Author: sreejithakvijayan

കോർക്ക്: കൗണ്ടി കോർക്കിൽ കാർ പുഴയിലേക്ക് മറിഞ്ഞ് മലയാളി യുവാവിന് ദാരുണാന്ത്യം. ഇടുക്കി സ്വദേശി ജോയ്‌സ് വിലങ്ങുപാറ(34) ആണ് മരിച്ചത്. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ ആയിരുന്നു സംഭവം. യോൾ ബാലിനയിലാണ് ജോയ്‌സ് താമസിക്കുന്നത്. ഏറെ വൈകിയും വീട്ടിൽ എത്താത്തതിനെ തുടർന്ന് ഭാര്യ ജോയ്‌സിന്റെ സുഹൃത്തുക്കളെ വിവരം അറിയിക്കുകയായിരുന്നു. ഇവർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് കോൺന റോഡിന് സമീപമുള്ള ബ്രൈഡ് നദിയിൽ കാറ് കണ്ടത്. മിഡിൽടണിനടുത്തുള്ള ബാലൻകൂറിംഗ് നഴ്‌സിംഗ് കെയർ ഹോമിലെ ജീവനക്കാരനാണ് ജോയ്‌സ്. ജോലി കഴിഞ്ഞ് മടങ്ങും വഴി കാർ തെന്നി അപകടം സംഭവിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

Read More

അർമാഗ്: കൗണ്ടി അർമാഗിൽ ലഹരിവേട്ട. അഞ്ച് ലക്ഷം പൗണ്ട് വിലയുള്ള ലഹരിവസ്തുക്കൾ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നോർത്ത്‌വേ ഭാഗത്ത് നടത്തിയ പരിശോധനയിൽ ആയിരുന്നു സംഭവം. ക്രിസ്തുമസിനോട് അനുബന്ധിച്ചായിരുന്നു പരിശോധന. വരും ദിവസങ്ങളിലും കൂടുതൽ പരിശോധന തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

Read More

മയോ: കൗണ്ടി മയോയിൽ മക്കളെ പീഡിപ്പിച്ച മാതാപിതാക്കളെ ജയിലിൽ അടച്ചു. 50 വയസ്സുകാരനായ പിതാവിനും 40 വയസ്സുള്ള മാതാവിനും ആണ് കോടതി ശിക്ഷവിധിച്ചത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ആറ് മക്കളെയും ഇരുവരും ചേർന്ന് ശാരീരിക വൈകാരിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. സംഭവത്തിൽ 50 കാരന് അഞ്ചര വർഷത്തെ ജയിൽ ശിക്ഷയും അമ്മയ്ക്ക് മൂന്ന് വർഷത്തെ ജയിൽ ശിക്ഷയുമാണ് വിധിച്ചത്. 1 മുതൽ 17 വയസ്സുവരെയുള്ള മക്കളാണ് ഇവർക്കുള്ളത്. നിരന്തര പീഡനത്തെ തുടർന്ന് സഹികെട്ട കുട്ടികൾ വിവരം പുറത്തറിയിക്കുകയായിരുന്നു. മയോയിലെ കാസിൽബാർ സർക്യൂട്ട് കോടതിയാണ് രക്ഷിതാക്കൾക്ക് ശിക്ഷ വിധിച്ചത്.

Read More

ഡബ്ലിൻ: ക്രിസ്തുമസ് ദിനത്തിൽ നടത്താനിരുന്ന സമരത്തിൽ നിന്നും പിന്മാറി കെയർഡോക്കിലെ ജീവനക്കാർ. മാനേജ്‌മെന്റുമായുളള ചർച്ചയ്ക്ക് പിന്നാലെയാണ് തീരുമാനം. മാനേജ്‌മെന്റ് മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ ജീവനക്കാർ സ്വീകരിച്ചതായാണ് സൂചന. വേതനത്തിന്റെ പേരിലാണ് കെയർഡോക്കിൽ ജീവനക്കാർ പ്രതിഷേധിക്കുന്നത്. വ്യാഴാഴ്ച എസ്‌ഐപിടിയു, ഐറിഷ് നഴ്‌സസ് ആൻഡ് മിഡ് വൈവ്‌സ് ഓർഗനൈസേഷൻ എന്നിവയിലെ അംഗങ്ങൾ 24 മണിക്കൂർ നീണ്ട സമരം സംഘടിപ്പിച്ചിരുന്നു. ഇതിന് ശേഷം സമരവുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനം എന്നായിരുന്നു പ്രതിഷേധക്കാർ പറഞ്ഞത്. എന്നാൽ മാനേജ്‌മെന്റ് ചർച്ചയ്ക്കായി സമീപിക്കുകയായിരുന്നു.

Read More

ഡബ്ലിൻ: ഐറിഷ് മലയാളി രാജൻ ദേവസ്യ അയർലൻഡിലെ പീസ് കമ്മീഷണർ. മന്ത്രി നയിൽ കോളിൻസാണ് ഇത് സംബന്ധിച്ച നിയമ ഉത്തരവ് പുറത്തിറക്കിയത്. ഡബ്ലിനും ഡബ്ലിന് സമീപമുള്ള പ്രദേശങ്ങളും അദ്ദേഹത്തിന്റെ പ്രവർത്തന മേഖലയാണ്. എഴുത്തുകാരൻ സാമൂഹ്യ പ്രവർത്തകൻ എന്നീ നിലകളിലും രാജൻ ദേവസ്യ പ്രശസ്തനാണ്. ഡബ്ലിനിലെ സെന്റ് ജെയിംസ് ഹോസ്പിറ്റലിലെ സിഎസ്എസ്ഡി വിഭാഗത്തിലെ ജീവനക്കാരൻ ആയിരുന്നു അദ്ദേഹം. ജോലിയിൽ നിന്നും വിരമിച്ച ശേഷം പൊതുപ്രവർത്തനങ്ങളിൽ സജീവം ആകുകയായിരുന്നു. മലയാളം എന്ന സാംസ്‌കാരിക സംഘടനയുടെ സെക്രട്ടറിയാണ് രാജൻ ദേവസ്യ.

Read More

ഡബ്ലിൻ: ഫ്‌ളൂ പടരുന്ന പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി അയർലൻഡിലെ ആശുപത്രികൾ. പല ആശുപത്രികളും ഒരു സന്ദർശകന് മാത്രമാണ് പ്രവേശന അനുമതി നൽകുന്നത്. ഫ്‌ളൂ രോഗബാധ കൂടുതൽ വ്യാപിക്കുന്നത് തടയുക ലക്ഷ്യമിട്ടാണ്  നിയന്ത്രണം. കഴിഞ്ഞ ആഴ്ചത്തെ കണക്കുകൾ പരിശോധിച്ചാൽ 410 പനി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുൻപിലെ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ പനി കേസുകളുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം ഇതേകാലയളവിൽ 171 പേർക്ക് കോവിഡും സ്ഥിരീകരിച്ചു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ആശുപത്രികൾ കർശന നിയന്ത്രണം ഏർപ്പെടുത്തിയത്.

Read More

ടിപ്പററി: കൗണ്ടി ടിപ്പററിയിൽ യുവാവിന് നേരെ ആക്രമണം. സംഭവത്തിൽ 20 കാരന് പരിക്കേറ്റു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. ആബി സ്ട്രീറ്റിനും ബറാക്ക് സ്ട്രീറ്റിനും ഇടയിൽവച്ചായിരുന്നു യുവാവിന് നേരെ ആക്രമണം ഉണ്ടായത്. പോലീസാണ് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. ഇപ്പോഴും യുവാവിന്റെ നില ഗുരുതരമായി തുടരുകയാണ്. സംഭവ സ്ഥലത്ത് പോലീസ് സാങ്കേതിക പരിശോധന നടത്തി.

Read More

ബെൽഫാസ്റ്റ്: നോർത്ത് ബെൽഫാസ്റ്റിൽ വീടിന് നേരെ വെടിവയ്പ്പ്. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. വുഡ് വേൽ അവന്യൂവിലെ വീടിന് നേരെയായിരുന്നു വെടിവയ്പ്പ് ഉണ്ടായത്. ആക്രമണത്തിൽ ആർക്കും പരിക്കില്ല. രാത്രി 9.20 ഓടെയായിരുന്നു സംഭവം. നാല് തവണയാണ് വീടിന് നേരെ വെടിയുതിർത്തത്. സംഭവ സമയം വീടിനുള്ളിൽ ആളുകൾ ഉണ്ടായിരുന്നു. വെടിവയ്പ്പിൽ വീടുകളുടെ ജനാലകൾ തകർന്നിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Read More

ടിപ്പററി: ടിപ്പററിയിൽ കൗമാരക്കാരായ പെൺകുട്ടികളെ കാണാതായി. 15 വയസ്സുള്ള ജൂലിയ ലാസ്‌കോവ്‌സ്‌ക, 13 വയസ്സുള്ള സാഡി നല്ലി എന്നിവരെയാണ് കാണാതെ ആയത്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. വ്യാഴാഴ്ച മുതലാണ് ഇവരെ കാണാതെ ആയത്. ടിപ്പറി ടൗണിൽ എത്തിയ ഇവരെക്കുറിച്ച് പിന്നീട് യാതൊരു വിവരം ലഭിച്ചില്ലെന്നാണ് ബന്ധുക്കൾ വ്യക്തമാക്കുന്നത്. ജൂലിയയ്ക്ക് അഞ്ചടി നാല് ഇഞ്ച് ഉയരം ഉണ്ട്. ബ്രൗൺ നിറത്തിലുള്ള മുടിയും പച്ച നിറത്തിലുള്ള കണ്ണുകളുമാണ് ഉള്ളത്. അഞ്ചടിയാണ് സാഡി നല്ലിയുടെ ഉയരം. കറുത്ത നിറത്തിലുള്ള മുടിയിൽ ചുവന്ന കളർ അടിച്ചിട്ടുണ്ട്.

Read More

ഡബ്ലിൻ: അയർലൻഡിൽ വരും ദിവസങ്ങളിൽ താപനില കുറയും. ഈ വാരവും അടുത്ത വാരവും താപനിലയിൽ ഗണ്യമായ കുറവ് അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നത്. ക്രിസ്തുമസ് ദിനത്തിലും വലിയ തണുപ്പ് അനുഭവപ്പെടും. ഞായറാഴ്ച -2 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും താപനില അനുഭവപ്പെടുക. ഇന്ന് പൊതുവെ ആർദ്രമായ കാറ്റുള്ള കാലാവസ്ഥ അനുഭവപ്പെടും. നേരിയ തോതിൽ മഴയും ഉണ്ടാകും. ചിലപ്പോൾ മഴ ശക്തമാകാം.

Read More