ന്യൂഡൽഹി : യുഎസ് സമ്മർദ്ദത്തെത്തുടർന്ന് റഷ്യൻ എണ്ണ ഇറക്കുമതി നിർത്തിവച്ചെങ്കിലും, റഷ്യയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാനമായ സുഖോയ് എസ്.യു.-57ഇ വാങ്ങുന്നതിനുള്ള നീക്കവുമായി ഇന്ത്യ മുന്നോട്ട് പോകുകയാണ് . ബെംഗളൂരുവിൽ നടന്ന എയ്റോ ഇന്ത്യ 2025 ൽ, റഷ്യയും അമേരിക്കയും യഥാക്രമം അവരുടെ അഞ്ചാം തലമുറ ഫൈറ്റർ വിമാനങ്ങളായ സു-57 ഉം എഫ്-35 ഉം പ്രദർശിപ്പിച്ചിരുന്നു . സാങ്കേതികവിദ്യ കൈമാറ്റത്തിനൊപ്പം എസ്.യു.-57ഇ ന്റെ സംയുക്ത നിർമ്മാണവും റഷ്യ മുന്നോട്ട് വയ്ക്കുന്നുണ്ട്.
ഏകദേശം 40 വിമാനങ്ങൾ വാങ്ങുന്നതിന് ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (ഡിഎസി) ഉടൻ അനുമതി നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ശബ്ദത്തിന്റെ ഇരട്ടി വേഗതയിൽ പറക്കാൻ കഴിയുന്ന യുദ്ധവിമാനമാണിത് . കഴിവുകളുടെ കാര്യത്തിൽ ഇതിനെ പലപ്പോഴും യുഎസ് എഫ്-35 മായി താരതമ്യപ്പെടുത്താറുണ്ട്.
ചെങ്ഡു ജെ-20, ഷെൻയാങ് ജെ-35 ഫൈറ്റർ വിമാനങ്ങൾ ഉൾപ്പെടെയുള്ള ചൈനയുടെ സ്റ്റെൽത്ത് കപ്പലിന്റെ ദ്രുതഗതിയിലുള്ള വികാസത്തിനിടയിലാണ് അഞ്ചാം തലമുറ യുദ്ധവിമാനം വാങ്ങാൻ ഇന്ത്യ ഒരുങ്ങുന്നത്. ചൈന പാകിസ്ഥാന് 40 ജെ-35 വിമാനങ്ങൾ വാഗ്ദാനം ചെയ്തതായും റിപ്പോർട്ടുകളുണ്ട് . എന്നാൽ F-35 നെക്കാൾ കൂടുതൽ പ്രായോഗികമായ ഓപ്ഷനാണ് Su-57
റഡാറുകളുടെ കണ്ണ് വെട്ടിച്ച് പറക്കാനും ശേഷിയുള്ളതാണ് സുഖോയ് . സുഖോയ് ജെറ്റുകളുടെ നിർമ്മാതാവായ യുണൈറ്റഡ് എയർക്രാഫ്റ്റ് കോർപ്പറേഷൻ (യുഎസി) ഇന്ത്യയുമായുള്ള സാങ്കേതിക കൂടിയാലോചനകൾ അവസാന ഘട്ടത്തിലാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ത്യൻ വ്യോമസേന നിലവിൽ ഉപയോഗിക്കുന്ന Su-30MKI നിർമ്മിക്കുന്ന സൗകര്യങ്ങളിൽ സോഴ്സ് കോഡും പ്രാദേശിക ഉൽപ്പാദനവും ഈ കരാറിൽ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. സോഴ്സ് കോഡിലേക്കുള്ള പ്രവേശനം ഇന്ത്യയ്ക്ക് വിമാനത്തിൽ തദ്ദേശീയമായി പരിഷ്കാരങ്ങൾ വരുത്താൻ അനുവദിക്കും. അതേസമയം, ഫ്രാൻസിൽ നിന്നുള്ള 114 റാഫേൽ യുദ്ധവിമാനങ്ങൾക്കായുള്ള കരാർ കഴിഞ്ഞ ആഴ്ച അന്തിമമാക്കി.
എഫ്-35 വാഗ്ദാനം ചെയ്യാൻ അമേരിക്ക സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും, വിലയിൽ കാര്യമായ വ്യത്യാസമുണ്ട്. എഫ്-35 ന് യൂണിറ്റിന് ഏകദേശം 900-950 കോടി രൂപ വില വരുമെന്ന് കണക്കാക്കപ്പെടുന്നു. അതേസമയം സുഖോയ്ക്ക് ഏകദേശം 650 കോടി രൂപയാണ് വില . കൂടാതെ, ഇന്ത്യയ്ക്ക് ഒരു പ്രധാന ഘടകമായ സോഴ്സ് കോഡ് യുഎസ് പങ്കിടാനും സാധ്യതയില്ല.
സുഖോയ് സവിശേഷതകൾ
ഇരട്ട എഞ്ചിൻ, മൾട്ടി-റോൾ യുദ്ധവിമാനമാണ് സുഖോയ്
ഏകദേശം 2,130 കിലോമീറ്റർ/മണിക്കൂറിൽ പരമാവധി വേഗത
ഏകദേശം 10,000 കിലോഗ്രാം പേലോഡ് ശേഷി
മൾട്ടി-ട്രാക്കിംഗ് SH-121 റഡാർ സിസ്റ്റം
എല്ലാ കാലാവസ്ഥയിലും ഫലപ്രദമായി പ്രവർത്തിക്കാൻ കഴിവുള്ള യുദ്ധവിമാനം

