ഡൗൺ: കൗണ്ടി ഡൗണിൽ പോലീസുകാരനെ കാറിൽ വലിച്ചിഴച്ചത് മീറ്ററുകളോളം. കിൽകീലിലെ മൗണ്ടൻ റോഡിൽ ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. പരിക്കേറ്റ പോലീസുകാരൻ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ പ്രതിയ്ക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രാത്രി 10.15 ഓടെയായിരുന്നു സംഭവം. റോഡിൽ വാഹന പരിശോധന നടത്തുകയായിരുന്നു പോലീസ് ഉദ്യോഗസ്ഥൻ. ഇതിനിടെ ഇതുവഴി പ്രതി കാറുമായി എത്തുകയായിരുന്നു. പരിശോധനയ്ക്കിടെ കാറിൽ കഞ്ചാവിന്റെ മണമുള്ളതായി പോലീസുകാരന് വ്യക്തമായി. ഇതിന് പിന്നാലെ ഡ്രൈവറെ ചോദ്യം ചെയ്തു. ഉടനെ തന്നെ ഡ്രൈവർ കാർ ഓടിച്ച് പോകുകയായിരുന്നു.
സംഭവത്തിൽ പോലീസുകാരന്റെ കൈയ്ക്കാണ് പരിക്കേറ്റത്. അദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിന്റെ ദൃക്സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

