കണ്ണൂർ : ധര്‍മ്മടം മണ്ഡലത്തിൽ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പിണറായി വിജയന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. തലശേരി ജില്ലാ രജിസ്ട്രാര്‍ ഓഫീസിലെത്തിയാണ് പത്രിക സമര്‍പ്പിച്ചത്. ഇപി ജയരാജന്, സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അടക്കമുള്ളവര്‍ മുഖ്യമന്ത്രിയ്ക്കൊപ്പമുണ്ടായിരുന്നു.
തുടർച്ചയായി മൂന്നാം തവണയാണ് പിണറായി വിജയന് ധര്‍മ്മടത്തുനിന്ന് ജനവിധി തേടുന്നത്. പത്തനാപുരം ഗാന്ധിഭവന് അന്തേവാസികളാണ് മുഖ്യമന്ത്രിക്ക് കെട്ടിവയ്ക്കാനുള്ള പണം കൈമാറിയത് . ഇന്നലെ വൈകിട്ട് മമ്പറത്ത് നടന്ന എല്‍ഡിഎഫ് കണ്‍വെന്‍ഷനിലാണ് പണം കൈമാറിയത്.
സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് എല്‍ഡിഎഫ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു. ബിനോയ് വിശ്വം, ശ്രേയസ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
ധര്‍മടം മണ്ഡലത്തില്‍ പിണറായി വിജയനെ നേരിടുന്നത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായ വി പി അബ്ദുല്‍ റഷീദാണ്. കഴിഞ്ഞ തവണ തളിപ്പറമ്പില്‍ എം വി ഗോവിന്ദന്റെ ഭൂരിപക്ഷം പകുതിയായി കുറച്ച ആത്മവിശ്വാസത്തില്‍ ആണ് ധര്‍മടത്ത് റഷീദ് മത്സരിക്കുന്നത്.

