ന്യൂഡൽഹി : ടി20 ലോകകപ്പുമായി ഹനുമാൻ ക്ഷേത്രത്തിലെത്തിയതിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ . ഈ ലോകകപ്പ് ഒരു ഗുരുദ്വാരയിലേക്കോ, പള്ളിയിലേക്കോ, മസ്ജിദിലേക്കോ കൊണ്ടുപോകാൻ ഇവർ തയ്യാറാകുമോ? ഒരു വിശ്വാസത്തിന് മാത്രം ഔദ്യോഗിക പരിഗണന നൽകുന്നത് ഇന്ത്യ എന്ന മഹത്തായ മതേതര സങ്കൽപ്പത്തിന് തന്നെ വിരുദ്ധമാണെന്നാണ് സന്ദീപ് വാര്യർ പങ്ക് വച്ച ഫേസ്ബുക്ക് പോസ്റ്റിലെ വാക്കുകൾ.
ലോകകപ്പ് വിജയത്തെ ഒരു പ്രത്യേക മതവിശ്വാസത്തിന്റെ മാത്രം ചട്ടക്കൂടിനുള്ളിൽ തളച്ചിടാൻ ശ്രമിക്കുന്നത് കാണുമ്പോൾ മനസ്സ് വേദനിക്കാതെ വയ്യ.കായികരംഗത്തെ വിജയങ്ങളെ മതവുമായി കൂട്ടിക്കെട്ടുന്നത് ശരിയായ പ്രവണതയല്ലെന്നും സന്ദീപ് വാര്യർ കുറിച്ചിരുന്നു.
ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം…
ലോകകപ്പ് വിജയം എന്നത് ഏതെങ്കിലും ഒരു വ്യക്തിയുടെയോ പ്രത്യേക വിഭാഗത്തിന്റെയോ മാത്രം നേട്ടമല്ല. അത് 140 കോടി ഇന്ത്യക്കാരുടെ പ്രാർത്ഥനയുടെയും പ്രതീക്ഷയുടെയും ഫലമാണ്. എന്നാൽ, ആ വിജയത്തെ ഒരു പ്രത്യേക മതവിശ്വാസത്തിന്റെ മാത്രം ചട്ടക്കൂടിനുള്ളിൽ തളച്ചിടാൻ ശ്രമിക്കുന്നത് കാണുമ്പോൾ മനസ്സ് വേദനിക്കാതെ വയ്യ.
അഹമ്മദാബാദിലെ ഹനുമാൻ ക്ഷേത്രത്തിൽ ലോകകപ്പുമായി ജയ് ഷായുടെ നേതൃത്വത്തിൽ നടത്തിയ സന്ദർശനം ചില ഗൗരവകരമായ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്:
ഇത് ‘ടീം ഇന്ത്യ’ ആണ്..
ഈ ടീമിൽ നമ്മുടെ സ്വന്തം സഞ്ജു സാംസൺ ഉണ്ട്, മുഹമ്മദ് സിറാജുണ്ട്, അർഷ്ദീപ് സിംഗുണ്ട്. ഹിന്ദുവും മുസ്ലിമും സിഖുകാരനും ക്രിസ്ത്യാനിയും ഒരേ ലക്ഷ്യത്തിനായി, ഒരേ ജേഴ്സിയണിഞ്ഞ് മൈതാനത്ത് പൊരുതിയപ്പോഴാണ് ആ കപ്പ് നമ്മുടെ കൈകളിലെത്തിയത്. ആ വൈവിധ്യമാണ് ഇന്ത്യയുടെ യഥാർത്ഥ കരുത്ത്.
നമ്മുടെ രാജ്യം വിശ്വസിക്കുന്നത് ‘സർവ്വധർമ്മ സമഭാവന’യിലാണ്. ഈ ലോകകപ്പ് ഒരു ഗുരുദ്വാരയിലേക്കോ, പള്ളിയിലേക്കോ, മസ്ജിദിലേക്കോ കൊണ്ടുപോകാൻ ഇവർ തയ്യാറാകുമോ? ഒരു വിശ്വാസത്തിന് മാത്രം ഔദ്യോഗിക പരിഗണന നൽകുന്നത് ഇന്ത്യ എന്ന മഹത്തായ മതേതര സങ്കൽപ്പത്തിന് തന്നെ വിരുദ്ധമാണ്. വിവേചനമില്ലാത്ത സ്നേഹമാണ് ത്രിവർണ്ണ പതാക നമ്മെ പഠിപ്പിക്കുന്നത്.
കായികരംഗത്തെ വിജയങ്ങളെ മതവുമായി കൂട്ടിക്കെട്ടുന്നത് ശരിയായ പ്രവണതയല്ല. മൈതാനത്തെ വിയർപ്പിനും കഠിനാധ്വാനത്തിനും മതമില്ല. ആ വിജയം എല്ലാ ഇന്ത്യക്കാർക്കും ഒരേപോലെ അവകാശപ്പെട്ടതാണ്.
നമുക്ക് വേണ്ടത് വിഭജിക്കപ്പെട്ട മനസ്സുകളല്ല, മറിച്ച് തോളോട് തോൾ ചേർന്ന് നിൽക്കുന്ന ഇന്ത്യയെയാണ്. ത്രിവർണ്ണ പതാകയുടെ ആ മൂന്ന് നിറങ്ങളും ചേരുമ്പോഴാണ് അത് പൂർണ്ണമാകുന്നത് എന്ന് മറക്കരുത്. ഇന്ത്യ എന്ന വികാരമാകട്ടെ നമ്മുടെ ഐക്യത്തിന്റെ കരുത്ത്

