ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിലെ ബൊട്ടാണിക് ഗാർഡൻ 24 മണിക്കൂറും തുറന്ന് നൽകാനുള്ള തീരുമാനത്തിനെതിരെ പ്രദേശവാസികളും പരിസ്ഥിതി സ്നേഹികളും രംഗത്ത്. തീരുമാനം അനുചിതമാണെന്നും, ഇത് ബൊട്ടാണിക്കൽ ഗാർഡനുകളിൽ നിരവധി നാശനഷ്ടങ്ങൾക്ക് കാരണമാകുമെന്നും പ്രദേശവാസികൾ അഭിപ്രായപ്പെട്ടു. ഗാർഡന്റെ 200ാം വാർഷികത്തോട് അനുബന്ധിച്ചാണ് 24 മണിക്കൂറും തുറന്ന് കൊടുക്കാൻ ബെൽഫാസ്റ്റ് സിറ്റി കൗൺസിൽ ആലോചിക്കുന്നത്. നിലവിൽ ഇതിനെ അനുകൂലിച്ച് കൗൺസിലർമാർ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.
വടക്കൻ അയർലന്റിലെ ഒരേയൊരു ബൊട്ടാണിക്കൽ ഗാർഡനാണ് ബെൽഫാസ്റ്റിലെ ബൊട്ടാണിക് ഗാർഡൻ. സസ്യജാലങ്ങൾക്ക് പുറമേ പാം ഹൗസ്, ട്രോപ്പിക്കൽ റാവിൻ ഹൗസ് തുടങ്ങിയവയും ഇവിടെയുണ്ട്. തുടർച്ചയായി ആളുകൾ എത്തുന്നത് അപൂർവ്വയിനം സസ്യജാലങ്ങൾ നശിക്കുന്നതിനും കെട്ടിടങ്ങൾക്ക് കേടുപാടുകൾ ഉണ്ടാകുന്നതിനും കാരണമായേക്കുമെന്നാണ് ഉയരുന്ന അഭിപ്രായം.

