത്രിസഭയുടെ ശുപാര്‍ശ ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കും.
കൊല്ലം ചവറ കുടുംബകോടതി ജഡ്ജിയിരുന്ന കെ.ജി. സനല്‍കുമാറിനെ ഡപ്യൂട്ടേഷന് അടിസ്ഥാനത്തിലാണ് നേരത്തേ നിയമസെക്രട്ടറിയായി നിയമിച്ചത്. തിരുവനന്തപുരം ലോ അക്കാദമിയില്‍ നിന്ന് എല്‍എല്‍ബിയും എല്‍എല്‍എമ്മും പാസായ ശേഷം 1989ല്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തു.
1998ല്‍ വൈക്കം മുന്‍സിഫായാണ് സര്‍വീസില്‍ പ്രവേശിച്ചത്. വടക്കഞ്ചരി, തലശേരി, ചേര്‍ത്തല, കൊല്ലം മജിസ്ട്രേറ്റ്, ശാസ്താംകോട്ട മുന്‍സിഫ് മജിസ്ട്രേറ്റ്, പത്തനംതിട്ട മുന്‍സിഫ്, എറണാകുളം സബ് ജഡ്ജി, സിജെഎം ആലപ്പുഴ, പത്തനംതിട്ട എംഎസിടി,പത്തനംതിട്ട അഡീഷണല്‍ ജില്ലാ ജഡ്ജി, കോട്ടയം അഡീഷണല്‍ ജില്ലാ ജഡ്ജി, കോട്ടയം വിജിലന്‍സ് ജഡ്ജി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

