Author: sreejithakvijayan

ഡബ്ലിൻ: കർഷകരും കാർഷിക മേഖലയിൽ ജോലി ചെയ്യുന്നവരും സുരക്ഷയുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധചെലുത്തണമെന്ന് നിർദ്ദേശം. വിവിധ സാഹചര്യങ്ങളിൽ കർഷകർ മരിക്കുന്ന സംഭവങ്ങൾ വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് നിർദ്ദേശവുമായി ആരോഗ്യ സുരക്ഷാ അതോറിറ്റി രംഗത്ത് എത്തിയിരിക്കുന്നത്. ഈ വർഷം ഇതുവരെ 12 കർഷകരാണ് മരിച്ചിരിക്കുന്നത്. ഇന്ന് കാർഷിക വാരം ആരംഭിക്കാനിരിക്കെയാണ് അതോറിറ്റിയുടെ മുന്നറിയിപ്പ്. അപകസാദ്ധ്യത, ഉത്തരവാദിത്വം എന്നിവയെക്കുറിച്ച് കർഷകർ തങ്ങളുടെ കുടുംബങ്ങളുമായും സമൂഹവുമായും അർത്ഥവത്തായ സംഭാഷണങ്ങളിൽ ഏർപ്പെടണമെന്നും അതോറിറ്റി നിർദ്ദേശിച്ചു. ഈ വർഷം മരിച്ചവരിൽ 12 ൽ അഞ്ച് പേർ ജോലിയ്ക്കിടെ ഉണ്ടായ വാഹനാപകടത്തിലാണ് മരിച്ചത്. 65 വയസ്സിന് മുകളിലുള്ള ഒൻപത് പേർക്കാണ് ഇതുവരെ ജീവൻ നഷ്ടമായിട്ടുള്ളത്.

Read More

ഡബ്ലിൻ: 100 ബില്യൺ യൂറോയുടെ പുതിയ വികസന പദ്ധതിയിൽ ഒപ്പുവയ്ക്കാൻ സർക്കാർ. ഇന്നലെ ചേർന്ന യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം. പുതിയ പദ്ധതിയെക്കുറിച്ച് സമ്മർ എക്കണോമിക് സ്റ്റ്‌മെന്റിനൊപ്പം സർക്കാർ വിശദീകരിക്കും. ഹൗസിംഗ്, ഗതാഗതം, ഊർജ്ജം, ജലം തുടങ്ങിയ മേഖലയ്ക്ക് ഗുണം ചെയ്യുന്നതാണ് പുതിയ പദ്ധതി. 2026 മുതൽ 2030 വരെയാണ് പദ്ധതി നടപ്പിലാക്കുന്നത്. അടിസ്ഥാന സൗകര്യമേഖലയിൽ അയർലന്റിന്റെ മുന്നേറ്റമാണ് പദ്ധതിയുടെ ലക്ഷ്യം. കഴിഞ്ഞ ഏതാനും മാസങ്ങളായി പദ്ധതിയെക്കുറിച്ച് സർക്കാർ ആലോചിച്ചുവരികയാണെന്ന് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ് പറഞ്ഞു. അടിസ്ഥാനസൗകര്യ വികസനത്തിനായുള്ള നിക്ഷേപത്തിലെ ചുവടുമാറ്റമാണ് പുതിയ പദ്ധതി. കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

Read More

ആൻഡ്രിം: തടവുകാരെ കൊണ്ട് തിങ്ങിനിറഞ്ഞ് മാഗബെറി ജയിൽ. ഇതേ തുടർന്ന് നിരവധി സംഘർഷങ്ങളാണ് ജയിലിൽ നടക്കുന്നത്. സംഭവം വലിയ ആശങ്കയുളവാക്കിയിട്ടുണ്ട്. ജയിലിന്റെ ശേഷി ഇതിനോടകം തന്നെ പരമാവധിയിൽ എത്തിനിൽക്കുകയാണ്. തടവുകാരെ നിയന്ത്രിക്കാൻ ആവശ്യമായ ഉദ്യോഗസ്ഥർ ഇല്ലാത്തത് പ്രതിസന്ധി ഇരട്ടിയാക്കുന്നുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി നീതിന്യായ മന്ത്രി നവോമി ലോംഗ് വ്യക്തമാക്കിയിട്ടുണ്ട്. ജയിലുകൾ നിറയുന്ന സാഹചര്യത്തിൽ ശിക്ഷാ കാലാവധി ഏറെക്കുറെ പൂർത്തിയാക്കിയ തടവുകാരെ വിട്ടയക്കണം എന്നാണ് മുൻ എച്ച് ബ്ലോക്ക് ഗവർണർ വില്യം മക്കീയുടെ നിർദ്ദേശം. ഇക്കാര്യം ജയിൽ മേധാവികൾ പരിഗണിക്കണമെന്നും അദ്ദേഹം പ്രതികരിച്ചു.

Read More

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിലെ പാർക്കിൽ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ഈസ്റ്റ് ബെൽഫാസ്റ്റിലെ വിക്ടോറിയ പാർക്കിലായിരുന്നു സംഭവം. പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ഇന്നലെയായിരുന്നു സംഭവം. പാർക്കിൽ സമയം ചിലവിടാൻ എത്തിയവരാണ് വിവരം പോലീസിനെ അറിയിച്ചത്. പോലീസ് എത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു.

Read More

ആൻഡ്രിം: ലഫ് നീഗ് തടാകത്തിലെത്തുന്നവർക്ക് മുന്നറിയിപ്പുമായി അധികൃതർ. തടാകത്തിൽ വിഷാംശമുള്ള ബ്ലൂ- ഗ്രീൻ ആൽഗകളുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്നാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ഇത്തരം ആൽഗകൾ പുറപ്പെടുവിക്കുന്ന വിഷം ചൊറിച്ചിൽ, ഛർദ്ദി, പനി, ഡയേറിയ, ശരീര വേദന എന്നിവയ്ക്ക് കാരണാകാം. സിക്‌സ് മൈൽ നദിയുടെ തീരത്താണ് ആൽഗകളുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. പിന്നാലെ ന്യൂടൗണാബ്ബി ബറോ കൗൺസിൽ അധികൃതർ എത്തി സ്ഥലത്ത് പരിശോധന നടത്തി. ആൽഗകളുമായി സമ്പർക്കമുണ്ടാകുന്ന സാഹചര്യം എല്ലാവരും ഒഴിവാക്കണം എന്നാണ് അധികൃതരുടെ നിർദ്ദേശം. അതേസമയം ആദ്യമായല്ല പ്രദേശത്ത് ഇത്തരം ആൽഗകളുടെ സാന്നിദ്ധ്യം സ്ഥിരീകരിക്കുന്നത്. മുൻ വർഷങ്ങൡലും വേനൽക്കാലത്ത് ഇവിടെ ആൽഗകൾ കണ്ടെത്തിയിരുന്നു.

Read More

ഡബ്ലിൻ: മഴ കനക്കുന്ന സാഹചര്യത്തിൽ അയർലന്റിൽ കാലാവസ്ഥാ മുന്നറിയിപ്പിൽ മാറ്റം. ശക്തമായ മഴയുടെ സാഹചര്യത്തിൽ യെല്ലോ വാണിംഗ് മാറ്റി ഓറഞ്ച് വാണിംഗ് ഏർപ്പെടുത്തി. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിവരെ ഈ മുന്നറിയിപ്പ് നിലനിൽക്കും. ഡബ്ലിൻ, ലൗത്ത്, മീത്ത് എന്നീ കൗണ്ടികളിലാണ് ഓറഞ്ച് വാണിംഗ് ഉള്ളത്. ഇതിന് പുറമേ കിൽഡെയർ, വിക്ലോ, മൊനാഗൻ എന്നീ കൗണ്ടികളിൽ യെല്ലോ വാണിംഗുമുണ്ട്. കൗണ്ടികളിൽ മഴയ്‌ക്കൊപ്പം അതിശക്തമായ ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. അതിനാൽ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. പല മേഖലകളിലും വെള്ളപ്പൊക്കത്തിന് സാദ്ധ്യതയുണ്ട്. ഇടിമിന്നൽ വലിയ നാശനഷ്ടം ഉണ്ടാക്കിയേക്കാം. മഴയെ തുടർന്ന് വാഹനയാത്രികർക്ക് കാഴ്ച മങ്ങിയേക്കാം. വടക്കൻ അയർലന്റിലും ശക്തമായ മഴയാണ് ഇന്ന് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

Read More

ബെൽഫാസ്റ്റ്: പോലീസുകാരന് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. 35 വയസ്സുകാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലെടുക്കാൻ എത്തിയപ്പോൾ ഇയാൾ പോലീസുദ്യോഗസ്ഥന് നേരെ ആസിഡിന് സമാനമായ ദ്രാവകം എറിയുകയായിരുന്നു. സംഭവത്തിൽ പൊള്ളലേറ്റ പോലീസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. കോട്ട്‌സ് റോ പ്രദേശത്തെ വീട്ടിൽ തീപിടിത്തം ഉണ്ടായതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്ത് എത്തിയ പോലീസുകാരെ പ്രതി കത്തികാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. കീഴടക്കാൻ ശ്രമിക്കുന്നതിനിടെ ആണ് ഇയാൾ ദ്രാവകം എറിഞ്ഞത്. പോലീസുകാരന്റെ നെഞ്ചിലും താടിയിലുമാണ് പൊള്ളലേറ്റത്.

Read More

ഡബ്ലിൻ: ടാലയിൽ യുവാവിന് നേരെയുണ്ടായ ആക്രമണത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ ഉടൻ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. 40 വയസ്സുകാരന് നേരെയാണ് ആക്രമണം ഉണ്ടായത്. ശനിയാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. പാർക്ക്ഹിൽ റോഡിൽവച്ചായിരുന്നു യുവാവിന് നേരെ ആക്രമണം ഉണ്ടായത്. യുവാക്കളുടെ സംഘമാണ് അദ്ദേഹത്തെ ആക്രമിച്ചത് എന്നാണ് പ്രാഥമിക വിവരം. അതേസമയം സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി ഡബ്ലിൻ സൗത്ത് വെസ്റ്റ് ടുഗെതറിന്റെ സംഘാടക രംഗത്ത് എത്തി. വളരെ ഭീതിയുളവാക്കുന്ന സംഭവമാണ് ഉണ്ടായിരിക്കുന്നത് എന്നായിരുന്നു ലോറ ഒറൈലിയുടെ പ്രതികരണം.

Read More

ഡബ്ലിൻ: വലിപ്പം കൂടിയ ലഗേജുമായി സഞ്ചരിക്കുന്ന യാത്രികരെ പിടികൂടുന്ന ജീവനക്കാർക്ക് ബോണസ് പ്രഖ്യാപിച്ച് റയാൻഎയർ. പ്രതിമാസം 80യൂറോ ആയിരിക്കും ബോണസായി നൽകുക. ചട്ടലംഘനം കർശനമായി തടയുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. കഴിഞ്ഞ വർഷം വലിപ്പം കൂടിയ ലഗേജുമായി സഞ്ചരിച്ച രണ്ട് ലക്ഷം യാത്രികരെയാണ് പിടികൂടിയത്. ഇവരിൽ നിന്നും 75 യൂറോ വീതം പിഴയും ഈടാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കമ്പനി പുതിയ തീരുമാനം എടുത്തത്. യാത്രികർ നിയമങ്ങൾ പാലിക്കാൻ ഇതിലൂടെ നിർബന്ധിതരാകുമെന്നാണ് റയാൻഎയറിന്റെ വിലയിരുത്തൽ. പിടികൂടുന്ന ഓരോ ബാഗിനും 1.50 യൂറോ വീതമാണ് ജീവനക്കാർക്ക് കമ്പനി നൽകുക.

Read More

ബെൽഫാസ്റ്റ്: കനത്ത മഴയുടെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതയിൽ നോർതേൺ അയർലന്റ്. മേഖലയിൽ കനത്ത മഴയെ തുടർന്ന് പ്രളയത്തിന് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. ശക്തമായ ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. ഒരു ദിവസം കൊണ്ട് 15 ദിവസത്തെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കുന്നത്. ആൻഡ്രിം, അമാർഗ്, ഡൗൺ എന്നീ കൗണ്ടികളിൽ ഇന്ന് വൈകീട്ട് ആറ് മണിവരെ മുന്നറിയിപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്. അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയുള്ള മേഖലകളിൽ ഇന്ന് രാത്രി എട്ട് മണിവരെ യെല്ലോ വാണിംഗ് ആണ്. 12 മുതൽ 18 മണിക്കൂറിനിടെ 50 മുതൽ 70 മില്ലീലിറ്റർ മഴയാണ് ലഭിക്കുക. മഴയെ തുടർന്ന് പലയിടങ്ങളിലും വൈദ്യുതി തടസ്സപ്പെടാം. വാഹനമോടിക്കുന്നതിനും തടസ്സം നേരിടാം.

Read More