ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ 5 ജി ഫോൺ മാസ്റ്റുകൾക്കെതിരായ ആക്രണണങ്ങൾ തുടർക്കഥയാകുന്നു. വെള്ളിയാഴ്ചയും മാസ്റ്റിന് അക്രമി തീയിട്ടു. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. കഴിഞ്ഞ 48 മണിക്കൂറിനിടെ ബെൽഫാസ്റ്റിൽ ഉണ്ടാകുന്ന മൂന്നാമത്തെ ആക്രമണമാണ് ഇത്.
പടിഞ്ഞാറൻ ബെൽഫാസ്റ്റിലെ ഫാൾസ് റോഡിന് സമീപമുള്ള ബീച്ച്മൗണ്ട് അവന്യൂവിൽ സ്ഥാപിച്ചിരുന്ന മാസ്റ്റ് ആയിരുന്നു കത്തിനശിച്ചത്. അർദ്ധരാത്രി മാസ്റ്റിൽ നിന്നും തീ ഉയരുന്നത് കണ്ട പ്രദേശവാസികൾ വിവരം പോലീസിനെയും ഫയർഫോഴ്സിനെയും അറിയിക്കുകയായിരുന്നു.
ആക്രമണം ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ ശക്തമായി പ്രതികരിച്ച് കൗൺസിലർ സിയാറൻ ബീറ്റി രംഗത്ത് എത്തി. 5 ജി മാസ്റ്റുകൾക്ക് നേരെ നടക്കുന്ന തുടർച്ചയായ ആക്രമണങ്ങൾ അവസാനിപ്പിക്കണം. ഒരുപാട് വീടുകളെയും ബിസിനസ് സ്ഥാപനങ്ങളെയും അടിയന്തിര സേവനങ്ങളെയും ബന്ധിപ്പിക്കുന്നതാണ് 5 ജി മാസ്റ്റുകൾ. ഇതിനെതിരെ തുടരുന്ന ഒരു വിഭാഗത്തിന്റെ ക്യാമ്പെയ്ൻ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം 2023 മുതൽ കഴിഞ്ഞ ദിവസം വരെ 21 5 ജി ഫോൺ മാസ്റ്റുകളാണ് അക്രമികൾ നശിപ്പിച്ചത് എന്നാണ് കണക്കുകൾ.

