ദുബായ്: അണ്ടർ 19 ഏഷ്യാ കപ്പിലെ ഗ്രൂപ്പ് മത്സരത്തിൽ പാകിസ്താനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം. ദുബായിലെ ഐസിസി അക്കാഡമി ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 90 റൺസിനാണ് ഇന്ത്യ പാകിസ്താനെ തകർത്തത്. ടോസ് നഷ്ടമായി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 46.1 ഓവറിൽ 240 റൺസിന് പുറത്തായി. മറുപടി ബാറ്റിംഗിൽ 41.2 ഓവറിൽ 150 റൺസിൽ പാകിസ്താന്റെ പോരാട്ടം അവസാനിച്ചു.
സ്റ്റാർ ബാറ്റ്സ്മാൻ വൈഭവ് സൂര്യവംശി തിളങ്ങാതെ പോയ മത്സരത്തിൽ, ഹൈദരാബാദിന്റെ മലയാളി താരം ആരോൺ ജോർജ് ആണ് ഇന്ത്യയുടെ ടോപ് സ്കോറർ. ഏകദിനത്തിന് അനുയോജ്യമായ ക്ലാസ്സും ക്ഷമാശീലവും നിറഞ്ഞ പക്വമാർന്ന ഇന്നിംഗ്സ് കളിച്ച ആരോൺ 88 പന്തിൽ 12 ഫോറുകളും ഒരു സിക്സറും ഉൾപ്പെടെ 85 റൺസ് നേടി. അവസാന ഘട്ടത്തിൽ ആഞ്ഞടിച്ച കനിഷ്ക് ചൗഹാൻ 46 പന്തിൽ 46 റൺസ് നേടി. പാകിസ്താന് വേണ്ടി അബ്ദുൾ സുബ്ഹാൻ, മുഹമ്മദ് സയ്യാം എന്നിവർ 3 വിക്കറ്റുകൾ വീഴ്ത്തി.
മറുപടി ബാറ്റിംഗിൽ, മികച്ച പേസ്- സ്പിൻ ആക്രമണങ്ങൾ പുറത്തെടുത്ത ഇന്ത്യക്ക് മുന്നിൽ തുടക്കം മുതൽ പാകിസ്താൻ പതറി. 70 റൺസ് എടുത്ത ഹുസൈഫ അസ്ഹാൻ മാത്രമാണ് പാക് നിരയിൽ പൊരുതി നിന്നത്. ഹുസൈഫ ഉൾപ്പെടെ മൂന്ന് പാക് ബാറ്റ്സ്മാന്മാർ മാത്രമാണ് രണ്ടക്കം കടന്നത്. ഇന്ത്യക്ക് വേണ്ടി ദീപേഷ് ദേവേന്ദ്രൻ, കനിഷ്ക് ചൗഹാൻ എന്നിവർ 3 വിക്കറ്റുകൾ വീതം വീഴ്ത്തി. ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങിയ ചൗഹാൻ ആണ് പ്ലെയർ ഓഫ് ദ് മാച്ച്.
ആദ്യ മത്സരത്തിൽ യുഎഇയെ പരാജയപ്പെടുത്തിയ ഇന്ത്യ, തുടർച്ചയായ രണ്ടാം ജയത്തോടെ സെമിയിൽ കടന്നു.

