Author: sreejithakvijayan

ഡബ്ലിൻ: പട്രോളിംഗിനിടെ ഡബ്ലിൻ നഗരത്തിൽവച്ച് പോലീസുകാരന് കുത്തേറ്റ സംഭവത്തെ അപലപിച്ച് രാഷ്ട്രീയ നേതാക്കൾ. പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ, ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ് എന്നിവരുൾപ്പെടെയാണ് അപലപിച്ച് രംഗത്ത് എത്തിയത്. എക്‌സിലൂടെയായിരുന്നു ഇവരുടെ പ്രതികരണം. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമാണ് ഡബ്ലിനിൽ സംഭവിച്ചിരിക്കുന്നത് എന്ന് മീഹോൾ മാർട്ടിൻ പറഞ്ഞു. പരിക്കേറ്റ പോലീസുകാർക്കും സഹപ്രവർത്തകർക്കും ഒപ്പമാണ് തന്റെ ചിന്ത. എത്രയും വേഗം അദ്ദേഹം സുഖം പ്രാപിക്കട്ടെ. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ ഉടനെ പോലീസിനെ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ആക്രമണങ്ങളോട് ക്ഷമിക്കാൻ കഴിയില്ലെന്ന് ആയിരുന്നു സൈമൺ ഹാരിസ് വ്യക്തമാക്കിയത്. പോലീസുകാരെ ആക്രമിക്കുന്ന സംഭവങ്ങളോട് ക്ഷമിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Read More

ഡബ്ലിൻ: കഴിഞ്ഞ വർഷം എച്ച്എസ്ഇ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത് മൂവായിരത്തിലധികം വാപ്പുകൾ. ഡിസ്‌പോസിബിൾ വാപ്പുകൾ ഉൾപ്പെടെ ഇതിൽ ഉൾപ്പെടുന്നു. വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയിൽ 3500 വാപ്പുകളാണ് പിടിച്ചെടുത്തത് എന്നാണ് എച്ച്എസ്ഇ വ്യക്തമാക്കുന്നത്. വാപ്പുകളുടെ അനധികൃത വിൽപ്പന തടയുന്നതിന് വേണ്ടിയായിരുന്നു എച്ച്എസ്ഇ പരിശോധന നടത്തിയത്. ഇ-ലിക്വിഡ്, നിക്കോട്ടിൻ എന്നിവ അമിതമായ അളവിൽ ഡിസ്‌പോസിബിൾ വാപ്പുകളിൽ ഉൾപ്പെടുത്തിയിരുന്നു. അത് മാത്രമല്ല നിർമ്മാണം സംബന്ധിച്ച് തെറ്റായ വിവരങ്ങൾ ആയിരുന്നു പാക്കറ്റിൽ വിശദാംശങ്ങളായി നൽകിയിരുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ അധികൃതർ വാപ്പുകൾ പിടിച്ചെടുക്കുകയായിരുന്നു. നിക്കോട്ടിൻ ഫ്രീ എന്നെഴുതിയ വാപ്പുകളിൽ ഉൾപ്പെടെ മാരക ലഹരിമരുന്നിന്റെ സാന്നിദ്ധ്യം പരിശോധനയിൽ കണ്ടെത്തിയിരുന്നു. പരിശോധനയ്ക്ക് പിന്നാലെ 26 കടകൾക്കെതിരെ എച്ച്എസ്ഇ നടപടി സ്വീകരിച്ചിരുന്നു.

Read More

ഡബ്ലിൻ: കാലാവസ്ഥ സംബന്ധിച്ച ഏറ്റവും പുതിയ പ്രവചനവുമായി മെറ്റ് ഐറാൻ. വാരാന്ത്യ ബാങ്ക് അവധി ദിനങ്ങളിൽ അസ്ഥിര കാലാവസ്ഥയ്ക്കാണ് സാദ്ധ്യതയുള്ളത് എന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. അതേമസമയം മഴ ലഭിക്കുമെങ്കിലും രാജ്യത്ത് പകൽ സമയങ്ങളിൽ താപനില ഉയരും. വരും ദിവസങ്ങളിൽ താപനില 22 ഡിഗ്രി സെൽഷ്യസിലേക്ക് ഉയരാനാണ് സാദ്ധ്യത. അതിനാൽ പകൽ സമയങ്ങളിൽ ചൂടേറിയ വരണ്ട കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. ഇതോടൊപ്പം വൈകുന്നേരങ്ങളിൽ നേരിയ ചാറ്റൽ മഴ അനുഭവപ്പെടാം. ഇന്ന് 22 ഡിഗ്രി സെൽഷ്യസ് ആണ് രാജ്യത്തെ ഉയർന്ന താപനില. പടിഞ്ഞാറ് ഭാഗത്ത് തണുത്ത കാറ്റ് ഉണ്ടാകും. രാത്രി മേഘാവൃതമായ അന്തരീക്ഷം അനുഭവപ്പെടും. ഇതോടൊപ്പം നേരിയ ചാറ്റൽ മഴയും പ്രതീക്ഷിക്കുന്നുണ്ട്.

Read More

ക്ലെയർ: ഷാനൻ വിമാനത്തവളത്തിൽ നിന്നും ജർമ്മനിയിലേക്ക് പുതിയ വിമാന സർവ്വീസ്. ഡിസ്‌കവർ എയർലൈൻസാണ് ഫ്രാങ്ക്ഫർട്ടിലേക്ക് പുതിയ സർവ്വീസ് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത വർഷം പുതിയ സർവ്വീസ് ആരംഭിക്കും. ലുഫ്താൻ ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമാണ് ഡിസ്‌കവർ എയർലൈൻസ്. 2026 ഏപ്രിൽ നാല് മുതൽ സർവ്വീസ് ആരംഭിക്കുമെന്നാണ് എയർലൈൻസിന്റെ പ്രഖ്യാപനം. ഫ്രാങ്ക്ഫർട്ടിലേക്ക് ആഴ്ചയിൽ രണ്ട് തവണ സർവ്വീസ് ഉണ്ടാകും. ഏപ്രിൽ നാല് മുതൽ ഒക്ടോബർ 24 വരെ ശനിയാഴ്ചകളിലും മെയ് 14 മുതൽ സെപ്തംബർ 24 വരെ വ്യാഴാഴ്ചകളിലുമാകും സർവ്വീസ് ഉണ്ടാകുക.

Read More

ഡൗൺ: വേർപിരിയൽ പ്രഖ്യാപിച്ച് ടെലിവിഷൻ അവതാരകരായ ക്യാറ്റ് ഡീലിയും പാട്രിക് കീൽറ്റിയും. പത്ത് വർഷം നീണ്ട ദാമ്പത്യ ജീവിതമാണ് ഇരുവരും അവസാനിപ്പിക്കുന്നത്. ഇരുവരുടെയും വേർപിരിയിൽ സംബന്ധിച്ച സൂചനകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ദിസ് മോണിംഗ് ഷോയുടെ അവതാരികയാണ് ക്യാറ്റ് ഡീലി. കീൽറ്റി ദി ലേറ്റ് ലേറ്റ് ഷോയുടെ അവതാരകനാണ്. 2012 സെപ്തംബറിൽ റോമിൽ വച്ചായിരുന്നു ഇവരുടെ വിവാഹം. ഇവർക്ക് രണ്ട് കുട്ടികളുണ്ട്. സംയുക്ത പ്രസ്താവനയിലൂടെയാണ് ഇരുവരും വിവാഹ മോചിതരാകുന്നതായി ആരാധകരെ അറിയിച്ചത്. വിവാഹ ബന്ധം വേർപെടുത്താൻ ഇരുവരും ചേർന്ന് തീരുമാനം എടുത്തിരിക്കുന്നു. ഇതിൽ മറ്റാരുടെയും ഇടപെടൽ ഇല്ല. ഞങ്ങളുടെ കുട്ടികൾ എല്ലായ്‌പ്പോഴും ഞങ്ങൾ നല്ല രക്ഷിതാക്കൾ ആയിരിക്കും. ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും ഇരുവരും പറഞ്ഞു.

Read More

ഡബ്ലിൻ: ഇത്തവണത്തെ വാരാന്ത്യ ബാങ്ക് അവധി ദിനങ്ങളിൽ ഡബ്ലിൻ വിമാനത്താവളത്തിൽ കൂടുതൽ യാത്രികർ എത്തുമെന്ന് വിലയിരുത്തൽ. അര മില്യണിലധിം പേർ വിമാനത്താവളം വഴി സഞ്ചരിക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. വെള്ളിയാഴ്ച മുതൽ ഞായറാഴ്ചവരെയാണ് അവധിയുള്ളത്. വെള്ളി, ഞായർ ദിവസങ്ങളിൽ വിമാനത്താവളത്തിൽ വലിയ തിരക്ക് അനുഭവപ്പെടാൻ സാദ്ധ്യതയുണ്ട്. 1,30,000 പേർ ഇതുവഴി കടന്ന് പോയേക്കാമെന്നാണ് കരുതുന്നത്. തിരക്ക് പരിഗണിച്ച് യാത്രക്കാർ മൂന്ന് മണിക്കൂർ മുൻപ് തന്നെ വിമാനത്താവളത്തിൽ എത്തിച്ചേരേണ്ടതാണെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഓഗസ്റ്റ് മാസത്തിലെ വാരാന്ത്യ ബാങ്ക് അവധിക്കാലത്ത് വലിയ തിരക്കാണ് വിമാനത്താവളത്തിൽ അനുഭവപ്പെടാറുള്ളതെന്ന് ഡബ്ലിൻ വിമാനത്താവള വക്താവ് പറഞ്ഞു. ഈ വർഷവും ഇതിൽ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

ഡബ്ലിൻ: ഭവന നിർമ്മാണങ്ങൾക്കായി ഭവന വകുപ്പിന് അധിക ധനസഹായം. ഇതുമായി ബന്ധപ്പെട്ട നിർദ്ദേശത്തിന് മന്ത്രിസഭ അംഗീകാരം നൽകി. 700 മില്യൺ യൂറോയാണ് വകുപ്പിന് അധികമായി നൽകുന്നത്. ഇതോടെ 2025 ലേക്കുള്ള വകുപ്പിന്റെ മൊത്തത്തിലുള്ള വിഹിതം 1.4 ബില്യൺ യൂറോയിലധികമായി. കഴിഞ്ഞ ആഴ്ച ദേശീയ വികസന പദ്ധതിയുടെ ഭാഗമായി ഭവനവകുപ്പിന് 40 ബില്യൺ യൂറോ സഹായമായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും സഹായം നൽകുന്നത്. അധികസഹായം സെക്കൻഡ് ഹാൻഡ് ഏറ്റെടുക്കലുകൾക്കും ടെനന്റ് ഇൻ സിറ്റു സ്‌കീമിനും ഫണ്ട് നൽകുന്നതിനും പ്രയോജനപ്പെടുത്തും. ഇതിന് പുറമേ ഒഴിഞ്ഞുകിടക്കലുകൾ പരിഹരിക്കുന്നതിനും വിനിയോഗിക്കും.

Read More

ഡബ്ലിൻ: ഡബ്ലിനിൽ പോലീസുകാരന് കുത്തേറ്റു. സംഭവത്തിൽ 20 വയസ്സുള്ള പ്രതി അറസ്റ്റിലായി. ഡബ്ലിൻ സിറ്റി സെന്ററിൽ ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. പരിക്കേറ്റ പോലീസുകാരൻ ആശുപത്രിയിൽ ചികിത്സയിലാണ്. കപെൽ സ്ട്രീറ്റിൽ വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം ഉണ്ടായത്. പ്രദേശത്ത് പോലീസുകാർ പട്രോളിംഗ് നടത്തുകയായിരുന്നു. ഇതിനിടെ കത്തിപോലത്തെ കൂർത്ത ആയുധവുമായി 20 കാരൻ അവിടെ എത്തി. ഇയാളെ പിടികൂടാനുള്ള ശ്രമത്തിനിടെയാണ് പോലീസുകാരന് കുത്തേറ്റത്. നിരവധി തവണ അദ്ദേഹത്തിന് കുത്തേറ്റു. 1984 ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ നാലാം വകുപ്പ് പ്രകാരം ആണ് 20 കാരനെതിരെ കേസ് എടുത്തിട്ടുള്ളത്.

Read More

ഡബ്ലിൻ: ഡബ്ലിനിൽ നിരവധി വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. ചാപ്പലിസോഡ് ബൈപ്പാസിൽ എൻ4 ൽ ആയിരുന്നു സംഭവം. ഇതേ തുടർന്ന് ഇൻബൗണ്ട് ലെയ്‌നുകൾ അടച്ചു. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. കൂട്ടിയിടിയിൽ ആർക്കും പരിക്കില്ല. വിവരം അറിഞ്ഞ ഉടൻ തന്നെ പോലീസ് സ്ഥലത്ത് എത്തി അടിയന്തിര നടപടികൾ സ്വീകരിച്ചു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ഗതാഗതം പുന:സ്ഥാപിച്ചുവെന്നാണ് റിപ്പോർട്ടുകൾ.

Read More

ഡൗൺ : കൗണ്ടി ഡൗണിൽ രണ്ട് വ്യത്യസ്ത ആക്രമണങ്ങളിലായി നിരവധി പോലീസുകാർക്ക് പരിക്ക്. ഡൗൺപാട്രിക്കിൽ ആയിരുന്നു ഇരു സംഭവങ്ങളും ഉണ്ടായത്. ഇതിൽ ഏഴ് പോലീസുകാർക്കാണ് പരിക്കേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സ തേടി. വെള്ളി, ശനി ദിവസങ്ങളിൽ ആയിരുന്നു സംഭവം. വെള്ളിയാഴ്ച രാത്രി പട്രോളിംഗ് നടത്തുന്നതിനിടെയായിരുന്നു പോലീസുകാർക്ക് നേരെ ആക്രമണം ഉണ്ടായത്. അക്രമി ഉദ്യോഗസ്ഥരുടെ മുഖത്ത് ചവിട്ടുകയും അടിയ്ക്കുകയും തുപ്പുകയും ചെയ്തു. നാല് പോലീസുകാർക്കായിരുന്നു ഇതിൽ പരിക്കേറ്റത്. ശനിയാഴ്ച രാത്രി 17 കാരിയായ പെൺകുട്ടിയാണ് പോലീസിനെ ആക്രമിച്ചത്. യുവാവിനെ ഇവർ ആക്രമിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയതായിരുന്നു പോലീസ് സംഘം. അക്രമാസക്തയായ പെൺകുട്ടി പിടികൂടാനുള്ള ശ്രമത്തിനിടെ പോലീസുകാരെ മർദ്ദിക്കുകയായിരുന്നു.

Read More