ഡബ്ലിൻ: അടുത്തിടെയായി ലബുബു പാവകൾക്ക് വലിയ പ്രചാരമാണ് ലഭിക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ടതായി ഇത്തരം പാവകൾ മാറിയിരിക്കുന്നുവെന്നതാണ് വാസ്തവം. അതുകൊണ്ട് തന്നെ ഇത്തരം പാവകൾ ധാരാളമായി വിറ്റ് പോകുന്നുണ്ട്. ഇത് മുതലെടുത്തുകൊണ്ട് തന്നെ വ്യാജന്മാരും വിപണിയിൽ ഇടം നേടുന്നുണ്ട്.
അയർലൻഡിൽ വ്യാജ ലബുബു പാവകൾ വിൽപ്പന നടത്തുന്ന കടകൾക്കെതിരെ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കോമ്പറ്റീഷൻ ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ കമ്മീഷൻ. പോപ്പ് മാർട്ടാണ് യഥാർത്ഥ ലബുബു പാവകളുടെ നിർമ്മാതാക്കൾ. അതുകൊണ്ട് തന്നെ ഉപഭോക്താക്കൾ പോപ്പ് മാർട്ടിന്റെ ഉത്പന്നമാണ് വാങ്ങുന്നത് എന്നകാര്യം ഉറപ്പുവരുത്തണമെന്ന് സിസിപിസി മുന്നറിയിപ്പ് നൽകുന്നു. വ്യാജ ലബുബു പാവകൾ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് ഉൾപ്പെടെ കാരണമാകും.
മൂന്ന് പ്രദേശങ്ങളിലെ കടകളിൽ നിന്നും വ്യാജ ലബുബു പാവകൾ സിസിപിസി തിരിച്ചുവിളിച്ചിട്ടുണ്ട്. വെക്സ്ഫോർഡിലെ ഈസൻസ്, ഗോറി, എന്നിസ്കോർത്തി എന്നിവിടങ്ങളിലെ സ്റ്റോറുകളിൽ വിൽപ്പന നടത്തുന്ന പാവകളാണ് തിരിച്ചുവിളിച്ചത്.

