Author: sreejithakvijayan

ഡബ്ലിൻ: ഗ്രേറ്റർ ഡബ്ലിനിലും, വിക്ലോ, കിൽഡെയർ കൗണ്ടികളിലെ പ്രദേശങ്ങളിലും ജലവിതരണം പുന:സ്ഥാപിച്ച് ഉയിസ് ഐറാൻ. പ്രധാന പൈപ്പിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയായതോടെയാണ് ജലവിതരണം വീണ്ടും ആരംഭിച്ചത്. ഇതോടെ പൊതുജനങ്ങൾക്കും ആശ്വാസമായി. നഗരത്തിൽ കുടിവെള്ളത്തിന്റെ മൂന്നിലൊന്ന് ഭാഗവും വിതരണം ചെയ്യുന്ന പൈപ്പിൽ ആയിരുന്നു അറ്റകുറ്റപ്പണി നടന്നത്. പൈപ്പിലെ അഞ്ചോളം ചോർച്ചകൾ അധികൃതർ അടച്ചു. ഇതിന് പുറമേ തകരാറിലായ 35 മീറ്റർ നീളമുള്ള പൈപ്പും മാറ്റിസ്ഥാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു സ്ഥലത്ത് പണികൾ ആരംഭിച്ചത്.

Read More

ഡബ്ലിൻ: അനധികൃതമായി ഡിജിറ്റൽ ബ്രോഡ്കാസ്റ്റിംഗ് നടത്തിയ യുവാവിനോട് ടിവി ചാനലായ സ്‌കൈയ്ക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി. വെക്‌സ്‌ഫോർഡ് സ്വദേശിയായ ഡേവിഡ് ഡമ്പ്‌നറിനോടാണ് 6 ലക്ഷത്തോളം യൂറോ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്. ഡബ്ലിൻ ഹൈക്കോടതിയുടേത് ആണ് നടപടി. ഡോഡ്ജി ബോക്‌സ് എന്ന ഉപകരണം ഉപയോഗിച്ചാണ് പണം നൽകി മാത്രം കാണാൻ കഴിയുന്ന ചാനലുകളും പരിപാടികളും ഇയാൾ അനധികൃതമായി ചെറിയ തുകയ്ക്ക് നൽകിയിരുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ടത്തോടെ സ്‌കൈ യുകെ ലിമിറ്റഡ് പരാതി നൽകുകയായിരുന്നു. കമ്പനിയ്ക്ക് ഇതിലൂടെ ഏകദേശം 4,80,0000 യൂറോയാണ് നഷ്ടമായത്. കോടതി നടപടികൾക്കായി 1 ലക്ഷം യൂറോയും ഇവർക്ക് ചിലവായി. ഈ തുക മൊത്തം നൽകാൻ ആണ് കോടതിയുടെ ഉത്തരവ്.

Read More

ഡബ്ലിൻ: അയർലന്റിൽ ജൂൺ മാസത്തിൽ വിനോദസഞ്ചാരികൾ ചിലവഴിച്ചത് 647 മില്യൺ യൂറോ. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസാണ് ജൂൺ മാസത്തെ കണക്കുകൾ പുറത്തുവിട്ടത്. അതേസമയം 2024 ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം ആറ് ശതമാനത്തിന്റെ കുറവ് ചിലവാക്കലിൽ ഉണ്ടായിട്ടുണ്ട്. ഇതിന് പുറമേ അയർലന്റിൽ എത്തിയ വിനോദ സഞ്ചാരികളുടെ എണ്ണത്തിലും കുറവ് ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഈ വർഷം ജൂണിൽ 6,54,500 വിദേശികളാണ് രാജ്യത്ത് എത്തിയത്. കഴിഞ്ഞ വർഷം ജൂണിനെ അപേക്ഷിച്ച് രണ്ട് ശതമാനം കുറവാണ് ഇത്. ഇവർ രാജ്യത്ത് ചിലവഴിച്ച ഏറ്റവും കൂടിയ ദിവസങ്ങൾ എന്നത് ഒരാഴ്ചയാണ്. ബ്രിട്ടനിൽ നിന്നുമാണ് ജൂണിൽ ഏറ്റവും കൂടുതൽ പേർ രാജ്യത്ത് എത്തിയത്. ഇവിടെ നിന്നുള്ള 34 ശതമാനം പേർ അയർലന്റ് സന്ദർശിച്ചു. അമേരിക്കയിൽ നിന്നുള്ള 25 ശതമാനം പേരും, ജർമ്മനിയിൽ നിന്നും 8.4 ശതമാനം പേരും രാജ്യത്ത് എത്തി.

Read More

ഡബ്ലിൻ: ഫ്‌ളോറിസ് കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തിൽ കൗണ്ടികളിൽ ഏർപ്പെടുത്തിയ യെല്ലോ വാണിംഗ് പിൻവലിച്ച് മെറ്റ് ഐറാൻ. പുതുക്കിയ മുന്നറിയിപ്പ് ഉടൻ പുറത്തുവിടും. കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തിൽ എട്ട് കൗണ്ടികളിൽ ആയിരുന്നു ഇന്നലെ മെറ്റ് ഐറാൻ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നത്. തിങ്കളാഴ്ച പുലർച്ചെ മുതൽ ഉച്ചവരേയ്ക്കാണ് കൗണ്ടികളിൽ യെല്ലോ വാണിംഗ് ഏർപ്പെടുത്തിയത്. എന്നാൽ കൊടുങ്കാറ്റ് ഇന്ന് രാത്രിയോടെ ഐറിഷ് തീരത്ത് എത്തും. ഇത് കാലാവസ്ഥയിൽ മാറ്റം ഉണ്ടാക്കുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് പിൻവലിച്ചത്. ക്ലെയർ, ഗാൽവെ, മയോ, സ്ലിഗോ, കാവൻ, ഡൊണഗൽ, മൊനാഗൻ, ലെയ്ട്രിം എന്നിവിടങ്ങളിലാണ് പുതിയ മുന്നറിയിപ്പ് നിലവിൽ വരുക. അതേസമയം കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തിൽ രാജ്യമൊട്ടാകെ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ശക്തമായ കാറ്റിനെ തുടർന്ന് വൈദ്യുതി തടസ്സം, നാശനഷ്ടം തുടങ്ങി നിരവധി ബുദ്ധിമുട്ടുകൾ അനുഭവപ്പെടാം.

Read More

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ ഡ്രൈവറില്ലാ ബസ് സർവ്വീസ് ആരംഭിച്ചു. പരീക്ഷണാടിസ്ഥാനത്തിലാണ് ഡ്രൈവർ ഇല്ലാത്ത ബസ് സർവ്വീസ് ആരംഭിച്ചിരിക്കുന്നത്. ഹാർലെന്റർ ബസിൽ ഒരേ സമയം എട്ട് പേർക്ക് സഞ്ചരിക്കാം. നോർതേൺ അയർലന്റിലെ ആദ്യ ഡ്രൈവറില്ലാ ബസ് സർവ്വീസ് കൂടിയാണ് ഇത്. കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് ബസ് പരീക്ഷണ ഓട്ടം ആരംഭിച്ചത്. ടൈറ്റാനിക് ഹാൾട്ട് റെയിൽവേ സ്റ്റേഷനിൽ നിന്നും കാറ്റലിസ്റ്റിലേക്കാണ് സർവ്വീസ്. ഇരു മേഖലയ്ക്കും ഇടയിലായി ഓരോ 20 മിനിറ്റ് കൂടുമ്പോഴും സൗജന്യമായി യാത്രികരെ കയറ്റുകയും ഇറക്കുകയും ചെയ്യും. പരീക്ഷണ ഓട്ടത്തിന്റെ അടിസ്ഥാനത്തിൽ അടുത്ത മാസം ആയിരിക്കും ബസ് സർവ്വീസ് സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകുക.

Read More

വെക്‌സ്‌ഫോർഡ്: അയർലന്റിലെ സംഗീത പരിപാടിയായ ഫ്‌ലീഡ് ചിയോയിൽ നാ ഹിയറാൻ 2025 (The Irish Music Fleadh) ന്റെ ആദ്യ ദിനത്തിൽ വലിയ ജനപങ്കാളിത്തം പ്രതീക്ഷിച്ച് സംഘാടകർ. ഇന്ന് മുതൽ ആരംഭിക്കുന്ന സംഗീത പരിപാടി എട്ട് ദിവസം നീണ്ട് നിൽക്കും. തുടർച്ചയായ രണ്ടാം വർഷമാണ് വെക്‌സ്‌ഫോർഡിൽ ഫ്‌ലീഡ് ചിയോയിൽ നാ ഹിയറാൻ സംഘടിപ്പിക്കുന്നത്. വെക്‌സ്‌ഫോർഡ് കടപ്പുറത്ത് നടക്കുന്ന പരിപാടി പ്രസിഡന്റ് മൈക്കൽ ഡി ഹിഗ്ഗിൻസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ഇതിന് ശേഷം പ്രത്യേകം സജ്ജമാക്കിയ സ്റ്റേജായ ഗിഗ്ഗ് റിഗ്ഗിൽ നിന്നും അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്യും. ഏഴ് ലക്ഷത്തോളം പേർ ഇന്നും വരും ദിവസങ്ങളിലും നടക്കുന്ന പരിപാടിയുടെ ഭാഗമാകുമെന്നാണ് സംഘാടകർ വിലയിരുത്തുന്നത്. ലോകത്തെ തന്നെ ഏറ്റവും വലിയ പരമ്പരാഗതമായ ഐറിഷ് മ്യൂസിക് ഫെസ്റ്റിവലാണ് ഇന്ന് മുതൽ വെക്‌സ്‌ഫോർഡിൽ നടക്കുന്നതെന്ന് സംഘാടകർ വ്യക്തമാക്കി.

Read More

ഡബ്ലിൻ: യൂറോപ്യൻ യൂണിയനിൽ പുതിയ എഐ നിയമം പ്രാബല്യത്തിൽ. ഇന്നലെ മുതലാണ് പുതിയ നിയമങ്ങൾ നിലവിൽവന്നത്. എഐയുടെ ഉപയോഗം കൂടുതൽ സുരക്ഷിതവും സുതാര്യവും ആക്കുക ലക്ഷ്യമിട്ടാണ് പുതിയ നിയമം കൊണ്ടുവന്നത്. എഐ നിയമം നടപ്പിലാക്കുന്ന ആദ്യത്തെ മേഖലയാണ് യൂറോപ്യൻ യൂണിയൻ. കഴിഞ്ഞ വർഷം തന്നെ എഐ നിയമം യൂറോപ്യൻ യൂണിയൻ നടപ്പിലാക്കിയിരുന്നു. എന്നാൽ സാങ്കേതിക വിദ്യയിൽ ഉണ്ടായ മാറ്റങ്ങൾ കണക്കിലെടുത്ത് പുതിയ വ്യവസ്ഥകൾ ഉൾക്കൊള്ളിച്ചാണ് പുതിയ നിയമം നടപ്പിലാക്കുന്നത്.  ജനങ്ങളുടെ സുരക്ഷ, ഉപജീവനമാർഗ്ഗം, അവകാശങ്ങൾ എന്നിവയ്ക്ക് വ്യക്തമായ ഭീഷണിയായി കണക്കാക്കപ്പെടുന്ന എഐ സംവിധാനങ്ങളെ ഈ നിയമം നിരോധിക്കുന്നു. നിയമങ്ങൾ കർശനമായി പാലിക്കാൻ അധികൃതർ കമ്പനികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചട്ടലംഘനം ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടികൾ കമ്പനികൾക്കെതിരെ സ്വീകരിക്കും. പിഴ ഈടാക്കുകയാണ് ഇതിൽ പ്രധാന ശിക്ഷാ വിധി.

Read More

വിക്ലോ: കൗണ്ടി വിക്ലോയിൽ വാർഷിക ബ്രേ വ്യോമ പ്രദർശനം നടന്നു. ഇന്നലെ ബ്രേ തീരത്ത് നടന്ന പ്രദർശനം കാണാൻ 40,000 ത്തോളം പേരാണ് എത്തിയത്. 35 വിമാനങ്ങൾ ഉൾപ്പെടുന്ന പതിനഞ്ച് വ്യോമാഭ്യാസങ്ങൾ പരിപാടിയിൽ നടന്നു. ഡെയർഡെവിൾ വിംഗ് വാക്കറുകൾ, പ്രിസിഷൻ എയറോബാറ്റിക്‌സ്, കോസ്റ്റ് ഗാർഡിന്റെ അഭ്യാസ പ്രകടനങ്ങൾ എന്നിവയുൾപ്പെടെ ഉണ്ടായിരുന്നു. ഇതിന് പുറമേ എയർലിംഗസിന്റെ പുതുതലമുറ എയർബസ് ആയ A321XLR ന്റെ വ്യോമാഭ്യാസ പ്രകടനവും ഐറിഷ് എയർ കോപ്‌സിന്റെ അഭ്യാസ പ്രകടനവും ഉണ്ടായിരുന്നു. ബ്രേയിലെ വിക്ടോറിയൻ പ്രാമനേഡിൽ ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു പരിപാടി ആരംഭിച്ചത്. പരിപാടിയ്ക്ക് എത്തുന്നവർക്കായി ഇവിടെ ഫുഡ് സ്റ്റാളുകളും ഒരുക്കിയിരുന്നു. ക്രാഫ്റ്റ് വില്ലേജും പരിപാടിയുടെ പ്രത്യേകതയായിരുന്നു.

Read More

ഡൗൺ: കൗണ്ടി ഡൗണിൽ പോലീസുകാരനെ കാറിൽ വലിച്ചിഴച്ചത് മീറ്ററുകളോളം. കിൽകീലിലെ മൗണ്ടൻ റോഡിൽ ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. പരിക്കേറ്റ പോലീസുകാരൻ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ പ്രതിയ്ക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാത്രി 10.15 ഓടെയായിരുന്നു സംഭവം. റോഡിൽ വാഹന പരിശോധന നടത്തുകയായിരുന്നു പോലീസ് ഉദ്യോഗസ്ഥൻ. ഇതിനിടെ ഇതുവഴി പ്രതി കാറുമായി എത്തുകയായിരുന്നു. പരിശോധനയ്ക്കിടെ കാറിൽ കഞ്ചാവിന്റെ മണമുള്ളതായി പോലീസുകാരന് വ്യക്തമായി. ഇതിന് പിന്നാലെ ഡ്രൈവറെ ചോദ്യം ചെയ്തു. ഉടനെ തന്നെ ഡ്രൈവർ കാർ ഓടിച്ച് പോകുകയായിരുന്നു. സംഭവത്തിൽ പോലീസുകാരന്റെ കൈയ്ക്കാണ് പരിക്കേറ്റത്. അദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിന്റെ ദൃക്‌സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

Read More

ഡബ്ലിൻ: ഗ്രേറ്റർ ഡബ്ലിനിലെ പൈപ്പിന്റെ അറ്റകുറ്റപ്പണികൾ ഭൂരിഭാഗവും പൂർത്തിയായതായി ഉയിസ് ഐറാൻ. അറ്റകുറ്റപ്പണികൾ പൂർണമായും പൂർത്തിയായ ശേഷം ജലവിതരണം ആരംഭിക്കും. വെള്ളിയാഴ്ച രാത്രി മുതലാണ് മേഖലയിലെ പ്രധാന പൈപ്പിൽ അറ്റകുറ്റപ്പണികൾ ആരംഭിച്ചത്. 28 മണിക്കൂർ നേരം ജലവിതരണം തടസ്സപ്പെടുമെന്ന് ആയിരുന്നു ഉയിസ് ഐറാന്റെ മുന്നറിയിപ്പ്. പൈപ്പിന്റെ അഞ്ച് സ്ഥലങ്ങളിൽ ചോർച്ച ഉണ്ടായിരുന്നു. ഇത്    പരിഹരിക്കുന്നതുൾപ്പെടെയുള്ള അറ്റകുറ്റപ്പണികളാണ് നടക്കുന്നത്. ഇതിന് പുറമേ തകരാറ് സംഭവിച്ച 35 മീറ്റർ പൈപ്പ് മാറ്റി സ്ഥാപിക്കേണ്ടതുമുണ്ട്. മൂന്നോളം ക്രെയിനുകളുടെ സഹായത്തോടെയാണ് പണികൾ തുടരുന്നത്.

Read More