Author: sreejithakvijayan

ഡബ്ലിൻ: ചൈൽഡ് സപ്പോർട്ട് പേയ്‌മെന്റുകൾ ഉയർത്താൻ നിർദ്ദേശിച്ച് ചിൽഡ്രൻസ് റൈറ്റ്‌സ് അലയൻസ്. ആഴ്ചതോറും പേയ്മന്റിൽ വർദ്ധനവ് വരുത്തണമെന്നാണ് ഗ്രൂപ്പിന്റെ ആവശ്യം. ജീവിത ചിലവിനിടെ കുട്ടികളുടെ പരിപാലനത്തിനായി രക്ഷിതാക്കൾ വലിയ ബുദ്ധിമുട്ട് നേരിടുന്ന പശ്ചാത്തലത്തിലാണ് പേയ്‌മെന്റ് ഉയർത്താൻ ഗ്രൂപ്പ് നിർദ്ദേശിച്ചിരിക്കുന്നത്. 12 വയസ്സിന് മുകളിലുള്ള കുട്ടകൾക്ക് 15 യൂറോ വർധനവ് വരുത്തണം. ഇത് ആഴ്ചതോറുമുള്ള തുക 77 യൂറോ ആയി ഉയർത്തും. 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് 6 യൂറോയുടെ വർധനവ് ഗ്രൂപ്പ് ആവശ്യപ്പെടുന്നു. ഇത് ആഴ്ചതോറുമുള്ള വരുമാനം 56 യൂറോ ആയി ഉയർത്തും. നിലവിൽ 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് 50യൂറോ പൂർണ്ണ നിരക്കും 25യൂറോ പകുതി നിരക്കുമാണ് നൽകുന്നത്. 12 വയസ്സിൽ താഴെയുള്ളവർക്ക് 62 യൂറോ പൂർണ്ണ നിരക്കും 31 യൂറോ പകുതി നിരക്കുമാണ് ഉള്ളത്.

Read More

ടിപ്പററി: കൗണ്ടി ടിപ്പററിയിൽ 80 കാരനെ ആക്രമിച്ച കേസിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ അറസ്റ്റിൽ. 30 വയസ്സുള്ള യുവാവാണ് അറസ്റ്റിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. വെള്ളിയാഴ്ച സെന്റ് മൈക്കിൾസ് അവന്യൂവിൽ ആയിരുന്നു 80 കാരനെ അവശ നിലയിൽ കണ്ടെത്തിയത്. ഉടനെ പോലീസ് എത്തി അദ്ദേഹത്തെ ആശുപത്രിയിൽ എത്തിയ്ക്കുകയായിരുന്നു. 80 കാരന്റെ നില ഇപ്പോഴും ഗുരുതരമായി തന്നെ തുടരുകയാണ്. 1984 ലെ ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ നാലാം വകുപ്പ് പ്രകാരം ആണ് 30 കാരന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ എത്രയും വേഗം തങ്ങളെ അറിയിക്കണമെന്ന് പോലീസ് നിർദ്ദേശിച്ചു.

Read More

ഡബ്ലിൻ: പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഫിൻ ഗെയ്ൽ സ്ഥാനാർത്ഥി ഹെതർ ഹംഫ്രീസിന് മുൻതൂക്കം. പ്രസിഡന്റായി ഹംഫ്രീസ് തിരഞ്ഞെടുക്കപ്പെടുമെന്നാണ് അഭിപ്രായ സർവ്വേയിൽ അഞ്ചിൽ ഒരാൾ വ്യക്തമാക്കുന്നത്. ബിസിനസ്സ് പോസ്റ്റ്/ റെഡ് സി പോളിലെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ആയിരം പേർ സർവ്വേയിൽ പ്രതികരിച്ചു. ഇതിൽ 22 ശതമാനം പേരും ഫിൻ ഗെയ്ൽ സ്ഥാനാർത്ഥി വിജയിക്കുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. 18 ശതമാനം പേർ തിരഞ്ഞെടുപ്പിൽ ഫിയന്ന ഫെയിൽ സ്ഥാനാർത്ഥി ജിം ഗാവിൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുമെന്ന് വ്യക്തമാക്കുന്നു. 17 ശതമാനം പേരാണ് സ്വതന്ത്ര സ്ഥാനാർത്ഥി കാതറിൻ കനോലി പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെടുമെന്ന് വ്യക്തമാക്കുന്നത്. 5 ശതമാനം പേർ കൺസർവേറ്റീവ് പാർട്ടി നേതാവ് മരിയ സ്റ്റീനിനെയും പിന്തുണയ്ക്കുന്നുണ്ട്.

Read More

ഡബ്ലിൻ: ഗാസയ്ക്കായി ഡബ്ലിൻ നഗരത്തിൽ അണിചേർന്ന് ആരോഗ്യപ്രവർത്തകർ. ഇന്നലെ നഗരത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിൽ ഡോക്ടർമാരും മറ്റ് ആരോഗ്യപ്രവർത്തകരും ഉൾപ്പെടെ രണ്ടായിരത്തോളം പേരാണ് പങ്കെടുത്തത്. ഇസ്രായേലിന്റെ ആക്രമണത്തെ തുടർന്ന് രാപ്പകലില്ലാതെ ജോലി നോക്കേണ്ട അവസ്ഥയിലാണ് ഗാസയിലെ ആരോഗ്യപ്രവർത്തകരെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കി. ഫാർമസിസ്റ്റ് ഫോർ പലസ്തീനിന്റെ നേതൃത്വത്തിൽ ആയിരുന്നു പ്രതിഷേധം. സെന്റ് സ്റ്റീഫൻസ് ഗ്രീനിലെ റോയൽ കോളേജ് ഓഫ് സർജൻസിൽ നിന്നാണ് പ്രതിഷേധക്കാർ പ്രകടനം ആരംഭിച്ചത്. ഇവർ ഡബ്ലിൻ സിറ്റി സെന്ററിൽ ഒത്തുകൂടുകയായിരുന്നു. ഗാസയിൽ കൈകാലുകൾ നഷ്ടമായ കുട്ടികളും അനസ്‌തേ ഷ്യ നൽകാതെ സിസേറിയനിലൂടെ പ്രസവിക്കുന്ന സ്ത്രീകളും ഉണ്ടെന്ന് ഫാർമസിസ്റ്റ് ഫോർ പലസ്തീന്റെ നിക്കോള കാന്റ്‌വെൽ പറഞ്ഞു. ഗാസയിൽ മരുന്നുകൾ ഇല്ല. ഇസ്രായേൽ കാരണം രാവും പകലും ആരോഗ്യപ്രവർത്തകർക്ക് ജോലി ചെയ്യേണ്ട സാഹചര്യമാണ് ഉള്ളത്. ഇവർക്ക് സ്വന്തം കുടുംബത്തെ കാണാനോ അവരുടെ കാര്യങ്ങൾ ശ്രദ്ധിക്കാനോ സമയം ലഭിക്കുന്നില്ലെന്നും കാന്റ്‌വെൽ കൂട്ടിച്ചേർത്തു.

Read More

ലൗത്ത്: കൈരാൻ ഡർണിനായുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെ മുന്നറിയിപ്പുമായി ലൗത്തിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥൻ. കുട്ടിയെക്കുറിച്ചുള്ള വിവരങ്ങൾ ആരും മറച്ചുവയ്ക്കരുതെന്നും അത് ക്രിമിനൽ കുറ്റത്തിന് തുല്യമാണെന്നും ചീഫ് സുപ്രണ്ടന്റ് അലൻ മക്ഗവെൺ പറഞ്ഞു. പൊതുജനങ്ങൾ നൽകുന്ന ഓരോ വിവരവും അന്വേഷണത്തിൽ ഏറെ നിർണായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൈരാൺ ഡർണിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് നിരവധി പേരെ അറസ്റ്റ് ചെയ്തു. നിരവധി പരിശോധനകൾ നടത്തി. മുതിർന്ന അന്വേഷണ ഉദ്യോഗസ്ഥരും അദ്ദേഹത്തിന്റെ ടീമും കേസിൽ കാര്യക്ഷമമായ അന്വേഷണം നടത്തുകയാണ്. ഈ നിർണായക ഘട്ടത്തിൽ എല്ലാവരും സഹകരിക്കണം. അറിയാവുന്ന വിവരങ്ങൾ പോലീസുമായി പങ്കുവയ്ക്കണം. വിവരങ്ങൾ പുറത്തുപറയാതിരിക്കുന്നത് ക്രിമനൽ കുറ്റമാണെന്നും അദ്ദേഹം പറഞ്ഞു.

Read More

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിലെ ബൊട്ടാണിക് ഗാർഡൻ  24 മണിക്കൂറും തുറന്ന് നൽകാനുള്ള തീരുമാനത്തിനെതിരെ പ്രദേശവാസികളും പരിസ്ഥിതി സ്‌നേഹികളും രംഗത്ത്.  തീരുമാനം അനുചിതമാണെന്നും, ഇത് ബൊട്ടാണിക്കൽ ഗാർഡനുകളിൽ നിരവധി നാശനഷ്ടങ്ങൾക്ക് കാരണമാകുമെന്നും പ്രദേശവാസികൾ അഭിപ്രായപ്പെട്ടു. ഗാർഡന്റെ 200ാം വാർഷികത്തോട് അനുബന്ധിച്ചാണ് 24 മണിക്കൂറും തുറന്ന് കൊടുക്കാൻ ബെൽഫാസ്റ്റ് സിറ്റി കൗൺസിൽ ആലോചിക്കുന്നത്. നിലവിൽ ഇതിനെ അനുകൂലിച്ച് കൗൺസിലർമാർ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. വടക്കൻ അയർലന്റിലെ ഒരേയൊരു ബൊട്ടാണിക്കൽ ഗാർഡനാണ് ബെൽഫാസ്റ്റിലെ ബൊട്ടാണിക് ഗാർഡൻ. സസ്യജാലങ്ങൾക്ക് പുറമേ പാം ഹൗസ്, ട്രോപ്പിക്കൽ റാവിൻ ഹൗസ് തുടങ്ങിയവയും ഇവിടെയുണ്ട്. തുടർച്ചയായി ആളുകൾ എത്തുന്നത് അപൂർവ്വയിനം സസ്യജാലങ്ങൾ നശിക്കുന്നതിനും കെട്ടിടങ്ങൾക്ക് കേടുപാടുകൾ ഉണ്ടാകുന്നതിനും കാരണമായേക്കുമെന്നാണ് ഉയരുന്ന അഭിപ്രായം.

Read More

ഡബ്ലിൻ: അയർലൻഡിൽ ആന്റി ഡിപ്രഷൻ മരുന്നുകളുടെ ഉപയോഗത്തിൽ വർധനവ്. ഈ വർഷം മെയ് മാസം വരെ 1.8 മില്യൺ പ്രിസ്‌ക്രിപ്ഷനുകളാണ് 16 വയസ്സിന് മുകളിലുള്ളവർക്ക് നൽകിയിരിക്കുന്നത്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ പ്രിസ്‌ക്രിപ്ഷനുകളുടെ എണ്ണത്തിൽ ഇരട്ടിയിലധികം വർധനവാണ് ഉണ്ടായിരിക്കുന്നത്. ആകെ 1,855,620 പ്രിസ്‌ക്രിപ്ഷനുകളാണ് നൽകിയിരിക്കുന്നത്. ഈ വർഷം മെയ് മാസം വരെ ജനറൽ മെഡിക്കൽ സർവ്വീസിന് കീഴിൽ 14,62,648 പ്രിസ്‌ക്രിപ്ഷനുകൾ നൽകി. ഡ്രഗ്‌സ് പേയ്‌മെന്റ് സ്‌കീമിന് കീഴിൽ 3,73,106 പ്രിസ്‌ക്രിപ്ഷനുകളും നൽകി. ബാക്കി 19,866 പ്രിസ്‌ക്രിപ്ഷനുകൾ ലോംഗ് ടേം ഇൽനസ് സ്‌കീമിന് കീഴിലാണ് നൽകിയിട്ടുള്ളത്.

Read More

ഡബ്ലിൻ: അയർലൻഡിൽ ചരക്ക് നീക്കത്തിന് ഡ്രൈവർമാരെ ലഭിക്കാത്ത പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി ഐറിഷ് റോഡ് ഹാളേജ് അസോസിയേഷൻ. ചരക്ക് നീക്കം കൃത്യമായി നടക്കാതിരുന്നാൽ ക്രിസ്തുമസ് വിപണിയെ സാരമായി ബാധിക്കുമെന്ന് ഐആർഎച്ച്എ വ്യക്തമാക്കി. സംഭവത്തിൽ അടിയന്തിര ഇടപെടലും അസോസിയേഷൻ ആവശ്യപ്പെടുന്നുണ്ട്. ഗാൽവെയിലെ പൊതുപരിപാടിയിൽ സംസാരിക്കുന്നതിനിടെ ഐആർഎച്ച്എ പ്രസിഡന്റാണ് ഡ്രൈവർമാരുടെ അഭാവം ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന മുന്നറിയിപ്പ് നൽകിയത്. ചരക്ക് നീക്കത്തിലെ നിലവിലെ പ്രതിസന്ധി സാധനങ്ങളുടെ അഭാവം, ഉയർന്ന വില, വൈകിയ ഡെലിവറി എന്നിവയ്ക്ക് കാരണമാകും. ഹെവി ഗുഡ്‌സ് വെഹിക്കിൾ ഡ്രൈവർമാരെ നിയമിക്കുകയാണ് ഇത് പരിഹരിക്കുന്നതിനുളള പ്രധാന വഴിയെന്നും അസോസിയേഷൻ വ്യക്തമാക്കി.

Read More

ഡൊണഗൽ: ക്രീസ്ലോ സ്‌ഫോടന കേസിൽ അറസ്റ്റിലായ ആളെ വിട്ടയച്ച് പോലീസ്. അന്വേഷണത്തിന്റെ ഭാഗമായി അറസ്റ്റ് ചെയ്ത 40 കാരനെയാണ് വിട്ടയച്ചത്. ഇയാൾക്ക് മേൽ കുറ്റം ചുമത്തിയിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ആയിരുന്നു 40 കാരനെ അറസ്റ്റ് ചെയ്തത്. അന്വേഷണത്തിൽ അറസ്റ്റിലാകുന്ന ആറാമത്തെ വ്യക്തിയാണ് 40 കാരൻ. 2022 ഒക്ടോബറിൽ ആയിരുന്നു ക്രീസ്ലോ സർവ്വീസ് സ്‌റ്റേഷനിൽ സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിൽ 10 പേർക്ക് ജീവൻ നഷ്ടമായിരുന്നു. സംഭവത്തിൽ ഡൊണഗൽ ഡിവിഷനിലെ പോലീസാണ് അന്വേഷണം നടത്തുന്നത്.

Read More

ഡബ്ലിൻ: ശക്തമായ കാറ്റിനെ തുടർന്ന് അയർലൻഡിലെ ഒരു കൗണ്ടിയിൽ കൂടി യെല്ലോ വാണിംഗ് ഏർപ്പെടുത്തി മെറ്റ് ഐറാൻ. പടിഞ്ഞാറൻ കൗണ്ടിയായ മയോയിലാണ് മുന്നറിയിപ്പുള്ളത്. നേരത്തെ പടിഞ്ഞാറൻ കൗണ്ടികളായ ക്ലെയർ, ഗാൽവെ, കെറി എന്നിവിടങ്ങളിൽ ആയിരുന്നു യെല്ലോ വാണിംഗ് ഏർപ്പെടുത്തിയിരുന്നത്. മറ്റ് കൗണ്ടികൾക്ക് സമാനമായ രീതിയിൽ മയോയിലും ഇന്ന് വൈകീട്ട് 9 മണി മുതൽ യെല്ലോ വാണിംഗ് നിലവിൽവരും. നാളെ രാവിലെ 6 മണിവരെയാണ് മുന്നറിയിപ്പ് നിലനിൽക്കുക. അതിശക്തമായ പടിഞ്ഞാറൻ കാറ്റാണ് വീശുക. കാറ്റിന്റെ സാഹചര്യത്തിൽ യാത്രാ തടസ്സം ഉൾപ്പെടെ നിരവധി ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം.

Read More