ഡബ്ലിൻ: ഗാസയ്ക്കായി ഡബ്ലിൻ നഗരത്തിൽ അണിചേർന്ന് ആരോഗ്യപ്രവർത്തകർ. ഇന്നലെ നഗരത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിൽ ഡോക്ടർമാരും മറ്റ് ആരോഗ്യപ്രവർത്തകരും ഉൾപ്പെടെ രണ്ടായിരത്തോളം പേരാണ് പങ്കെടുത്തത്. ഇസ്രായേലിന്റെ ആക്രമണത്തെ തുടർന്ന് രാപ്പകലില്ലാതെ ജോലി നോക്കേണ്ട അവസ്ഥയിലാണ് ഗാസയിലെ ആരോഗ്യപ്രവർത്തകരെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കി.
ഫാർമസിസ്റ്റ് ഫോർ പലസ്തീനിന്റെ നേതൃത്വത്തിൽ ആയിരുന്നു പ്രതിഷേധം. സെന്റ് സ്റ്റീഫൻസ് ഗ്രീനിലെ റോയൽ കോളേജ് ഓഫ് സർജൻസിൽ നിന്നാണ് പ്രതിഷേധക്കാർ പ്രകടനം ആരംഭിച്ചത്. ഇവർ ഡബ്ലിൻ സിറ്റി സെന്ററിൽ ഒത്തുകൂടുകയായിരുന്നു. ഗാസയിൽ കൈകാലുകൾ നഷ്ടമായ കുട്ടികളും അനസ്തേ ഷ്യ നൽകാതെ സിസേറിയനിലൂടെ പ്രസവിക്കുന്ന സ്ത്രീകളും ഉണ്ടെന്ന് ഫാർമസിസ്റ്റ് ഫോർ പലസ്തീന്റെ നിക്കോള കാന്റ്വെൽ പറഞ്ഞു. ഗാസയിൽ മരുന്നുകൾ ഇല്ല. ഇസ്രായേൽ കാരണം രാവും പകലും ആരോഗ്യപ്രവർത്തകർക്ക് ജോലി ചെയ്യേണ്ട സാഹചര്യമാണ് ഉള്ളത്. ഇവർക്ക് സ്വന്തം കുടുംബത്തെ കാണാനോ അവരുടെ കാര്യങ്ങൾ ശ്രദ്ധിക്കാനോ സമയം ലഭിക്കുന്നില്ലെന്നും കാന്റ്വെൽ കൂട്ടിച്ചേർത്തു.

