Author: sreejithakvijayan

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ ദമ്പതികളെ പണം ആവശ്യപ്പെട്ട് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. ഓർബി കോർട്ട് മേഖലയിൽ ആയിരുന്നു സംഭവം. ദമ്പതികളുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മൂന്നംഗ സംഘമായിരുന്നു ആക്രമിച്ചതെന്നാണ് ദമ്പതികൾ പോലീസിന് നൽകിയിരിക്കുന്ന മൊഴി. ചൊവ്വാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. ഡെലിവറി ഏജന്റുമാരെന്ന് പറഞ്ഞാണ് മൂന്നംഗ സംഘം വീട്ടിൽ എത്തിയത്. വാതിൽ തുറന്നതോടെ മൂന്നംഗ സംഘം അതിക്രമിച്ച് വീടിനുള്ളിലേക്ക് കയറുകയായിരുന്നു. ഇരുവരെയും തള്ളി താഴെയിട്ട പ്രതികൾ മർദ്ദിച്ചു. പിന്നാലെ സംഘത്തിലൊരാൾ തോക്ക് ചൂണ്ടി പണം ആവശ്യപ്പെടുകയായിരുന്നു. ബഹളം കേട്ടതോടെ അയൽക്കാർ ഓടിയെത്തി. ഇതോടെ മൂന്നംഗ സംഘം രക്ഷപ്പെടുകയായിരുന്നു.

Read More

ഡബ്ലിൻ: അയർലന്റിൽ മലയാളി പെൺകുട്ടിയ്ക്ക് നേരെ വംശീയ ആക്രമണം ഉണ്ടായതായി റിപ്പോർട്ട്. ഐറിഷ് മലയാളി ദമ്പതികളായ  നവീൻ- അനുപ  എന്നിവരുടെ ആറ് വയസ്സുള്ള മകൾ നിയ നവീന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ കുട്ടിയ്ക്ക് പരിക്കേറ്റിരുന്നു. തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. വീടിന് പുറത്ത് കളിക്കുകയായിരുന്നു നിയ. ഇതിനിടെ കുട്ടികളുടെ ഒരു സംഘം നിയയെ ആക്രമിക്കുകയായിരുന്നു. കളിക്കുന്നതിനിടെ പെൺകുട്ടിയെ കുട്ടികളുടെ സംഘം സൈക്കിൾ കൊണ്ട് ഇടിച്ച് വീഴ്ത്തി. നിലത്ത് വീണ കുട്ടിയെ മറ്റുള്ളവർ ചേർന്ന് മുഖത്ത് അടിച്ചു. ഇതിനിടെ കുട്ടികളിൽ ഒരാൾ Dirty Indian, go back to India’ എന്ന് ആക്രോശിക്കുകയും ചെയ്തുവെന്നാണ് നിയ പറയുന്നത്. കഴിഞ്ഞ എട്ട് വർഷമായി നവീനും അനുപയും അയർലന്റിലാണ് താമസം. അടുത്തിടെയാണ് ഇവർക്ക് ഐറിഷ് പൗരത്വം ലഭിച്ചത്.  മകൾക്ക് നേരെയുണ്ടായ ക്രൂരത ദമ്പതികളെ വലിയ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

Read More

ഡബ്ലിൻ: ചെക്ക് ഇൻ റൂളിൽ മാറ്റം വരുത്തി റയാൻ എയർ. ഇനി മുതൽ മൊബൈൽ ഉപയോഗിച്ചുള്ള ചെക്ക് ഇൻ രീതി മാത്രമേ യാത്രികർക്ക് അനുവദിക്കൂവെന്നാണ് വിമാനക്കമ്പനി വ്യക്തമാക്കുന്നത്. പുതിയ നിയമം നവംബർ മൂന്ന് മുതൽ നിലവിൽ വരും. നടപടിക്രമങ്ങൾ പൂർണമായും പേപ്പർ രഹിതമാക്കുന്നതിന് വേണ്ടിയാണ് ചെക്ക് ഇൻ നിയമത്തിൽ കമ്പനി മാറ്റം വരുത്തുന്നത്. അയർലൻഡിലും യൂറോപ്പിലെ വിമാനത്താവളങ്ങളിലും റയാൻഎയർ യാത്രയ്ക്കായി ഇലക്ട്രോണിക് ബോർഡിംഗ് പാസ് കരുതണം. മൈ റയാൻഎയർ ആപ്പിൽ നിന്നും യാത്രികർക്ക് ബോർഡിംഗ് പാസുകൾ സ്വന്തമാക്കാം. ബോർഡിംഗ് പാസുകൾക്ക് വേണ്ടി മാത്രം പ്രതിവർഷം 300 ടൺ പേപ്പറാണ് ആവശ്യമായി വരുന്നത് എന്ന് റയാൻഎയർ വ്യക്തമാക്കി. ഇതൊഴിവാക്കുകയാണ് പുതിയ രീതിയുടെ ലക്ഷ്യം. മാത്രമല്ല ചെക് ഇൻ രീതി ഡിജിറ്റലാക്കുന്നത് യാത്രികർക്കും കൂടുതൽ സൗകര്യമാകുമെന്നും റയാൻഎയർ പറഞ്ഞു.

Read More

കെറി: കൗണ്ടി കെറിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൗമാരക്കാരൻ മരിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്ന് രാവിലെയായിരുന്നു മരിച്ചത്. വാഹനാപകടത്തിൽ കൗമാരക്കാരന് സാരമായി പരിക്കേറ്റിരുന്നു. ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു ലിക്സ്നോവിലെ ഡീർപാർക്കിലെ എൽ1029 റോഡിൽ അപകടം ഉണ്ടായത്. കൗമാരക്കാരൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെടുകയായിരുന്നു. കൗമാരക്കാരന്റെ പേര് വിവരങ്ങൾ ലഭ്യമല്ല. സംഭവത്തിന്റെ ദൃക്‌സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് വ്യക്തമാക്കി.

Read More

ഡബ്ലിൻ: അയർലൻഡിലെ മൂന്നിടങ്ങളിൽ പുതുതായി പ്രവർത്തനം ആരംഭിച്ച് യൂറോപ്കാർ. ഡബ്ലിൻ, ടിപ്പററി, ഡൊണഗൽ എന്നിവിടങ്ങളിലാണ് ഇനി മുതൽ യൂറോപ്കാറിന്റെ സേവനങ്ങൾ ലഭിക്കുക. അടുത്തിടെ രാജ്യത്ത് കമ്പനി 100 മില്യൺ യൂറോയുടെ നിക്ഷേപം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സേവനങ്ങൾ ആരംഭിച്ചത്. ഡബ്ലിനിലെ സാൻഡിഫോർഡ്, ടിപ്പററിയിലെ ക്ലോൺമെൽ, ഡൊണഗലിലെ ഡൊണഗൽ എയർപോർട്ട് എന്നിവിടങ്ങളിലാണ് സേവനങ്ങൾ ആരംഭിച്ചത്. ഇതോടൊപ്പം 15 പുതിയ തൊഴിലവസരങ്ങളും കമ്പനി സൃഷ്ടിച്ചു. അയർലന്റിന്റെ വിപണിയിൽ വലിയ വിശ്വാസം ഉണ്ടെന്ന് യൂറോപ്കാർ പ്രസ്താവനയിലൂടെ വ്യക്തമാക്കി. രാജ്യത്ത് കൂടുതൽ നിക്ഷേപം നടത്താൻ തങ്ങൾക്ക് പ്രചോദനം ആകുന്നത് അതാണ്. ഭാവിയിൽ അനന്തമായ സാദ്ധ്യതയാണ് ഐറിഷ് വിപണി തുറന്ന് വയ്ക്കുന്നത് എന്നും കമ്പനി അറിയിച്ചു.

Read More

ഡബ്ലിൻ: അയർലൻഡിൽ ഉയർന്ന മർദ്ദം രൂപപ്പെടാൻ സാദ്ധ്യത. ഇതിന്റെ സ്വാധീനത്താൽ രാജ്യത്ത് വരും ദിവസങ്ങളിൽ നല്ല ചൂടുള്ള കാലാവസ്ഥ അനുഭവപ്പെടും. ഈ വാരം 27 ഡിഗ്രി സെൽഷ്യസ് വരെ ചിലയിടങ്ങളിൽ താപനില രേഖപ്പെടുത്താൻ സാദ്ധ്യതയുണ്ടെന്നും മെറ്റ് ഐറാൻ വ്യക്തമാക്കി. ഈ വാരം മഴ ലഭിക്കാനുള്ള സാദ്ധ്യത കുറവാണ്. അതുകൊണ്ട് തന്നെ വരണ്ട കാലാവസ്ഥയായിരിക്കും വാരം മുഴുവനും അനുഭവപ്പെടുക. താപനില ശരാശരിയെക്കാൾ മുകളിലായിരിക്കും. ചിലപ്പോൾ ഉഷ്ണതരംഗം ഉണ്ടായേക്കാമെന്നും കാലാവസ്ഥാ വിദഗ്ധർ പ്രവചിക്കുന്നുണ്ട്.

Read More

ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ റോഡിൽ നിന്ന് വംശീയ അധിക്ഷേപ പരാമർശങ്ങൾ നടത്തിയ യുവാവിന് പിഴ. ന്യൂടൗണാബ്ബി സ്വദേശിയായ 38 കാരനാണ് പിഴ ചുമത്തിയത്. സീബ്രാ ക്രോസിംഗിൽ നിന്ന് ഇയാൾ വാഹനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുകയും ചെയ്തു. കഴിഞ്ഞ മാസം 10 ന് ആയിരുന്നു സംഭവം ഉണ്ടായത്. ക്‌ളോഫ്‌ഫെൻ റൗണ്ട്എബൗട്ടിൽ ആയിരുന്നു ഇയാളുടെ പരാക്രമം. വീടിന് സമീപത്തെ റോഡിൽ ഇറങ്ങി നിന്ന് ഇയാൾ ആളുകൾക്ക് നേരെ വംശീയ അധിക്ഷേപം നടത്തുകയായിരുന്നു. വൻ ഗതാഗത തടസ്സവും ഇയാൾ സൃഷ്ടിച്ചു. ഇതോടെ പോലീസ് എത്തി ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. 150 യൂറോ ആണ് ഇയാൾക്ക് കോടതി പിഴയിട്ടത്.

Read More

ഡബ്ലിൻ: ജൂലൈയിൽ അയർലൻഡിന്റെ കിഴക്ക്, പടിഞ്ഞാറ് കൗണ്ടികളിൽ ശക്തമായ മഴ ലഭിച്ചതായി റിപ്പോർട്ട്. ശരാശരിയ്ക്കും മുകളിലായിരുന്നു കൗണ്ടികളിൽ ലഭിച്ച മഴയെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. അതേസമയം തെക്ക്, വടക്കൻ മേഖലകളിൽ ശരാശരിയ്ക്കും താഴെ മഴയായിരുന്നു ലഭിച്ചത്. ഗാൽവെയിൽ കഴിഞ്ഞ മാസം 148.3 മില്ലീമീറ്റർ മഴയാണ് ലഭിച്ചത് എന്നാണ് ആതൻറി വെതർ സ്‌റ്റേഷനിൽ നിന്നുള്ള വിവരങ്ങളിൽ നിന്നും വ്യക്തമാകുന്നത്. ശരാശരിയെക്കാളും 44 ശതമാനം കൂടുതൽ ആയിരുന്നു ഇത്. ഇതേ സമയം മീത്ത് കൗണ്ടിയിലെ ഡൺസാനി മേഖലയിൽ മാത്രം 55.4 മില്ലീ മീറ്റർ മഴയാണ് ലഭിച്ചത്. ഡബ്ലിൻ നഗരത്തിൽ ജൂലൈ 21 ന് മാത്രം 50.9 മില്ലീ മീറ്റർ മഴയായിരുന്നു ലഭിച്ചത്. അതേസമയം അയർലന്റിൽ ഈ വർഷത്തെ ഏറ്റവും ചൂട് കൂടിയ മാസം കൂടിയായിരുന്നു ജൂലൈ.

Read More

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ മോഷ്ടിച്ച കാറുമായി അപകടം സൃഷ്ടിച്ചയാൾ അറസ്റ്റിൽ. 30 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച കാറുമായി അമിതവേഗതയിൽ പോലീസ് വാഹനങ്ങൾ ഉൾപ്പെടെയാണ് ഇയാൾ ഇടിച്ച് തെറിപ്പിച്ചത്. തിങ്കളാഴ്ച ഫാൾസ് റോഡ് മേഖലയിൽ ആയിരുന്നു സംഭവം. ഇവിടെ പട്രോളിംഗ് നടത്തുകയായിരുന്നു പോലീസ്. ഇതിനിടെയാണ് വാഹനവുമായി എത്തിയുള്ള യുവാവിന്റെ പരാക്രമം. അമിത വേഗതയിൽ മോഷ്ടിച്ച കാറുമായി എത്തിയ ഇയാൾ യാത്രികരുമായി പോകുകയായിരുന്ന ടാക്‌സിയിൽ ഇടിച്ചു. ഇതിന് ശേഷം പോലീസ് വാഹനങ്ങളിലും ഇടിച്ചു. ഇയാളെ പിന്തുടർന്ന പോലീസ് ഡൊണഗലിലെ ആളൊഴിഞ്ഞ സ്ഥലത്ത് നിന്നും പിടികൂടുകയായിരുന്നു.

Read More

ഡബ്ലിൻ: അയർലൻഡിലെ ജനന- മരണ നിരക്ക് സംബന്ധിച്ച ഏറ്റവും പുതിയ റിപ്പോർട്ട് പുറത്ത്. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസാണ് വിവരങ്ങൾ പുറത്തുവിട്ടത്. 2022 ലെ വിവരങ്ങളെ അടിസ്ഥാനത്തിലുള്ളതാണ് പുതിയ റിപ്പോർട്ട്. റിപ്പോർട്ട് അനുസരിച്ച് ഡബ്ലിനിലെ താലയാണ് അയർലൻഡിൽ ഏറ്റവുമധികം ജനന നിരക്ക് രേഖപ്പെടുത്തിയ ലോക്കൽ ഇലക്ടറൽ ഏരിയ. താലയിൽ ഓരോ ആയിരം പേർക്കും 13.7 കുഞ്ഞുങ്ങൾ വീതം എന്ന കണക്കിലായിരുന്നു ആ വർഷത്തെ ജനനം. അതേസമയം ജനന നിരക്ക് ഏറ്റവും കുറവ് ഡൊണഗലിലെ ഗ്ലെന്റീസിലാണ് . ഇവിടെ ഓരോ ആയിരം പേർക്കും 7.4 കുഞ്ഞുങ്ങൾ എന്ന നിരക്കിൽ ആയിരുന്നു ജനനനിരക്ക്. ആയിരം പേർക്ക് 10.2 എന്നതാണ് ആ വർഷത്തെ രാജ്യത്തെ ജനനനിരക്ക്. അതേസമയം അയർലൻഡിലെ 15 പ്രദേശങ്ങളിൽ മരണ നിരക്ക് വർദ്ധിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ആയിരം പേരിൽ 6.7 പേർ എന്നതാണ് ദേശീയ തലത്തിലെ മരണ നിരക്ക്. ഏറ്റവും കുറവ് മരണ നിരക്ക് ഉള്ളത് ബ്ലാഞ്ചാർഡ്‌സ്ടൗണിലാണ്.

Read More