Author: sreejithakvijayan

ബെൽഫാസ്റ്റ്: നോർതേൺ അയർലൻഡിലെ ജയിലിൽ തടവുകാരൻ മരിച്ച സംഭവത്തിൽ അന്വേഷണം. പോലീസ് കസ്റ്റഡിയിലിരിക്കെ മാഗബെറി ജയിലിൽ ഉണ്ടായ സംഭവത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. പ്രിസൺ ഓംബുഡ്‌സ്മാനാണ് കേസിൽ അന്വേഷണം നടത്തുക. കൊറോണറും അന്വേഷണം നടത്തുന്നുണ്ട്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ഇവിടെ വച്ച് തടവുപുള്ളി മരിച്ചത്. മരിക്കുമ്പോൾ തടവുകാരൻ ബാൻ ഹൗസ് കമ്മിറ്റൽ യൂണിറ്റിൽ ആയിരുന്നു. സംഭവത്തിൽ പോലീസിനെതിരെ വിമർശനം ഉയരുന്നുണ്ട്.

Read More

അർമാഗ്: കൗണ്ടി അർമാഗിലെ പോർട്ട്ടൗണിലെ ചിപ് ഷോപ്പ് അടച്ചു. തീപിടിത്തത്തിന് പിന്നാലെയാണ് കട അടച്ചിടുന്നത്. സംഭവത്തിൽ കടയ്ക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിരുന്നു. ഇന്നലെ പുലർച്ചെ ആയിരുന്നു ചിപ് ഷോപ്പിൽ തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിനുള്ളിൽ നിന്നും തീയും പുകയും ഉയരുന്നത് കണ്ടതോടെ വഴിയാത്രികർ അടിയന്തിര സേവനങ്ങളെ വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ രണ്ട് ഫയർ എൻജിനുകൾ സ്ഥലത്ത് എത്തി. എന്നാൽ അപ്പോഴേയ്ക്കും തീ കെട്ടിടം മുഴുവൻ വ്യാപിച്ചിരുന്നു.

Read More

ഡബ്ലിൻ: അയർലൻഡിനെ ലക്ഷ്യമിട്ട് ഉപ ഉഷ്ണമേഖലാ കൊടുങ്കാറ്റ്. കരേൻ എന്ന പേര് നൽകിയിരിക്കുന്ന കൊടുങ്കാറ്റ് അറ്റ്‌ലാൻഡിക് സമുദ്രത്തിൽ ശക്തിപ്രാപിക്കുന്നുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കുന്നത്. എന്നാൽ അയർലൻഡിനെ ഈ കാറ്റ് പ്രതികൂലമായി ബാധിക്കില്ല. അയർലൻഡിൽ തുടർച്ചയായി രൂപപ്പെടുന്ന ന്യൂനമർദ്ദം കരേൻ രാജ്യത്തേയ്ക്ക് എത്തുന്നത് പ്രതിരോധിക്കും. അതിനാൽ കരേൻ ചുഴിക്കാറ്റ് സമുദ്രത്തിൽ തന്നെ തുടരാനാണ് സാധ്യത. അതുകൊണ്ട് തന്നെ ആമി കൊടുങ്കാറ്റിനെ പോലെ കരേനെ ഭയക്കേണ്ട കാര്യമില്ല. അതേസമയം അയർലൻഡിൽ ഉയർന്ന മർദ്ദത്തിന്റെ സ്വാധീന ഫലമായി വരണ്ട തെളിഞ്ഞ കാലാവസ്ഥാ തുടരും.

Read More

ഡബ്ലിൻ: എസ്ര 2025 നായി ക്‌നാനായ കത്തോലിക്കാ സഭാ സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരി ഡബ്ലിനിൽ. ഇന്നലെ ( വ്യാഴാഴ്ച) വൈകീട്ട് ഡബ്ലിൻ വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തിന് വിശ്വാസികൾ ഉജ്ജ്വല സ്വീകരണം നൽകി. തുടർന്ന് മാർ ജോസഫ് പണ്ടാശ്ശേരിയുടെ സാന്നിധ്യത്തിൽ താലയിൽ കെസിഎഐ പ്രതിനിധി സമ്മേളനവും അത്താഴ വിരുന്നും നടന്നു. വ്യാഴം മുതൽ ശനിയാഴ്ചവരെയാണ് അഭിവന്ദ്യ പിതാവിന്റെ ഇടയ സന്ദർശനം. ഇന്ന് വൈകീട്ട് താല ഇൻകാർനേഷൻ പള്ളിയിൽ വിശുദ്ധ ബലിയും പാരിഷ് ഹാളിൽ കെസിവൈഎൽ പ്രതിനിധികളുടെ കൂടിച്ചേരലും നടക്കും. ശനിയാഴ്ച രാവിലെ 10.30 ന് ആർഡി പളളിയിൽ സമൂഹ ബലിയോടെ പിതാവിന്റെ സന്ദർശനം ആരംഭിക്കും. തുടർന്ന് ആർഡി കൺവെൻഷൻ സെന്ററിൽ പൊതുസമ്മേളനം നടക്കും. അയർലൻഡിലെ 19 യൂണിറ്റിൽ നിന്നുള്ള 1200 ൽ പരം വിശ്വാസികൾ സമ്മേളനത്തിൽ പങ്കെടുക്കും.

Read More

ലിമെറിക്ക്: കൗണ്ടി ലിമെറിക്കിലെ സ്‌കൂളിൽ സംശയാസ്പദമായ സാഹചര്യത്തിൽ അജ്ഞാതവസ്തു കണ്ടെത്തി. ലിമെറിക്കിലെ ന്യൂടൗണിലുള്ള സ്‌കൂളിൽ ആയിരുന്നു സംഭവം. പ്രദേശത്ത് സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇന്നലെ ആയിരുന്നു സംഭവം. സ്‌കൂൾ കോമ്പോണ്ടിൽ കവറുകളിൽ പൊതിഞ്ഞ നിലയിൽ സാധനം കണ്ടെത്തുകയായിരുന്നു. സംഭവം കണ്ടവർ വിവരം പോലീസിനെ അറിയിച്ചു. പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്ത് എത്തി അവിടെ നിന്നും ആളുകളെ ഒഴിപ്പിക്കുകയായിരുന്നു. ലിമെറിക്കിൽ നിന്നുള്ള മൂന്ന് യൂണിറ്റ് ഫയർഫോഴ്‌സ് എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Read More

കെറി: കൗണ്ടി കെറിയിലെ കില്ലാർണിയിലെ കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷം രംഗത്ത്. നടപടി അവിശ്വസനീയമാണെന്ന് പ്രതിപക്ഷ ഹൗസിംഗ് വക്താവ് പറഞ്ഞു. ഇവിടുത്തെ 14 കുടുംബങ്ങളാണ് കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്നത്. കോൺവെന്റ്സ് എസ്റ്റേറ്റിലെ വീടുകളിൽ താമസിക്കുന്നവരാണ് പ്രതിസന്ധി നേരിടുന്നത്. നിലവിൽ ഇവിടുത്തെ വീടുകളുടെ ഉടമ സൈപ്പസ് ആസ്ഥാനമായുള്ള സെറിക്കോയുടെ ലോറെറ്റോ ആണ്. അടുത്ത ജൂലൈയ്ക്കുള്ളിൽ വീടുകൾ ഒഴിഞ്ഞുതരണം എന്ന് ആവശ്യപ്പെട്ടാണ് കുടുംബങ്ങൾക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. 40 പേരാണ് 14 വീടുകളിലായി താമസിക്കുന്നത്. ഇതിൽ 15 ഓളം പേർ കുട്ടികളാണ്.

Read More

ഡബ്ലിൻ:  ഇസ്രായേൽ സേന കസ്റ്റഡിയിൽ എടുത്ത സംഘത്തിലെ സ്വതന്ത്ര ടിഡിയായ ബെറി ഹെനഗൻ അയർലൻഡിൽ തിരിച്ചെത്തി. ഉപപ്രധാനമന്ത്രി സൈമൺ ഹാരിസാണ് ഇക്കാര്യം അറിയിച്ചത്. പലസ്തീനിലേക്ക് സഹായവുമായി പോയ വെസ്സലുകളിൽ ഒന്നിൽ അദ്ദേഹവും ഉണ്ടായിരുന്നു. ഇന്നലെയാണ് ഡബ്ലിൻ ബേ നോർത്തിലെ ടിഡിയായ ഹെനഗൻ അയർലൻഡിൽ  എത്തിയത് എന്നാണ് വിവരം. ഡെയിയിൽ ഉയർന്ന ചോദ്യത്തോട് പ്രതികരിക്കുന്നതിനിടെ ആയിരുന്നു ഹെനാഗൻ അയർലൻഡിൽ തിരിച്ചെത്തിയ വിവരം സൈമൺ ഹാരിസ് പങ്കുവച്ചത്. ഇസ്രായേലിന്റെ നടപടിയെ അദ്ദേഹം ഡെയിലിൽ ശക്തമായി വിമർശിച്ചു. ബുധനാഴ്ചയാണ് ഗാസയിലേക്ക് മരുന്നുകളും സഹായങ്ങളുമായി പോയ ഫ്‌ളോട്ടില ഇസ്രായേൽ സേന തടഞ്ഞത്.

Read More

ഡബ്ലിൻ: വിദേശ സന്ദർശനം നടത്താൻ പാർലമെന്ററി ആക്ടിവിറ്റീസ് അലവൻസ് ഉപയോഗിച്ചതായി തുറന്ന് സമ്മതിച്ച് ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥി കാതറിൻ കനോലി. വിമർശനം ഉയർന്നതിന് പിന്നാലെയായിരുന്നു കനോലിയുടെ പ്രതികരണം. 2018 ലെ സിറിയൻ യാത്രയ്ക്കായി പിഎഎ പ്രയോജനപ്പെടുത്തിയെന്നാണ് കനോലിയ്‌ക്കെതിരെ ഉയരുന്ന ആരോപണം. പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ എതിർ സ്ഥാനാർത്ഥി ഹെതർ ഹംഫ്രീസ് ആണ് ആരോപണം ഉയർത്തിയത്. ഇത് വലിയ വിമർശനങ്ങൾക്ക് വഴിവച്ചതോടെ പിഎഎ പ്രയോജനപ്പെടുത്തിയതായി കനോലി വ്യക്തമാക്കുകയായിരുന്നു. ഓരോ സ്വതന്ത്ര ടിഡിയ്ക്കും നൽകുന്ന അലവൻസാണ് പിഎഎ. വ്യത്യസ്ത വിഭാഗങ്ങളിലായിട്ടാണ് ഈ സഹായം ലഭിക്കുക. കൃത്യമായ പരിശോധനകൾക്ക് ശേഷവും നിയമാനുസൃതവുമാണ് തുക പ്രയോജനപ്പെടുത്തുന്നത് എന്ന് കനോലി പറഞ്ഞു. ബാക്കി ജനങ്ങൾ തീരുമാനിക്കട്ടെയെന്നും കനോലി കൂട്ടിച്ചേർത്തു. പാർലമെന്ററി പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ചിലവുകൾ വഹിക്കുന്നതിനായി പാർട്ടി നേതാക്കൾക്കും സ്വതന്ത്ര ടിഡിമാർക്കും നൽകി വരുന്ന അലവൻസാണ് പിഎഎ. ഇതിൽ നിന്നും 3,700 യൂറോ ആയിരുന്നു കനോലി സിറിയ സന്ദർശിക്കാൻ വിനിയോഗിച്ചത്.

Read More

ഡബ്ലിൻ: കൊക്കെയ്ൻ പിടിച്ചെടുത്ത കേസിൽ പ്രതിയ്‌ക്കെതിരെ കുറ്റം ചുമത്തി കോടതി. ബാലിഫെർമോട്ട് സ്വദേശിയായ ഡെറിക്ക് ഹാർകോർട്ടിനെതിരെയാണ് ഡബ്ലിൻ ജില്ലാ കോടതി കുറ്റം ചുമത്തിയത്. ഇയാൾക്ക് 15,000 യൂറോയുടെ ജാമ്യം അനുവദിക്കാമെന്ന വ്യവസ്ഥയോടെ കോടതി കസ്റ്റഡിയിൽ വിട്ടു. ലഹരി നിയമങ്ങളുടെ ദുരുപയോഗത്തിലെ വിവിധ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് ഇയാൾക്ക് മേൽ ചുമത്തിയിരിക്കുന്നത്. അനധികൃതമായി കൊക്കെയ്ൻ കൈവശം സൂക്ഷിച്ചു, വിൽപ്പന ലക്ഷ്യമിട്ട് ലഹരി ശേഖരം കൈവശം സൂക്ഷിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. ചൊവ്വാഴ്ചയായിരുന്നു ഇയാളുടെ പക്കൽ നിന്നും വൻ കൊക്കെയ്ൻ ശേഖരം പിടികൂടിയത്.

Read More

ഡബ്ലിൻ: അയർലൻഡിൽ ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച തടവുകാരൻ മരിച്ചത് ചികിത്സ വൈകിയതിനെ തുടർന്നെന്ന് കണ്ടെത്തൽ. മിഡ്‌ലൻഡ്‌സിലെ ജയിലിൽ ആയിരുന്നു സംഭവം. 26 വയസ്സുള്ള തടവ് പുളളിയാണ് മരിച്ചത്. 2023 ജൂലൈ 17 ന് ആയിരുന്നു സംഭവം. ജയിലിനുള്ളിൽ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചതായുള്ള വിവരം അറിഞ്ഞ് പാരാമെഡിക്കൽ സംഘം എത്തി ഇയാളെ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ സംഘം എലവേറ്ററിൽ കുടുങ്ങി. ദീർഘനേരത്തിന് ശേഷം എലവേറ്ററിലെ പ്രശ്‌നം പരിഹരിച്ചതിന് ശേഷമാണ് പ്രതിയെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ 15 മിനിറ്റിന് ശേഷം മരിക്കുകയായിരുന്നു. സംഭവത്തിൽ പ്രിസൺ ഓഫീസർക്കെതിരെയും തടവുപുള്ളികൾ ആരോപണം ഉന്നയിക്കുന്നുണ്ട്.

Read More