ഡബ്ലിൻ: അയർലന്റിൽ മലയാളി പെൺകുട്ടിയ്ക്ക് നേരെ വംശീയ ആക്രമണം ഉണ്ടായതായി റിപ്പോർട്ട്. ഐറിഷ് മലയാളി ദമ്പതികളായ നവീൻ- അനുപ എന്നിവരുടെ ആറ് വയസ്സുള്ള മകൾ നിയ നവീന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ കുട്ടിയ്ക്ക് പരിക്കേറ്റിരുന്നു.
തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. വീടിന് പുറത്ത് കളിക്കുകയായിരുന്നു നിയ. ഇതിനിടെ കുട്ടികളുടെ ഒരു സംഘം നിയയെ ആക്രമിക്കുകയായിരുന്നു. കളിക്കുന്നതിനിടെ പെൺകുട്ടിയെ കുട്ടികളുടെ സംഘം സൈക്കിൾ കൊണ്ട് ഇടിച്ച് വീഴ്ത്തി. നിലത്ത് വീണ കുട്ടിയെ മറ്റുള്ളവർ ചേർന്ന് മുഖത്ത് അടിച്ചു. ഇതിനിടെ കുട്ടികളിൽ ഒരാൾ Dirty Indian, go back to India’ എന്ന് ആക്രോശിക്കുകയും ചെയ്തുവെന്നാണ് നിയ പറയുന്നത്.
കഴിഞ്ഞ എട്ട് വർഷമായി നവീനും അനുപയും അയർലന്റിലാണ് താമസം. അടുത്തിടെയാണ് ഇവർക്ക് ഐറിഷ് പൗരത്വം ലഭിച്ചത്. മകൾക്ക് നേരെയുണ്ടായ ക്രൂരത ദമ്പതികളെ വലിയ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

