ഡബ്ലിൻ: ചെക്ക് ഇൻ റൂളിൽ മാറ്റം വരുത്തി റയാൻ എയർ. ഇനി മുതൽ മൊബൈൽ ഉപയോഗിച്ചുള്ള ചെക്ക് ഇൻ രീതി മാത്രമേ യാത്രികർക്ക് അനുവദിക്കൂവെന്നാണ് വിമാനക്കമ്പനി വ്യക്തമാക്കുന്നത്. പുതിയ നിയമം നവംബർ മൂന്ന് മുതൽ നിലവിൽ വരും.
നടപടിക്രമങ്ങൾ പൂർണമായും പേപ്പർ രഹിതമാക്കുന്നതിന് വേണ്ടിയാണ് ചെക്ക് ഇൻ നിയമത്തിൽ കമ്പനി മാറ്റം വരുത്തുന്നത്. അയർലൻഡിലും യൂറോപ്പിലെ വിമാനത്താവളങ്ങളിലും റയാൻഎയർ യാത്രയ്ക്കായി ഇലക്ട്രോണിക് ബോർഡിംഗ് പാസ് കരുതണം. മൈ റയാൻഎയർ ആപ്പിൽ നിന്നും യാത്രികർക്ക് ബോർഡിംഗ് പാസുകൾ സ്വന്തമാക്കാം.
ബോർഡിംഗ് പാസുകൾക്ക് വേണ്ടി മാത്രം പ്രതിവർഷം 300 ടൺ പേപ്പറാണ് ആവശ്യമായി വരുന്നത് എന്ന് റയാൻഎയർ വ്യക്തമാക്കി. ഇതൊഴിവാക്കുകയാണ് പുതിയ രീതിയുടെ ലക്ഷ്യം. മാത്രമല്ല ചെക് ഇൻ രീതി ഡിജിറ്റലാക്കുന്നത് യാത്രികർക്കും കൂടുതൽ സൗകര്യമാകുമെന്നും റയാൻഎയർ പറഞ്ഞു.

