ഡബ്ലിൻ: അയർലൻഡിൽ നിന്നുള്ള ഇത്തിഹാദ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് വൈകിയതായി റിപ്പോർട്ട്. ഡബ്ലിൻ വിമാനത്താവളത്തിൽ നിന്നും അബുദാബിയിലേക്ക് പോകാനൊരുങ്ങിയ വിമാനമാണ് സാങ്കേതിക തകരാറിനെ തുടർന്ന് മണിക്കൂറുകൾ വൈകിയത്. സംഭവം യാത്രികർക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചു.
ഇന്നലെ രാവിലെ 9.05 ന് പുറപ്പെടാനിരുന്ന ഇവൈ 46 വിമാനത്തിന് ആയിരുന്നു സാങ്കേതിക തകരാർ അനുഭവപ്പെട്ടത്. വിമാനം പുറപ്പെടാനായി റൺവേയിൽ പ്രവേശിച്ചതിന് പിന്നാലെ ആയിരുന്നു തകരാർ കണ്ടെത്തിയത്. ഇതോടെ പൈലറ്റുമാർ വിവരം ബന്ധപ്പെട്ടവരെ അറിയിക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ എത്തി റൺവേയിൽവച്ച് തന്നെയായിരുന്നു പരിശോധനകൾ നടത്തിയത്. ഈ നേരമത്രയും കുട്ടികൾ ഉൾപ്പെടെ വെള്ളം പോലും ലഭിക്കാതെ ബുദ്ധിമുട്ടിലായി.
മൂന്ന് മണിക്കൂറിലധികം സമയമാണ് സാങ്കേതിക തകരാർ പരിഹരിക്കാൻ എടുത്തത്. ഇതിന് ശേഷം ഇതേ വിമാനം അബുദാബിയിൽ എത്തിയെങ്കിലും പലർക്കും കണക്ടിംഗ് ഫ്ളൈറ്റുകൾ നഷ്ടമായി.

