പോർട്ട്-ഔ-പ്രിൻസ്: ഹെയ്തിയിലെ അനാഥാലയത്തിൽ നിന്നും തട്ടിക്കൊണ്ട് പോയ ഐറിഷ് വനിതയും സംഘവും ആശുപത്രിയിൽ ചികിത്സയിൽ. അവശതയുൾപ്പെടെ വിവിധ ആരോഗ്യപ്രശ്നങ്ങൾ നേരിട്ടതിനെ തുടർന്നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവരിൽ ആരുടെയും നില ഗുരുതരമല്ല.
വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു മയോ സ്വദേശിനിയായ ജെന ഹെരാട്ടിയും മൂന്ന് വയസ്സുള്ള കുട്ടിയും ജീവനക്കാരും മോചിതരായത്. ആഴ്ചകളോളം ശരിയായ രീതിയിൽ ഭക്ഷണമോ വെള്ളമോ ഇവർക്ക് ലഭിച്ചിരുന്നില്ല. ഇത് പോഷകാഹാരക്കുറവ്, നിർജ്ജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഇവരിൽ ഉണ്ടാക്കി. ഇതോടെയാണ് ഇവരെ അധികൃതർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിന് പുറമേ പലർക്കും സംഭവം വലിയ മാനസിക ബുദ്ധിമുട്ട് സൃഷ്ടിച്ചിട്ടുണ്ട്.
ഈ മാസം മൂന്നിനായിരുന്നു അനാഥാലയത്തിൽ നിന്നും ഹെരാട്ടിയെയും സംഘത്തെയും തട്ടിക്കൊണ്ട് പോയത്. 27 ദിവസത്തോളം നീണ്ട തടവിന് ശേഷമാണ് ഇവർ മോചിതരായത്.

