വിക്ലോ: കൗണ്ടി വിക്ലോയിൽ വാർഷിക ബ്രേ വ്യോമ പ്രദർശനം നടന്നു. ഇന്നലെ ബ്രേ തീരത്ത് നടന്ന പ്രദർശനം കാണാൻ 40,000 ത്തോളം പേരാണ് എത്തിയത്. 35 വിമാനങ്ങൾ ഉൾപ്പെടുന്ന പതിനഞ്ച് വ്യോമാഭ്യാസങ്ങൾ പരിപാടിയിൽ നടന്നു.
ഡെയർഡെവിൾ വിംഗ് വാക്കറുകൾ, പ്രിസിഷൻ എയറോബാറ്റിക്സ്, കോസ്റ്റ് ഗാർഡിന്റെ അഭ്യാസ പ്രകടനങ്ങൾ എന്നിവയുൾപ്പെടെ ഉണ്ടായിരുന്നു. ഇതിന് പുറമേ എയർലിംഗസിന്റെ പുതുതലമുറ എയർബസ് ആയ A321XLR ന്റെ വ്യോമാഭ്യാസ പ്രകടനവും ഐറിഷ് എയർ കോപ്സിന്റെ അഭ്യാസ പ്രകടനവും ഉണ്ടായിരുന്നു.
ബ്രേയിലെ വിക്ടോറിയൻ പ്രാമനേഡിൽ ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു പരിപാടി ആരംഭിച്ചത്. പരിപാടിയ്ക്ക് എത്തുന്നവർക്കായി ഇവിടെ ഫുഡ് സ്റ്റാളുകളും ഒരുക്കിയിരുന്നു. ക്രാഫ്റ്റ് വില്ലേജും പരിപാടിയുടെ പ്രത്യേകതയായിരുന്നു.

