കോട്ടയം: നേതൃത്വത്തെ പരസ്യമായി വിമർശിച്ച നാട്ടിക എംഎൽഎയും സിപിഐ മണ്ഡലം കമ്മിറ്റി അംഗവുമായ സി.സി. മുകുന്ദനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് സിപിഐയുടെ നടപടി. ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റിയിൽ മുകുന്ദനുമായി ബന്ധപ്പെട്ട വിഷയം ചർച്ചയ്ക്ക് വന്നിരുന്നു.
മണ്ഡലം കമ്മിറ്റിയോട് വിഷയത്തിൽ തീരുമാനം എടുക്കാൻ ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റി നിർദേശിച്ചിരുന്നു.നാട്ടിക നിയമസഭാ മണ്ഡലത്തിൽ സിറ്റിങ് എം.എൽ.എയായ സി.സി. മുകുന്ദന് സീറ്റ് നിഷേധിച്ചതിനെത്തുടർന്നാണ് പാർട്ടിയുമായി അകന്നത്. നാട്ടിക ഒരു പേയ്മെന്റ് സീറ്റാണെന്നാണ് മുകുന്ദന്റെ ആരോപണം. മുൻ എംഎൽഎ ഗീത ഗോപിക്ക് പണം പിരിക്കാനും, നൽകാനും കഴിവുണ്ടെന്നും മോശം പ്രകടനം കാഴ്ചവെച്ച അവരെ മത്സരിപ്പിക്കുന്നത് ശരിയല്ലെന്നും എംഎൽഎ പറഞ്ഞു.
അതേസമയം, സി.സി. മുകുന്ദനെ പിന്തുണയ്ക്കാനുള്ള നീക്കത്തിനെതിരെ കോൺഗ്രസിനുള്ളിൽ വിയോജിപ്പ് ഉയർന്നു. മണ്ഡലം പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ ഈ നീക്കത്തിനെതിരെ എതിർ നിലപാട് സ്വീകരിച്ചു. സിപിഐ എറിഞ്ഞ ‘ അപ്പ കഷണത്തിന്’ ചുവപ്പു പരവതാനി വിരിക്കുന്നത് ബുദ്ധിശൂന്യമാണെന്ന് പ്രാദേശിക കോൺഗ്രസ് നേതാക്കൾ പറയുന്നു.
എ.ഐ.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, എംപി, രമേശ് ചെന്നിത്തല എന്നിവരുൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ മുകുന്ദനുമായി ബന്ധപ്പെട്ടിരുന്നതായി റിപ്പോർട്ടുണ്ട്. അതേസമയം, മുകുന്ദനുമായി ചർച്ച നടത്തുന്നത് സംബന്ധിച്ച് നേതൃത്വം ഒരു നിർദ്ദേശവും നൽകിയിട്ടില്ലെന്ന് ഡി.സി.സി. പറഞ്ഞു.

