ഡബ്ലിൻ: വിദേശ സന്ദർശനം നടത്താൻ പാർലമെന്ററി ആക്ടിവിറ്റീസ് അലവൻസ് ഉപയോഗിച്ചതായി തുറന്ന് സമ്മതിച്ച് ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥി കാതറിൻ കനോലി. വിമർശനം ഉയർന്നതിന് പിന്നാലെയായിരുന്നു കനോലിയുടെ പ്രതികരണം. 2018 ലെ സിറിയൻ യാത്രയ്ക്കായി പിഎഎ പ്രയോജനപ്പെടുത്തിയെന്നാണ് കനോലിയ്ക്കെതിരെ ഉയരുന്ന ആരോപണം.
പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ എതിർ സ്ഥാനാർത്ഥി ഹെതർ ഹംഫ്രീസ് ആണ് ആരോപണം ഉയർത്തിയത്. ഇത് വലിയ വിമർശനങ്ങൾക്ക് വഴിവച്ചതോടെ പിഎഎ പ്രയോജനപ്പെടുത്തിയതായി കനോലി വ്യക്തമാക്കുകയായിരുന്നു. ഓരോ സ്വതന്ത്ര ടിഡിയ്ക്കും നൽകുന്ന അലവൻസാണ് പിഎഎ. വ്യത്യസ്ത വിഭാഗങ്ങളിലായിട്ടാണ് ഈ സഹായം ലഭിക്കുക. കൃത്യമായ പരിശോധനകൾക്ക് ശേഷവും നിയമാനുസൃതവുമാണ് തുക പ്രയോജനപ്പെടുത്തുന്നത് എന്ന് കനോലി പറഞ്ഞു. ബാക്കി ജനങ്ങൾ തീരുമാനിക്കട്ടെയെന്നും കനോലി കൂട്ടിച്ചേർത്തു.
പാർലമെന്ററി പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ചിലവുകൾ വഹിക്കുന്നതിനായി പാർട്ടി നേതാക്കൾക്കും സ്വതന്ത്ര ടിഡിമാർക്കും നൽകി വരുന്ന അലവൻസാണ് പിഎഎ. ഇതിൽ നിന്നും 3,700 യൂറോ ആയിരുന്നു കനോലി സിറിയ സന്ദർശിക്കാൻ വിനിയോഗിച്ചത്.

