ഡബ്ലിൻ: അയർലൻഡിൽ ചരക്ക് നീക്കത്തിന് ഡ്രൈവർമാരെ ലഭിക്കാത്ത പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി ഐറിഷ് റോഡ് ഹാളേജ് അസോസിയേഷൻ. ചരക്ക് നീക്കം കൃത്യമായി നടക്കാതിരുന്നാൽ ക്രിസ്തുമസ് വിപണിയെ സാരമായി ബാധിക്കുമെന്ന് ഐആർഎച്ച്എ വ്യക്തമാക്കി. സംഭവത്തിൽ അടിയന്തിര ഇടപെടലും അസോസിയേഷൻ ആവശ്യപ്പെടുന്നുണ്ട്.
ഗാൽവെയിലെ പൊതുപരിപാടിയിൽ സംസാരിക്കുന്നതിനിടെ ഐആർഎച്ച്എ പ്രസിഡന്റാണ് ഡ്രൈവർമാരുടെ അഭാവം ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന മുന്നറിയിപ്പ് നൽകിയത്. ചരക്ക് നീക്കത്തിലെ നിലവിലെ പ്രതിസന്ധി സാധനങ്ങളുടെ അഭാവം, ഉയർന്ന വില, വൈകിയ ഡെലിവറി എന്നിവയ്ക്ക് കാരണമാകും. ഹെവി ഗുഡ്സ് വെഹിക്കിൾ ഡ്രൈവർമാരെ നിയമിക്കുകയാണ് ഇത് പരിഹരിക്കുന്നതിനുളള പ്രധാന വഴിയെന്നും അസോസിയേഷൻ വ്യക്തമാക്കി.

