കോഴിക്കോട്: മുൻ മന്ത്രിയും മുതിർന്ന മുസ്ലിം ലീഗ് നേതാവുമായ ഡോക്ടർ എം കെ മുനീറിന്റെ സാമ്പത്തിക ബാധ്യത തീർക്കാൻ ഇടപെട്ട് പാർട്ടി നേതൃത്വം. മുനീറിന്റെ വീടായ ക്രസന്റ് ഹൗസിന് മേൽ ഉണ്ടായിരുന്ന 49 ലക്ഷം രൂപയുടെ വായ്പ കുടിശ്ശിക ലീഗ് അടച്ച് തീർത്തു. ഇതോടെ വീടിന്റെ ജപ്തി ഭീഷണി ഒഴിവായി.
കിഴക്കേ നടക്കാവിലെ വീട് നവീകരണത്തിനായി ടൗൺ സർവീസ് സഹകരണ ബാങ്കിൽ നിന്ന് മുനീർ 35 ലക്ഷം രൂപയുടെ വായ്പയാണ് എടുത്തിരുന്നത്. തിരിച്ചടവ് മുടങ്ങിയതോടെ പലിശ ഉൾപ്പെടെ കുടിശ്ശിക 58 ലക്ഷം രൂപയായി. ഒരു തവണ വായ്പ പുതുക്കിയിരുന്നു. എന്നാൽ പിന്നീട് തിരിച്ചടവ് ഇല്ലാതെ വന്നതോടെ ബാങ്ക് നോട്ടീസുകൾ അയക്കുകയായിരുന്നു.
ജപ്തി നോട്ടീസ് വന്നതോടെ, വായ്പയിൽ ഇളവ് തേടി മുനീറിന്റെ കുടുംബം ബാങ്കിനെ സമീപിച്ചു. ഇതോടെ കുടിശ്ശിക 58 ലക്ഷത്തിൽ 49 ലക്ഷമായി കുറച്ചു. ഇത് അടയ്ക്കാനും സാധിക്കാതെ വന്നതോടെ, പാർട്ടിയിൽ നിന്നും സഹായം ആവശ്യപ്പെടാൻ പലരും ഉപദേശിച്ചു. എന്നാൽ, വ്യക്തിപരമായ കാര്യത്തിന് പാർട്ടിയെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ല എന്നതായിരുന്നു മുനീറിന്റെ നിലപാട്.
അതേസമയം മുനീറിന്റെ അവസ്ഥ മനസ്സിലാക്കിയ മുസ്ലിം ലീഗ് നേതൃത്വം സഹായഹസ്തവുമായി എത്തുകയായിരുന്നു. മുനീറിന്റെയും സി എച്ച് മുഹമ്മദ് കോയയുടെയും വീട് എന്ന നിലയിൽ ആ വീട് മുസ്ലിം ലീഗുകാരുടേത് കൂടിയാണ് എന്ന നേതാക്കളുടെ വൈകാരികമായ അഭിപ്രായം പാർട്ടി അംഗീകരിക്കുകയായിരുന്നു.

