Author: sreejithakvijayan

ഡബ്ലിൻ: അയർലൻഡിൽ ഇനി മുതൽ പദ്ധതികളുടെ നടപ്പാക്കൽ അതിവേഗത്തിൽ. പദ്ധതികളുടെ മെല്ലെപ്പോക്ക് അവസാനിപ്പിക്കാൻ ആക്‌സിലറേറ്റിംഗ് ഇൻഫ്രാസ്ട്രക്ചർ ആക്ഷൻ പ്ലാൻ ആവിഷ്‌കരിക്കാനാണ് സർക്കാരിന്റെ തീരുമാനം. വികസനം വേഗത്തിലാക്കുകയാണ് സർക്കാർ ലക്ഷ്യം. നിലവിൽ ഭവന പദ്ധതികൾ ഉൾപ്പെടെ ഇഴഞ്ഞ് നീങ്ങുകയാണ്. ഈ സാഹചര്യത്തിലാണ് സർക്കാരിന്റെ പുതിയ നീക്കം. റോഡുകൾ, ജലശുദ്ധീകരണ പ്ലാന്റുകൾ, ഊർജ്ജ ഉപകേന്ദ്രങ്ങൾ, ആശുപത്രികൾ തുടങ്ങിയ നിർണായക പദ്ധതികളുടെ പ്ലാനിംഗിൽ ഉണ്ടാകുന്ന കാലതാമസം ഇതുവഴി ഇല്ലാതാക്കാം. പദ്ധതികൾക്ക് എതിർപ്പുമായി എത്തുന്ന കേസുകൾ സമർപ്പിക്കുന്ന മാറ്റങ്ങളും സർക്കാർ കൊണ്ടുവരും.

Read More

ഡബ്ലിൻ: ക്രമസമാധാന പാലത്തിന് അയർലൻഡിലെ ഗാർഡകൾക്ക് ഇനി ടേസറുകളും. ഇത് സംബന്ധിച്ച നിർദ്ദേശം നീതി മന്ത്രി ജിം ഒ കെല്ലഗൻ ഇന്ന് മന്ത്രിസഭയിൽ അവതരിപ്പിക്കും. അംഗീകാരം ലഭിച്ചാൽ ഉദ്യോഗസ്ഥർക്ക് ഉപകരണം കൈമാറും. ഗാർഡകൾ ടേസറുകൾ ഉപയോഗിക്കുന്നത് ചരിത്രത്തിൽ തന്നെ ആദ്യമാണ്. ഇതിനോടകം തന്നെ 128 ഫ്രണ്ട്‌ലൈൻ ഗാർഡകൾക്ക് ടേസറുകൾ ഉപയോഗിക്കുന്നതിനുള്ള പരിശീലനം നൽകിയിട്ടുണ്ട്. തുടക്കത്തിൽ ആറ് മാസത്തേയ്ക്കുള്ള പൈലറ്റ് പദ്ധതി എന്ന തരത്തിലാണ് ഗാർഡകൾക്ക് ടേസറുകൾ ഉപയോഗിക്കാൻ അനുമതി നൽകുന്നത്. പിന്നീട് വിലയിരുത്തിയ ശേഷം പദ്ധതി വ്യാപിപ്പിക്കും. ഡബ്ലിൻ, വാട്ടർഫോർഡ്, കിൽക്കെന്നി എന്നിവിടങ്ങളിൽ മൂന്ന് ഡിവിഷനുകളിലാണ് പ്രാരംഭഘട്ടത്തിൽ പദ്ധതി നടപ്പിലാക്കുന്നത്.

Read More

ഡബ്ലിൻ: അയർലൻഡിൽ മുതിർന്നവരിൽ നാലിൽ മൂന്ന് പേർക്കും സേവിംഗ്‌സ് അല്ലെങ്കിൽ ഡെപ്പോസിറ്റ് അക്കൗണ്ടുകൾ ഉണ്ടെന്ന് കണ്ടെത്തൽ. ബാങ്കിംഗ് ആൻഡ് പേയ്‌മെന്റ്‌സ് ഫെഡറേഷൻ അയർലൻഡിന് വേണ്ടി നടത്തിയ ഗവേഷണത്തിലാണ് ഇത് സംബന്ധിച്ച കണ്ടെത്തൽ. സമ്പാദിക്കുന്ന മൂന്നിലൊന്ന് പേരുടെയും അക്കൗണ്ടിൽ 5,000 യൂറോയിൽ താഴെയാണ് പണമുള്ളത് എന്നും കണ്ടെത്തിയിട്ടുണ്ട്. പ്രായത്തിന് അനുസരിച്ച് അയർലൻഡിലെ മുതിർന്നവർ നിക്ഷേപിക്കുന്ന തുകയിൽ വ്യാത്യാസമുണ്ട്.   സേവിംഗ്‌സ് അക്കൗണ്ടുകളുള്ളവരിൽ, 18-34 വയസ്സ് പ്രായമുള്ള ചെറുപ്പക്കാരാണ് ഏറ്റവും കുറഞ്ഞ സമ്പാദ്യം കൈവശം വയ്ക്കുന്നത്.  45ശതമാനം പേർക്ക് 5,000 യൂറോയിൽ താഴെയാണ് നിക്ഷേപമുള്ളത്.  എന്നാൽ 55- 64 പ്രായപരിധി ഉള്ളവർക്കും 65 വയസ്സിന് മുകളിലുള്ളവർക്കും  10,000 യൂറോയിൽ അധികമാണ് നിക്ഷേപം.

Read More

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റ് സിറ്റി ഹാളിൽ പലസ്തീൻ പതാക ഉയർത്തി. ഇന്നലെ വൈകീട്ട് ചേർന്ന കൗൺസിൽ യോഗത്തിൽ നടന്ന വോട്ടെടുപ്പിന് പിന്നാലെയാണ് പതാക ഉയർത്തിയത്. അതേസമയം ഇത് രണ്ടാമത്തെ തവണയാണ് വിഷയത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. സിറ്റി ഹാളിൽ പതാക സ്ഥാപിക്കുന്നത് സംബന്ധിച്ച് സിൻ ഫെയിനാണ് പ്രമേയം കൊണ്ടുവന്നത്. ഇത് 32 വോട്ടുകൾക്ക് പാസാകുകയായിരുന്നു. അതേസമയം 28 പേർ ഇത് എതിർത്തു. ഇക്കഴിഞ്ഞ ജനുവരിയില് ആൻ അലയൻസ് പാർട്ടിയും സമാന പ്രമേയം അവതരിപ്പിച്ചിരുന്നു. എന്നാൽ 11 നെതിരെ 49 വോട്ടുകൾക്ക് ഇത് പരാജയപ്പെടുകയായിരുന്നു.

Read More

സ്ലൈഗോ: കൗണ്ടി സ്ലൈഗോയിൽ സ്‌കൂളിന്റെ നിർമ്മാണ പദ്ധതികൾക്ക് പ്രാധാന്യം നൽകണമെന്നും നിലവിലെ പദ്ധതികൾ വേഗത്തിൽ ആക്കണമെന്നും ആവശ്യം. സ്ലൈഗോ കൗണ്ടി കൗൺസിലിലെ കൗൺസിലർമാരാണ് വിദ്യാഭ്യാസ മന്ത്രിയോട് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച് കൗൺസിലിൽ അവതരിപ്പിച്ച പ്രമേയത്തെ കൗൺസിലർമാർ പിന്തുണച്ചു. കൗൺസിലർ മേരി കാസർലിയാണ് പ്രമേയം അവതരിപ്പിച്ചത്. ഗെയ്ൽസ്‌കോയിൽ ച്‌നോക് നാ റീ, ഉർസുലിൻ കോളേജ്, ഗ്രേഞ്ച് പോസ്റ്റ് പ്രൈമറി സ്‌കൂൾ എന്നീ നിർമ്മാണ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കണം എന്ന് പ്രമേയം മന്ത്രിയോട് ആവശ്യപ്പെട്ടു. കാലതാമസത്തെ തുടർന്ന് ഉർസുലിൻ കോളേജിന്റെ ആസൂത്രണ അനുമതി നഷ്ടമാകുമോയെന്ന് ഭയമുണ്ടെന്നും കൗൺസിലർമാർ പ്രതികരിച്ചു.

Read More

ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം. യുക്രെയ്ൻ പ്രസിഡന്റ് വ്‌ളാഡിമിർ സെലൻസ്‌കിയുടെ സന്ദർശനത്തോട് അനുബന്ധിച്ചാണ് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. നിയന്ത്രണത്തെ തുടർന്ന് വാഹന യാത്രികർക്ക് ബുദ്ധിമുട്ട് നേരിടാം. ഇന്ന്  നഗരത്തിൽ മുഴുവനായി യാത്രയ്ക്ക് തടസ്സം നേരിടാം. സുരക്ഷയെ കരുതി നഗരത്തിന്റെ പല ഭാഗങ്ങളും പോലീസ് അടച്ചിട്ടുണ്ട്. ഇതാണ് ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നതിന് കാരണം. ഇന്ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 മണിവരെ ഫീനിക്‌സ് പാർക്കിലെ ചെസ്റ്റർഫീൽഡ് അവന്യൂ അടച്ചിടും. പ്രസിഡന്റ് കാതറിൻ കനോലിയെ കാണാൻ സെലൻസ്‌കി എത്തുന്ന പശ്ചാത്തലത്തിലാണ് ഇത്.  കിൽഡെയർ സ്ട്രീറ്റ്, മെറിയോൺ സ്ട്രീറ്റ്, മെറിയോൺ സ്‌ക്വയർ, ഗവൺമെന്റ് ബിൽഡിംഗ്‌സ് ഏരിയ എന്നിവിടങ്ങളിൽ രാവിലെ 11 മണി മുതൽ ഗതാഗത നിയന്ത്രണങ്ങൾ നിലവിൽവരും. സെന്റ് സ്റ്റീഫൻസ് ഗ്രീൻ സൗത്ത് ആൻഡ് ഈസ്റ്റ്, ലീസൺ സ്ട്രീറ്റ് എന്നിവിടങ്ങളിൽ ഉച്ചകഴിഞ്ഞ് 3.30 മുതൽ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കും. അതേസമയം സെലൻസ്‌കിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് അതീവ സുരക്ഷയാണ് നഗരത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്.

Read More

ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിലെ രാഷ്ട്രീയ നേതാക്കളെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു. അതേസമയം ഭീഷണി ഉയർന്ന നേതാക്കൾക്ക് പോലീസ് പ്രത്യേക ശ്രദ്ധ നൽകിവരുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് മുഖം മൂടി ധരിച്ചെത്തിയ മൂന്നംഗ സംഘം രാഷ്ട്രീയക്കാരെ ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നത്. ന്യൂറി, മോർണെ, ഡൗൺ എന്നിവിടങ്ങളിലെ കൗൺസിലർമാരുടെയും എംഎൽഎമാരുടെയും നീക്കങ്ങൾ തങ്ങൾ നിരീക്ഷിച്ചുവരികയാണെന്നായിരുന്നു വീഡിയോയിൽ സംഘം പറഞ്ഞത്. ഇവരുടെ വിലാസങ്ങളും മറ്റ് വിവരങ്ങളും തങ്ങളുടെ പക്കൽ ഉണ്ടെന്നും ഇവർ പറഞ്ഞിരുന്നു. ന്യൂ റിപ്പബ്ലിക്കൻ മൂവ്‌മെന്റ് എന്ന് സ്വയം വിശേഷിപ്പിച്ചുകൊണ്ടായിരുന്നു ഇവർ ഭീഷണിയുമായി രംഗത്ത് എത്തിയത്.

Read More

ഡബ്ലിൻ: അയർലൻഡിൽ ഈ വാരം ഇടിമിന്നലിന് സാധ്യതയുണ്ടെന്ന പ്രവചനവുമായി മെറ്റ് ഐറാൻ. പൊതുവെ അസ്ഥിര കാലാവസ്ഥയായിരിക്കും ഈ വാരം അനുഭവപ്പെടുക. അതേസമയം വെയിലും കൂടുതലായിരിക്കുമെന്നും മെറ്റ് ഐറാൻ പ്രവചിക്കുന്നു. ഇന്ന് പൊതുവെ തെളിഞ്ഞ കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുക. നേരിയ കാറ്റ് വീശാം. വെയിലുള്ള കാലാവസ്ഥ ഉണ്ടാകും. ചിലയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്. വൈകീട്ടോടെ ചില ഭാഗങ്ങളിൽ മഴ കനക്കാം. മഴയോടൊപ്പം അതിശക്തമായ ഇടിമിന്നലും അനുഭവപ്പെടും.

Read More

ഡബ്ലിൻ: ഫിക്‌സ്ഡ് ചാർജ് മോഡലിനെതിരെ പ്രതിഷേധം ശക്തമാക്കി ഊബർ ടാക്‌സി ഡ്രൈവർമാർ. ഡബ്ലിനിൽ നാളെയും പ്രതിഷേധിക്കും. ഉച്ചയ്ക്ക് ശേഷം ആയിരിക്കും ഡബ്ലിൻ നഗരത്തിൽ ഊബർ ടാക്സി ഡ്രെെവർമാർ അണിനിരക്കുക. കഴിഞ്ഞ വാരത്തിലും ഡ്രൈവർമാർ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ തവണ 1500 ഓളം ഊബർ ഡ്രൈവർമാർ പ്രതിഷേധത്തിന്റെ ഭാഗമായി. എന്നാൽ നാളെ നടക്കുന്ന പ്രതിഷേധത്തിൽ കൂടുതൽ പേർ അണിനിരക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ആറായിരത്തിലധികം ഊബർ ഡ്രൈവർമാരാണ് അയർലൻഡിൽ ഉള്ളത്. ഫിക്‌സ്ഡ് ചാർജ് മോഡൽ കൊള്ളയാണെന്നും ഇത് കടുത്ത സാമ്പത്തിക ആഘാതം സൃഷ്ടിക്കുമെന്നാണ് ഊബർ ഡ്രൈവർമാർ വ്യക്തമാക്കുന്നത്.

Read More

കാവൻ: കൗണ്ടി കാവനിൽ പക്ഷിപ്പനി ബാധ സ്ഥിരീകരിച്ചു. കൗണ്ടിയിലെ ടർക്കി ഫാമിലാണ് രോഗം കണ്ടെത്തിയത്. അതേസമയം രാജ്യത്തെ കൂടുതൽ സ്ഥലങ്ങളിൽ പക്ഷിപ്പനി ബാധ സ്ഥിരീകരിക്കുന്നത് കാർഷിക മേഖലയെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. കൃഷിവകുപ്പാണ് കാവനിലെ പക്ഷിപ്പനി ബാധ സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ ഫാമിന് സമീപത്തെ പ്രദേശം നിയന്ത്രിത മേഖലയായി പ്രഖ്യാപിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ രാജ്യത്ത് അഞ്ചാമത്തെ പ്രദേശത്താണ് രോഗം സ്ഥിരീകരിക്കുന്നത്. ഹൗസിംഗ് ഓർഡർ നിലനിൽക്കെയാണ് പക്ഷികളിൽ രോഗബാധ കണ്ടെത്തിയത് എന്നത് കർഷകരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഇതുവരെ കാർലോ, മീത്ത്, മൊനാഘൻ, ലാവോയിസ്, കാവൻ എന്നീ കൗണ്ടികളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്.

Read More