- ലോകത്തിലെ ഏറ്റവും മലിനമായ രാജ്യം; നാണക്കേടിന്റെ റെക്കോർഡുകൾ അലങ്കാരമാക്കി പാകിസ്താൻ, രണ്ടാം സ്ഥാനം ബംഗ്ലാദേശിന്
- അയർലൻഡ് തണുക്കുന്നു; ഇന്ന് മഴ
- കുടിയേറ്റ തൊഴിലാളികളുടെ അവകാശങ്ങൾ ലംഘിക്കപ്പെടുന്നു; റിപ്പോർട്ട് പുറത്ത്
- പമ്പുകൾക്ക് മുന്നിൽ നീണ്ട ക്യൂകൾ; ടാങ്കറുകൾ ആക്രമണ ഭീഷണിയിൽ; ഇന്ധന പ്രതിസന്ധിയിൽ വലഞ്ഞ് ബംഗ്ലാദേശ്
- എല്ലാ കാര്യത്തിലും പാലിക്കേണ്ട ചില മര്യാദകൾ ഉണ്ട് ; അത് പാലിച്ചില്ലെങ്കിൽ, പ്രതികരണം അതനുസരിച്ചായിരിക്കും ; പിണറായി വിജയൻ
- ‘ തെറ്റ് എന്റെ ഭാഗത്താണ് , ഞാൻ അങ്ങനെ പറയാൻ പാടില്ലായിരുന്നു ‘ ; ഇതാണ് മുഖ്യമന്ത്രിയോട് ചോദ്യമുന്നയിക്കാൻ ശ്രമിച്ച ദാസ് പി ജോർജ്
- മോർട്ട്ഗേജ് സ്വിച്ചിംഗ്; പുതിയ മാറ്റങ്ങളുമായി സെൻട്രൽ ബാങ്ക്
- ശബ്ദം എങ്ങനെ ക്ലോൺ ചെയ്യാമെന്ന് പഠിപ്പിക്കുന്ന വീഡിയോ യൂട്യൂബിൽ : മോഹൻലാലിന്റെ കേസ് പരിഗണിച്ച് കോടതി
Author: sreejithakvijayan
ഡബ്ലിൻ: ഡബ്ലിനിൽ നടന്ന പലസ്തീൻ അനുകൂല പരിപാടിയിൽ പങ്കെടുത്തത് പതിനായിരങ്ങൾ. പലസ്തീനിനോടുള്ള ആഗോള ഐക്യദാർഢ്യ ദിനത്തിന്റെ ഭാഗമായി നടന്ന പരിപാടിയിലാണ് നിരവധി പേർ പങ്കുകൊണ്ടത്. പലസ്തീൻ വിഭജന പദ്ധതി ഐക്യരാഷ്ട്രസഭ അംഗീകരിച്ച് 78 വർഷം തികയുന്ന വേളയിൽ കൂടിയാണ് പരിപാടി സംഘടിപ്പിച്ചത്. ഗാർഡൻ ഓഫ് റിമെമ്പറൻസിൽ നിന്നുമാണ് പരിപാടി ആരംഭിച്ചത്. ലെയിൻസ്റ്റർ ഹൗസിലേക്കായിരുന്നു മാർച്ച്. 170 ലധികം സംഘടനകൾ പരിപാടിയുടെ ഭാഗമായി. ലെയ്ൻസ്റ്റർ ഹൗസിന് മുൻപിൽ സമ്മേളിച്ച പരിപാടിയിൽ നിരവധി പേർ സംസാരിച്ചു. പീപ്പിൾ ബിഫോർ പ്രോഫിറ്റ് ടിഡി ലിയാം കണ്ണിംഗ്ഹാമും പരിപാടിയുടെ ഭാഗമായി പ്രസംഗിച്ചു.
മീത്ത്: കൗണ്ടി മീത്ത് തീരത്ത് മത്സ്യബന്ധന ബോട്ട് മുങ്ങി. ബോട്ടിൽ ഉണ്ടായ രണ്ട് പേരെ കോസ്റ്റ്ഗാർഡ് ഉദ്യോഗസ്ഥർ രക്ഷിച്ചു. ഇന്നലെ വൈകീട്ട് ബെറ്റിസ്ടൗൺ ഭാഗത്ത് ആയിരുന്നു സംഭവം. രക്ഷപ്പെട്ട രണ്ട് പേർക്കും അടിയന്തിര വൈദ്യസഹായം നൽകിയിട്ടുണ്ട്. വൈകുന്നേരമാണ് ബോട്ട് മുങ്ങിയതായുള്ള വിവരം കോസ്റ്റ്ഗാർഡിന് ലഭിച്ചത്. ഉടനെ രക്ഷാപ്രവർത്തം ആരംഭിക്കുകയായിരുന്നു. ക്ലോഗെർഹെഡിൽ നിന്നുള്ള സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ച ബോട്ട് ഓറിയെൽ തുറമുഖത്ത് എത്തിച്ചിട്ടുണ്ട്.
ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിനെ ആശങ്കയിലാഴ്ത്തി കന്നുകാലികൾക്കിടയിൽ ബ്ലൂടങ്ക് വൈറസ് ബാധ. കൗണ്ടി ഡൗണിൽ പശുക്കൾക്ക് രോഗം സ്ഥിരീകരിച്ചതായി അധികൃതർ അറിയിച്ചു. ബാംഗോറിൽ രണ്ട് പശുക്കളിലാണ് രോഗബാധ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. രോഗബാധ സ്ഥിരീകരിച്ച പ്രദേശത്തിന് 20 കിലോ മീറ്റർ ചുറ്റളവിൽ ഇറച്ചി വിൽപ്പനയും നിരോധിച്ചിട്ടുണ്ട്. സ്‌റ്റോർമോണ്ടിന്റെ കൃഷി മന്ത്രി ആൻഡ്രൂ മുയിർ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. രോഗം നിയന്ത്രിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. സാധാരണയായി വേനൽക്കാലത്താണ് മൃഗങ്ങളിൽ രോഗബാധ കാണാറുള്ളത്. ഒരു പ്രത്യേക തരം ഈച്ചയിൽ നിന്നാണ് ഈ രോഗം ബാധിക്കുന്നത്. ഇവ കടിക്കുന്നതിലൂടെ രോഗാണുക്കൾ മൃഗങ്ങളിൽ എത്തും. പശു, ആട്, മാൻ പോലുള്ള മൃഗങ്ങളിൽ രോഗം കണ്ടുവരാറുണ്ട്.
ക്ലെയർ: കൗണ്ടി ക്ലെയറിൽ കഞ്ചാവ് പിടികൂടി പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. 30 വയസ്സുള്ള യുവാവാണ് അറസ്റ്റിലായത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. 1,15,000 യൂറോ വിലവരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. പ്രദേശത്തെ വീടുകളിൽ രഹസ്യമായി കഞ്ചാവ് വിൽപ്പന നടത്തുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധനയ്ക്ക് എത്തിയതായിരുന്നു പോലീസ്. പരിശോധനയിൽ 5 കിലോ കഞ്ചാവ് പിടിച്ചെടുത്തു. ഇതിന് വിപണിയിൽ 1 ലക്ഷം യൂറോ വിലവരുമെന്ന് പോലീസ് വ്യക്തമാക്കി. ഇതിന് പിന്നാലെ മറ്റൊരു വീട്ടിൽ കൂടി പരിശോധന നടത്തുകയായിരുന്നു. ഇവിടെ നിന്നും 15,000 യൂറോയുടെ കഞ്ചാവും പിടിച്ചെടുത്തു.
ഡബ്ലിൻ: അയർലൻഡിൽ അതിശക്തമായ മഴ. ഇതേ തുടർന്ന് രണ്ട് കൗണ്ടികളിൽ യെല്ലോ വാണിംഗ് ഏർപ്പെടുത്തി. ഇന്നലെ ഉച്ച മുതൽ പ്രാബല്യത്തിൽവന്ന വാണിംഗ് ഇന്ന് രാവിലെ ഒൻപത് മണിയ്ക്ക് അവസാനിക്കും. കോർക്ക്, കെറി എന്നീ കൗണ്ടികളിലാണ് യെല്ലോ വാണിംഗ് ഉള്ളത്. ശക്തമായ മഴയെ തുടർന്ന് വെള്ളപ്പൊക്കത്തിന് ഉൾപ്പെടെ സാധ്യതയുണ്ടെന്ന് മെറ്റ് ഐറാൻ പ്രവചിക്കുന്നു. ശക്തമായ മഴ വാഹന യാത്രികർക്ക് കാഴ്ചയ്ക്ക് തടസ്സം സൃഷ്ടിച്ചേക്കാം.
ഡബ്ലിൻ: കുട്ടികൾക്കിടയിൽ സോഷ്യൽ മീഡിയ ഉപയോഗം വർധിക്കുന്ന സാഹചര്യത്തിൽ കടിഞ്ഞാണിടാൻ യൂറോപ്യൻ പാർലമെന്റ്. സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി 16 വയസ്സാക്കാനാണ് ഇയുവിന്റെ ആലോചന. ഇതിനായുള്ള നിയമ നിർമ്മാണം ഉൾപ്പെടെ യൂറോപ്യൻ പാർലമെന്റിന്റെ പരിഗണനയിൽ ഉണ്ട്. നിലവിൽ കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് ഓസ്‌ട്രേലിയയിൽ നിയന്ത്രണം ഉണ്ട്. ഈ നിയന്ത്രണം പിന്തുടരാനാണ് യൂറോപ്യൻ യൂണിയന്റെയും തീരുമാനം. ഇതേ തുടർന്നാണ് നിയമ നിർമ്മാണത്തെക്കുറിച്ചുള്ള ആലോചന.
ഡബ്ലിൻ: ഭർത്താവിന്റെ വിയോഗ വാർത്ത പങ്കുവച്ച് സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറും നടിയുമായ നിയാം കുള്ളൻ. സോഷ്യൽ മീഡിയ വഴിയായിരുന്നു താരം ദു:ഖവാർത്ത പങ്കുവച്ചത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് ആയിരുന്നു നിയാം കുള്ളന്റെയും ജാമി ഗില്ലിന്റെയും വിവാഹ വാർഷികം. കഴിഞ്ഞ ദിവസം ആയിരുന്നു അദ്ദേഹം അന്തരിച്ചത്. ഇരുവരുമൊന്നിച്ചുള്ള സുന്ദര നിമിഷങ്ങളുടെ വീഡിയോ നിയാം കുള്ളൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഇതോടൊപ്പം ആയിരുന്നു മരണ വാർത്തയും പങ്കുവച്ചത്. ‘ ഒരിക്കലും ചിന്തിക്കാൻ കഴിയാത്തത് സംഭവിച്ചു. ഞങ്ങളുടെ പേടി സ്വപ്നം. സുന്ദരനായ എന്റെ ഭർത്താവിനെ എന്നിൽ നിന്നും എടുത്തുകൊണ്ട് പോയി ‘ എന്നിങ്ങനെ ആയിരുന്നു നിയാം വീഡിയോയ്‌ക്കൊപ്പം കുറിച്ചത്. കഴിഞ്ഞ നവംബറിൽ ഇറ്റലിയിലെ ബോർഗോ ഡി ട്രാഗ്ലിയാറ്റയിലാണ് ഇരുവരും വിവാഹിതരായത്.
ബെൽഫാസ്റ്റ്: ഡെറിയിൽ പോലീസുകാരനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയ്‌ക്കെതിരെ നിരവധി കുറ്റങ്ങൾ ചുമത്തി കോടതി. 21 കാരനും കോളൻ ലൈൻ സ്വദേശിയുമായ ഇയോൺ കാർലിന് മേലാണ് കോടതി കുറ്റം ചുമത്തിയത്. ഇയോണിനെ ഡൺഗാനൻ മജിസ്‌ട്രേറ്റ് കോടതിയിൽ ഇന്ന് ഹാജരാക്കിയിരുന്നു. വ്യാഴാഴ്ച ആയിരുന്നു പ്രതി പോലീസുകാരനെ ആക്രമിച്ചത്. പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇയാൾ പോലീസുകാരന്റെ കാലിൽ കുത്തുകയായിരുന്നു. തുടർന്ന് നെഞ്ചിൽ കുത്താൻ ശ്രമിച്ചെങ്കിലും അത് പോലീസുകാരൻ തടഞ്ഞു. ഇതിനിടെ മറ്റ് പോലീസുകാർ ചേർന്ന് പ്രതിയെ പിടികൂടുകയായിരുന്നു. വധശ്രമം, പോലീസുകാരനെ ആക്രമിക്കൽ, ശാരീരിക ഉപദ്രവം ഏൽപ്പിക്കാൻ ലക്ഷ്യമിട്ടുള്ള മർദ്ദനം, പരിക്കേൽപ്പിക്കൽ, മുറിവേൽപ്പിക്കാൻ ശ്രമം, ആയുധം കൈവശം വയ്ക്കൽ, സി, ബി ക്ലാസുകളിൽപ്പെട്ട ലഹരി കൈവശം വയ്ക്കൽ എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
ഡബ്ലിൻ: അയർലൻഡിൽ ഭവന രഹിതരുടെ എണ്ണം റെക്കോർഡ് ഉയരത്തിൽ. പുതിയ കണക്കുകൾ പുറത്തുവരുമ്പോൾ വീടില്ലാത്തവരുടെ എണ്ണം 16,766 എന്ന നിലയിൽ എത്തി. ഭവന രഹിതരിൽ അയ്യായിരത്തിലധികം പേർ കുട്ടികളാണ്. ഭവന വകുപ്പാണ് പുതിയ വിവരങ്ങൾ പുറത്തുവിട്ടത്. ആകെ ഭവന രഹിതരിൽ 11,492 പേർ മുതിർന്നവരാണ്. 5,274 പേർ കുട്ടികളാണ്. സെപ്തംബറിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 152 പേർ പുതുതായി ഭവന രഹിതരുടെ പട്ടികയിൽ ഇടം നേടി. സെപ്തംബർ മാസത്തെ കണക്കുകൾ അനുസരിച്ച് 16,614 ഭവന രഹിതർ ആയിരുന്നു ഉണ്ടായിരുന്നത്. പുതുതായി ഭവന രഹിതരായവരുടെ പട്ടികയിൽ ഉൾപ്പെട്ടവരിൽ 36 പേർ കുട്ടികളാണ്. കഴിഞ്ഞ ഒക്ടോബർ മുതലുള്ള 12 മാസങ്ങളിൽ ഭവന രഹിതരുടെ എണ്ണത്തിൽ 12 ശതമാനത്തിന്റെ വർധനവ് ആണ് ഉണ്ടായിട്ടുള്ളത്.
ഡബ്ലിൻ: ലോംഗ് കോവിഡിനെ തുടർന്നുള്ള ആരോഗ്യപ്രശ്‌നങ്ങൾ പങ്കുവച്ച് മെഡിക്കൽ സയിന്റിസ്റ്റ് റബേക്ക ബ്രോണി. മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു റബേക്കയുടെ തുറന്നുപറച്ചിൽ. കോവിഡ് എന്റെ ജീവിതം തന്നെ ഇല്ലാതാക്കിയെന്ന് റബേക്ക പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷമായി ഇവർ കോവിഡിനെ തുടർന്നുള്ള ആരോഗ്യപ്രശ്‌നങ്ങൾ അനുഭവിച്ചുവരികയാണ്. ശരീരത്തെ ബാധിച്ച ക്ഷീണമാണ് പ്രധാന ആരോഗ്യപ്രശ്‌നം. ഇതൊരു പ്രത്യേകതരം ക്ഷീണമാണ്. എല്ലാവർക്കും ക്ഷീണം വരും. എനിക്കും ക്ഷീണം ഉണ്ടായിട്ടുണ്ട്. പക്ഷെ ഇപ്പോൾ ഉണ്ടാകുന്ന ക്ഷീണം അൽപ്പം വ്യത്യസ്തമാണ്. ശരീരം പ്രവർത്തിക്കുന്നതേ ഇല്ല. രണ്ട് വർഷത്തോളമായി ജോലിയ്ക്ക് പോകാൻ കഴിയാതെ വീട്ടിലിരുന്നു. എന്റെ ജീവിതം കോവിഡ് മാറ്റിമറിച്ചുവെന്നും റബേക്ക കൂട്ടിച്ചേർത്തു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
