ഡൗൺ : കൗണ്ടി ഡൗണിൽ രണ്ട് വ്യത്യസ്ത ആക്രമണങ്ങളിലായി നിരവധി പോലീസുകാർക്ക് പരിക്ക്. ഡൗൺപാട്രിക്കിൽ ആയിരുന്നു ഇരു സംഭവങ്ങളും ഉണ്ടായത്. ഇതിൽ ഏഴ് പോലീസുകാർക്കാണ് പരിക്കേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സ തേടി.
വെള്ളി, ശനി ദിവസങ്ങളിൽ ആയിരുന്നു സംഭവം. വെള്ളിയാഴ്ച രാത്രി പട്രോളിംഗ് നടത്തുന്നതിനിടെയായിരുന്നു പോലീസുകാർക്ക് നേരെ ആക്രമണം ഉണ്ടായത്. അക്രമി ഉദ്യോഗസ്ഥരുടെ മുഖത്ത് ചവിട്ടുകയും അടിയ്ക്കുകയും തുപ്പുകയും ചെയ്തു. നാല് പോലീസുകാർക്കായിരുന്നു ഇതിൽ പരിക്കേറ്റത്.
ശനിയാഴ്ച രാത്രി 17 കാരിയായ പെൺകുട്ടിയാണ് പോലീസിനെ ആക്രമിച്ചത്. യുവാവിനെ ഇവർ ആക്രമിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയതായിരുന്നു പോലീസ് സംഘം. അക്രമാസക്തയായ പെൺകുട്ടി പിടികൂടാനുള്ള ശ്രമത്തിനിടെ പോലീസുകാരെ മർദ്ദിക്കുകയായിരുന്നു.

