ഗാൽവെ: ഗാൽവെയിൽ ശക്തമായ മഴയെ തുടർന്ന് സിനിമാ തിയറ്റർ തകർന്നു. നഗരത്തിലെ പ്രമുഖ തിയറ്റർ ആയ ഐ സിനിമയ്ക്കാണ് കേടുപാടുകൾ ഉണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വെൽപാർക്ക് റീട്ടെയ്ൽ പാർക്കിലാണ് ഐ സിനിമാസ് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ ദിവസം ഈ മേഖലയിൽ അതിശക്തമായ മഴ ലഭിച്ചിരുന്നു. ഇതിനിടെ തിയറ്ററിന്റെ മേൽക്കൂര തകർന്ന് താഴേയ്ക്ക് വീഴുകയായിരുന്നു. സംഭവ സമയം ഇവിടെ സിനിമ പ്രദർശിപ്പിക്കുന്നുണ്ടായിരുന്നു. എന്നാൽ അധികം ആളുകൾ ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. സ്ക്രീനിന് മുകളിലായുള്ള മേൽക്കൂരയാണ് തകർന്നത്. സംഭവ സമയം അവിടെയുണ്ടായിരുന്നവർ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ അറ്റകുറ്റപ്പണികൾക്കായി തിയറ്റർ അടച്ചു.

