തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അവയവദാനം . വാഹനാപകടത്തെ തുടർന്ന് മരിച്ച കിളിമാനൂർ സ്വദേശി ജിജിൻ (37) ന്റെ ഹൃദയം, കരൾ, വൃക്കകൾ, കോർണിയ എന്നിവ ദാനം ചെയ്തു. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ക്ലാർക്കായിരുന്നു ജിജിൻ. വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു . ഇന്നലെയാണ് മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്.
തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിക്കാണ് ജിജിന്റെ ഹൃദയം ദാനം ചെയ്തത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് കിംസിലേക്ക് ഹൃദയം കൊണ്ടുപോയി. ശസ്ത്രക്രിയാ നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വൃക്കകൾക്കും കോർണിയകൾക്കും വേണ്ടിയുള്ള സ്വീകർത്താക്കളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരു വൃക്കയും കരളും രാവിലെ 9 മണിയോടെ കിംസ് ആശുപത്രിയിലേക്ക് എത്തിച്ചു . ഒരു വൃക്ക നിലവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിക്ക് നൽകും.
ഫെബ്രുവരി 22 ന് പുലർച്ചെ ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ കല്ലമ്പലത്തിനടുത്ത് തോട്ടക്കാടിനടുത്ത് വെച്ച് കാർ ഇടിച്ചാണ് ജിജിൻ അപകടത്തിൽപ്പെട്ടത്. ജിജിനെ ആദ്യം ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. ഇന്നലെ രാത്രിയോടെ മരിച്ചു.

