കൊട്ടാരക്കരയെന്നാൽ ബാലകൃഷ്ണപിള്ള എന്നറിയപ്പെട്ടിരുന്ന അഞ്ച് പതിറ്റാണ്ട് കാലം . 1977 മുതൽ 2001 വരെ . എന്നാൽ 2006 ൽ അത് മാറ്റി എഴുതപ്പെട്ടു. ഐഷ പോറ്റിയോട് പരാജയപ്പെട്ടതോടെയാണ് ആ ചരിത്രം തിരുത്തിയെഴുതിയത്.കേരളരാഷ്ട്രീയത്തിലെ അതികായനെ തറപറ്റിച്ച ഐഷാ പോറ്റി 12000ത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണന്ന് ജയിച്ചു കയറിയത്.
അഞ്ചു പതിറ്റാണ്ട് കേരളാ കോൺഗ്രസുകാരനായും, കോൺഗ്രസുകാരനായും, കേരള കോൺഗ്രസ് ബി നേതാവായും തിളങ്ങിയ ആർ.ബാലകൃഷ്ണപ്പിള്ളക്ക് പിന്നീടൊരു ജയം അവിടെ ഉണ്ടായിട്ടില്ല. അന്നു മുതൽ അടുത്ത മൂന്ന് ടേമും ജയം ഐഷാ പോറ്റിക്കൊപ്പമായിരുന്നു.
2000 ത്തിൽ കൊട്ടാരക്കരയിൽ നിന്ന് ജില്ലാ പഞ്ചായത്തിൽ മത്സരിച്ചാണ് ഐഷാപോറ്റിയെന്ന പഴയ എസ് എഫ് ഐ നേതാവ് സജീവ രാഷ്ട്രീയത്തിലെത്തിയത്. 2005വരെ കൊല്ലം ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്നു ഐഷപോറ്റി. 2005-ൽ നടന്ന തിരഞ്ഞെടുപ്പിലും ജില്ലാപഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപെട്ടെങ്കിലും 2006-ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചതിനേ തുടർന്ന് ഈ സ്ഥാനം രാജിവച്ചു.
2011ൽ ഐഷ പോറ്റിയുടെ ഭൂരിപക്ഷം 20000 ആയും 2016ൽ 40000 ആയും ഉയർന്നു. എന്നാൽ ഒരു മണ്ഡലത്തിൽ രണ്ട് തവണ തുടർച്ചയായി മത്സരിച്ചവർക്ക് വീണ്ടും അവസരം നൽകേണ്ടതില്ലെന്ന സിപിഎമ്മിന്റെ പ്രഖ്യാപിത നയത്തിൽ ഐഷ പോറ്റി തഴയപ്പെട്ടു. 2021ൽ ഐഷ പോറ്റിക്ക് പകരം അവിടെ മത്സരിച്ചത് ഇന്നത്തെ ധനമന്ത്രി കെ.എൻ ബാലഗോപാൽ. എന്നാൽ പിന്നീട് കൊട്ടാരക്കര കണ്ടത് ഐഷ പാർട്ടിയിൽ നിന്ന് അകലുന്നതാണ്. സിപിഎം കൊട്ടാരക്കര ജില്ലാ കമ്മറ്റിയിൽനിന്നും കൊട്ടാരക്കര ഏരിയാ കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയ ഐഷാ പോറ്റിയെ പിന്നീട് ഏരിയാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി. പാർട്ടി ചുതലകളൊന്നും നൽകിയുമില്ല.
പിന്നീട് ഐഷാപോറ്റിയെ കാണുന്നത് കോൺഗ്രസ് അംഗത്വം സ്വീകരിച്ചു കൊണ്ടായിരുന്നു. തനിക്ക് തന്റേതായ വ്യക്തിത്വം ഉണ്ടെന്ന് ഉറക്കെ പറഞ്ഞ ഐഷാ പോറ്റി തന്നെ ക്ഷണിക്കാത്തവർക്കൊപമില്ലെന്നും വ്യക്തമായി പറഞ്ഞു. കൊട്ടാരക്കരയിലെ അതികായനെ വീഴ്ത്തിയ ഐഷാപോറ്റി ഇന്ന് വീണ്ടും എത്തുന്നത് കേരളത്തിന്റെ ധനകാര്യമന്ത്രിയെ തന്നെ വീഴ്ത്താനാണ് . ജനം കാത്തിരിക്കുകയാണ് , ചില കാഴ്ച്ചകൾക്കായി…

