Author: sreejithakvijayan

ഡബ്ലിൻ: അയർലൻഡിലെ ഭവന പ്രതിസന്ധിയ്ക്ക് കാരണം കുടിയേറ്റമാണെന്ന വാദം തള്ളി വിദഗ്ധർ. കുടിയേറ്റവും ഭവന പ്രതിസന്ധിയും തമ്മിലുള്ള ബന്ധം കുടിയേറ്റവിരുദ്ധരുടെ വ്യാജ പ്രചാരണം ആണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വ്യക്തമായ കണക്കുകളുടെ അടിസ്ഥാനത്തിലാണ് വിദഗ്ധർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. ജനസംഖ്യയിലെ വർദ്ധനവ് വീടുകളുടെ ആവശ്യകത വർദ്ധിപ്പിക്കും. എന്നാൽ കുടിയേറ്റം മാത്രമാണ് അതിനുള്ള പ്രധാനകാരണം എന്ന് പറയാൻ കഴിയില്ല. കുടിയേറ്റം കുറയുന്നത് ഭവന നിർമ്മാണത്തിലെ സമ്മർദ്ദം കുറയ്ക്കുമെന്നകാര്യം വസ്തുതാപരമല്ല. നിർമ്മണ വ്യവസായത്തിലെ 20 ശതമാനം തൊഴിലാളികളും കുടിയേറ്റക്കാരാണെന്നാണ് തെളിവുകൾ വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ ഇവരുടെ എണ്ണം കുറയുന്നത് വീടുകളുടെ കൃത്യമായ വിതരണത്തെ തടസ്സപ്പെടുത്തുമെന്നും വിദഗ്ധർ വ്യക്തമാക്കുന്നു.

Read More

ഡബ്ലിൻ: ഡബ്ലിനിൽ കാണാതായ പെൺകുട്ടിയ്ക്കായി തിരച്ചിൽ തുടർന്ന് പോലീസ്. കുട്ടിയുടെ ആരോഗ്യാവസ്ഥയിൽ വലിയ ആശങ്കയാണ് പോലീസ് പങ്കുവയ്ക്കുന്നത്. പെൺകുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്നും പോലീസ് അറിയിച്ചു. ബുധനാഴ്ചയാണ് ഡബ്ലിൻ 9 ലെ സ്വോർഡ്‌സ് റോഡിൽ നിന്നും പെൺകുട്ടിയെ കാണാതെ ആയത്. 16 കാരിയായ ജെസിക ഫിലിപ്പാച്ചെയെ ആണ് കാണാതായത്. മൂന്ന് ദിവസമായി നീളുന്ന തിരച്ചിലിനൊടുവിലും പെൺകുട്ടിയെക്കുറിച്ച് യാതൊരു വിവരവും പോലീസിന് ലഭിച്ചിട്ടില്ല. കാണാതാകുമ്പോൾ കറുത്ത നിറത്തിലുള്ള ലെതർ ജാക്കറ്റും പിങ്ക് നിറത്തിലുള്ള ട്രാക്ക് സ്യൂട്ടുമാണ് ജെസിക ധരിച്ചിരുന്നത്. വെള്ള നിറത്തിലുള്ള ഷൂസും ധരിച്ചിരുന്നു. 5 അടി 3 ഇഞ്ചാണ് ജെസികയുടെ ഉയരം. കറുത്ത മുടിയും ബ്രൗൺ നിറത്തിലുള്ള കണ്ണുകളുമാണ് പെൺകുട്ടിയ്ക്കുള്ളത്.

Read More

ഗാൽവെ: ഗാൽവെയിൽ ശക്തമായ മഴയെ തുടർന്ന് സിനിമാ തിയറ്റർ തകർന്നു. നഗരത്തിലെ പ്രമുഖ തിയറ്റർ ആയ ഐ സിനിമയ്ക്കാണ് കേടുപാടുകൾ ഉണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വെൽപാർക്ക് റീട്ടെയ്ൽ പാർക്കിലാണ് ഐ സിനിമാസ് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ ദിവസം ഈ മേഖലയിൽ അതിശക്തമായ മഴ ലഭിച്ചിരുന്നു. ഇതിനിടെ തിയറ്ററിന്റെ മേൽക്കൂര തകർന്ന് താഴേയ്ക്ക് വീഴുകയായിരുന്നു. സംഭവ സമയം ഇവിടെ സിനിമ പ്രദർശിപ്പിക്കുന്നുണ്ടായിരുന്നു. എന്നാൽ അധികം ആളുകൾ ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. സ്‌ക്രീനിന് മുകളിലായുള്ള മേൽക്കൂരയാണ് തകർന്നത്. സംഭവ സമയം അവിടെയുണ്ടായിരുന്നവർ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ അറ്റകുറ്റപ്പണികൾക്കായി തിയറ്റർ അടച്ചു.

Read More

ഡബ്ലിൻ/ബെർലിൻ: ഐറിഷ് പൗരന്മാരെ പോലീസ് തല്ലിച്ചതച്ച സംഭവത്തിൽ ആശങ്ക അറിയിച്ച് ജർമ്മനിയിലെ ഐറിഷ് അംബാസിഡർ. പൗരന്മാർക്ക് ആവശ്യമായ നയതന്ത്ര സഹായം നൽകുമെന്നും ഐറിഷ് അംബാസിഡർ മേവ് കോളിൻസിന്റെ ഓഫീസ് അറിയിച്ചു. പലസ്തീൻ അനുകൂല പ്രകടനം നടത്തിയവരെയാണ് പോലീസ് ആക്രമിച്ചത്. വ്യാഴാഴ്ച ആയിരുന്നു സംഭവം. റോസെന്തലർ സ്ട്രീറ്റിൽ ആയിരുന്നു പലസ്തീൻ അനുകൂലികൾ പ്രകടനം നടത്തിയത്. ഇതിനിടെ പോലീസ് ഇവരെ കായികമായി നേരിടുകയായിരുന്നു. ആക്രമണത്തിൽ ഐറിഷ് പൗരനായ കിറ്റി ഒബ്രിയാനെ മുഖത്ത് അടിയ്ക്കുകയും വലിച്ച് ഇഴയ്ക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതോടെയാണ് ഐറിഷ് അംബാസിഡർ അധികൃതരെ ആശങ്ക അറിയിച്ചത്.

Read More

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ പൊതുസ്ഥലത്ത് നിന്നും പൈപ്പ് ബോംബ് കണ്ടെത്തി. ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു സംഭവം. ബോംബ് സ്‌ക്വാഡും പോലീസും ചേർന്ന് നിയന്ത്രിത സ്‌ഫോടനത്തിലൂടെ ബോംബ് നിർവ്വീര്യമാക്കി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡൺമുറിയിലെ ഗാർഡൻമോർ വാക്ക് പ്രദേശത്ത് ആയിരുന്നു സംഭവം. പ്രദേശവാസികൾ ആണ് വിവരം പോലീസിനെ അറിയിച്ചത്. പോലീസ് എത്തി ഉടനെ സമീപവാസികളെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി. ഇതിന് പിന്നാലെ നിയന്ത്രിത സ്‌ഫോടനത്തിലൂടെ സ്‌ഫോടക വസ്തു നിർവ്വീര്യമാക്കുകയായിരുന്നു. സ്‌ഫോടക വസ്തുവിന്റെ അവശിഷ്ടങ്ങൾ പോലീസ് വിശദമായ ഫോറൻസിക് പരിശോധനയ്ക്കായി കൊണ്ടുപോയി.

Read More

ഡബ്ലിൻ: ഗാസ വിഷയത്തിൽ യൂറോപ്യൻ യൂണിയൻ വ്യക്തമായ നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അയർലൻഡ് ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ സൈമൺ ഹാരിസ്. അല്ലാത്തപക്ഷം ഇയുവിന് മേലുള്ള വിശ്വാസ്യത നഷ്ടമാകുമെന്നും അദ്ദേഹം പറഞ്ഞു. കോപ്പൻഹേഗനിലെ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാസയിലെ ഇസ്രായേലിന്റെ സൈനിക നടപടിയും പട്ടിണിയും ചർച്ച ചെയ്യണം. ഉടമ്പടികൾ ലംഘിച്ചിട്ടുണ്ടെങ്കിൽ ഇസ്രായേലിന് ഉപരോധം ഏർപ്പെടുത്തണം. നിലവിൽ ഇയുവിന്റെ വിശ്വാസ്യാത ചോദ്യചിഹ്നമായി മാറിയിരിക്കുകയാണ്. ഗാസയിലെ നരഹത്യയിൽ കൃത്യമായ നിലപാട് സ്വീകരിക്കുന്നതിലൂടെ മാത്രമേ ഇതിനൊരു പരിഹാരം ആകുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

Read More

കോർക്ക്: വാട്ടർഫോർഡ് തീരത്ത് നിന്നും മൃതദേഹാവശിഷ്ടം ലഭിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. കഴിഞ്ഞ ഏപ്രിലിൽ ബോട്ടിൽ നിന്നും വീണ് കാണാതായ ആളുടെ മൃതദേഹം ആണ് ലഭിച്ചതെന്നാണ് ഐറിഷ് കോസ്റ്റ് ഗാർഡ് വ്യക്തമാക്കുന്നത്. ഇയാൾക്ക് ഏകദേശം 50 വയസ്സിന് അടുത്ത് പ്രായം വരുമെന്നും കോസ്റ്റ്ഗാർഡ് വ്യക്തമാക്കുന്നു. കഴിഞ്ഞ ഏപ്രിൽ 20 ന് സഹായം അഭ്യർത്ഥിച്ചുകൊണ്ടുള്ള സന്ദേശം ലഭിച്ചിരുന്നു. ഇതേ തുടർന്ന് രണ്ട് ദിവസം അദ്ദേഹത്തിന് വേണ്ടി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ്  ഐറിഷ് കോസ്റ്റ്ഗാർഡ് നൽകുന്ന വിവരം. അതേസമയം ഡിഎൻഎ പരിശോധനയ്ക്ക് ശേഷം മാത്രമേ ഐറിഷ് കോസ്റ്റ്ഗാർഡിന്റെ നിഗമനം ഉറപ്പിക്കാൻ സാധിക്കുകയുളളു. ഇതിനായുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.

Read More

ഡബ്ലിൻ: അയർലൻഡിൽ നിന്നുള്ള ഇത്തിഹാദ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് വൈകിയതായി റിപ്പോർട്ട്. ഡബ്ലിൻ വിമാനത്താവളത്തിൽ നിന്നും അബുദാബിയിലേക്ക് പോകാനൊരുങ്ങിയ വിമാനമാണ് സാങ്കേതിക തകരാറിനെ തുടർന്ന് മണിക്കൂറുകൾ വൈകിയത്. സംഭവം യാത്രികർക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചു. ഇന്നലെ രാവിലെ 9.05 ന് പുറപ്പെടാനിരുന്ന ഇവൈ 46 വിമാനത്തിന് ആയിരുന്നു സാങ്കേതിക തകരാർ അനുഭവപ്പെട്ടത്. വിമാനം പുറപ്പെടാനായി റൺവേയിൽ പ്രവേശിച്ചതിന് പിന്നാലെ ആയിരുന്നു തകരാർ കണ്ടെത്തിയത്. ഇതോടെ പൈലറ്റുമാർ വിവരം ബന്ധപ്പെട്ടവരെ അറിയിക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ എത്തി റൺവേയിൽവച്ച് തന്നെയായിരുന്നു പരിശോധനകൾ നടത്തിയത്. ഈ നേരമത്രയും കുട്ടികൾ ഉൾപ്പെടെ വെള്ളം പോലും ലഭിക്കാതെ ബുദ്ധിമുട്ടിലായി. മൂന്ന് മണിക്കൂറിലധികം സമയമാണ് സാങ്കേതിക തകരാർ പരിഹരിക്കാൻ എടുത്തത്. ഇതിന് ശേഷം ഇതേ വിമാനം അബുദാബിയിൽ എത്തിയെങ്കിലും പലർക്കും കണക്ടിംഗ് ഫ്‌ളൈറ്റുകൾ നഷ്ടമായി.

Read More

ഡബ്ലിൻ: അയർലൻഡിൽ ഇന്നും നാളെയും മഴയും വെയിലും ഇടകലർന്ന അസ്ഥിര കാലാവസ്ഥ. മഴയ്‌ക്കൊപ്പം ശക്തമായ ഇടിമിന്നലിന് സാദ്ധ്യതയുണ്ടെന്നും മെറ്റ് ഐറാൻ പ്രവചിക്കുന്നു. നാളെയോടെ രാജ്യത്ത് മഴ കൂടുതൽ ശക്തമാകും. ഇന്ന് രാവിലെ വടക്കൻ മേഖലയിൽ വ്യാപക മഴ ലഭിക്കും. ഉച്ചയ്ക്ക് ശേഷം മഴ ശക്തിപ്രാപിക്കുകയും ചിലയിടങ്ങളിൽ ഇത് വെള്ളപ്പൊക്കത്തിന് കാരണമാകുകയും ചെയ്യും. ശക്തമായ ഇടിമിന്നലിന് സാദ്ധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. ഇന്ന് ഉച്ചവരെ വെയിലുള്ള കാലാവസ്ഥ അനുഭവപ്പെടും. ഞായറാഴ്ച അതിശക്തമായ മഴയാണ് ലഭിക്കുക. മഴയ്‌ക്കൊപ്പം ഇടിമിന്നലും ഉണ്ടാകും. നാളെയുടനീളം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

Read More

പോർട്ട്-ഔ-പ്രിൻസ്: ഹെയ്തിയിലെ അനാഥാലയത്തിൽ നിന്നും തട്ടിക്കൊണ്ട് പോയ ഐറിഷ് വനിതയും സംഘവും ആശുപത്രിയിൽ ചികിത്സയിൽ. അവശതയുൾപ്പെടെ വിവിധ ആരോഗ്യപ്രശ്‌നങ്ങൾ നേരിട്ടതിനെ തുടർന്നാണ്  ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവരിൽ ആരുടെയും നില ഗുരുതരമല്ല. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു മയോ സ്വദേശിനിയായ ജെന ഹെരാട്ടിയും മൂന്ന് വയസ്സുള്ള കുട്ടിയും ജീവനക്കാരും മോചിതരായത്. ആഴ്ചകളോളം ശരിയായ രീതിയിൽ ഭക്ഷണമോ വെള്ളമോ ഇവർക്ക് ലഭിച്ചിരുന്നില്ല. ഇത് പോഷകാഹാരക്കുറവ്, നിർജ്ജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങൾ ഇവരിൽ ഉണ്ടാക്കി. ഇതോടെയാണ് ഇവരെ അധികൃതർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിന് പുറമേ പലർക്കും സംഭവം വലിയ മാനസിക ബുദ്ധിമുട്ട് സൃഷ്ടിച്ചിട്ടുണ്ട്. ഈ മാസം മൂന്നിനായിരുന്നു അനാഥാലയത്തിൽ നിന്നും ഹെരാട്ടിയെയും സംഘത്തെയും തട്ടിക്കൊണ്ട് പോയത്. 27 ദിവസത്തോളം നീണ്ട തടവിന് ശേഷമാണ് ഇവർ മോചിതരായത്.

Read More