- നാട്ടിക എംഎൽഎ സി.സി. മുകുന്ദനെ സിപിഐ പുറത്താക്കി
- കെ ജി സനൽകുമാർ പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ
- ഇന്ത്യൻ സൈനികർ കൈകളിലേന്തി , പ്രാചി കല്യാണമണ്ഡപത്തിലേയ്ക്ക് : വീരമൃത്യു വരിച്ച സൈനികന്റെ മകളുടെ വിവാഹം നടത്താൻ ഇന്ത്യൻ സൈനികർ നേരിട്ടെത്തി
- ‘ ഗർഭിണിയായാൽ മാത്രമേ ഞാൻ സിനിമകളിൽ നിന്ന് ഇടവേള എടുക്കൂ ; അവസാന ശ്വാസം വരെ അഭിനയിക്കണമെന്നാണ് എന്റെ ആഗ്രഹം ‘ ; തൃഷ
- ഈ ലോകകപ്പ് പള്ളിയിലേക്കോ, മസ്ജിദിലേക്കോ കൊണ്ടുപോകുമോ ? ഇന്ത്യൻ ടീമിനെ വിമർശിച്ച് സന്ദീപ് വാര്യർ
- നോറോവൈറസ് വ്യാപനം; ബുദ്ധിമുട്ടിലായി കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ
- ആൻഡ്രിമിൽ തീപിടിത്തം; 50 കാരൻ മരിച്ചു
- 20 ന്റെ നിറവിൽ ദ്രോഗെഡ ഇന്ത്യൻ അസോസിയേഷൻ; നയിക്കാൻ ഇനി ഇവർ
Author: sreejithakvijayan
ലാൻസ്ടൗൺ: നോർത്ത് ഡബ്ലിനിൽ ഇരുചക്ര വാഹനം ഇടിച്ച് പോലീസുകാരൻ മരിച്ചു. ലാൻസ്ടൗണിലായിരുന്നു സംഭവം. പോലീസുകാരനെ ഇടിച്ച ഇരുചക്രവാഹന യാത്രികനും പരിക്കുണ്ട്. ഇന്നലെ ആയിരുന്നു സംഭവം. പ്രദേശത്ത് വാഹനങ്ങളുടെ വേഗപരിശോധന നടത്തുകയായിരുന്നു പോലീസുകാരൻ. ഇതിനിടെ മോട്ടോർസൈക്കിൾ ഇടിക്കുകയായിരുന്നു. അപകടത്തിൽ അദ്ദേഹത്തിന് സാരമായി പരിക്കേറ്റു. ഉടനെ സഹപ്രവർത്തകർ ചേർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അപകടത്തിന് പിന്നാലെ ലാൻസ്ടൗണിലെ ആർ132 അടച്ചു. ഇതുവഴിയുള്ള ഗതാഗതം വഴിതിരിച്ചുവിട്ടു.
കിൽഡെ: വീട്ടിലെ സ്വിമ്മിംഗ് പൂളിൽ വീണ് അയർലന്റ് മലയാളി ദമ്പതികളുടെ മകന് ദാരുണാന്ത്യം. പത്തനംതിട്ട ചന്ദനപ്പള്ളി സ്വദേശികളായ ലിജോ- ലീന ദമ്പതികളുടെ മകൻ ജോർജ്ജ് സക്കറിയ ആണ് മരിച്ചത്. രണ്ട് വയസ്സാണ് കുട്ടിയുടെ പ്രായം. ചന്ദനപ്പള്ളിയിലെ വീട്ടിൽവച്ചായിരുന്നു സംഭവം. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം കുട്ടിയുടെ മൃതദേഹം ഞായറാഴ്ച സംസ്‌കരിച്ചു. ചന്ദനപ്പള്ളി സെന്റ് ജോർജ്ജ് ഓർത്തഡോക്‌സ് പള്ളിയിൽ ആയിരുന്നു സംസ്‌കാര ചടങ്ങുകൾ. കിൽഡെയിലുള്ള ആതിയിൽ ആണ് ലിജോ- ലീന ദമ്പതികൾ താമസിച്ചുപോരുന്നത്. ഒരാഴ്ച മുൻപാണ് ഇവർ ചന്ദനപ്പള്ളിയിലെ വീട്ടിൽ എത്തിയത്.
ഡബ്ലിൻ: കേരള ഹൗസ് നടത്തിയ വള്ളംകളി മത്സരത്തിൽ ആഹാ ബോട്ട് ക്ലബ്ബ് ജേതാക്കൾ. ക്യാപ്റ്റൻ സുധിൻ എടത്വയുടെ നേതൃത്വത്തിലുള്ള സംഘമാണ് കപ്പ് സ്വന്തമാക്കിയത്. കാർലോയിൽ കഴിഞ്ഞ ദിവസം ആയിരുന്നു വള്ളംകളി മത്സരം. ഐറിഷ് ഡ്രാഗൺ ബോട്ട് അസോസിയേഷന്റെ സഹകരണത്തോടെയാണ് വള്ളം കളി മത്സരം സംഘടിപ്പിച്ചത്. ടൗൺ പാർക്ക് റിവർ ബോറോയിൽ ആയിരുന്നു മത്സരം. ആവേശോജ്ജ്വലമായ വള്ളംകളിയിൽ അയർലന്റിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള 21 ടീമുകൾ മാറ്റുരച്ചു.
ബെൽഫാസ്റ്റ്: വളർത്തു മൃഗങ്ങളുടെ സംരക്ഷണത്തിനായി കിഴക്കൻ ബെൽഫാസ്റ്റിൽ പട്രോളിംഗ് വർദ്ധിപ്പിച്ച് പോലീസ്. പൂച്ചയെ പ്ലാസ്റ്റിക് ബാഗുകൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. അഞ്ച് വയസ്സുള്ള പൂച്ചയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പോലീസ് അന്വേഷണവും പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. പ്രദേശവാസിയായ ലോറ ഷാർപ്പ് വളർത്തുന്ന പൂച്ചകളിൽ ഒന്നായിരുന്നു കൊല്ലപ്പെട്ടത്.വുഡ്‌സ്റ്റോക്ക് മേഖലയിലെ റോസ്‌ബെറി ഗാർഡനിൽ വഴിയാത്രികരാണ് പൂച്ചയുടെ ജഡം കണ്ടത്. കഴുത്തിൽ പ്ലാസ്റ്റിക് കവർ കുരുങ്ങിയ നിലയിൽ ആയിരുന്നു പൂച്ചയുടെ ജഡം. ഇതേ തുടർന്നാണ് ആരോ മനപ്പൂർവ്വം പൂച്ചയെ കൊലപ്പെടുത്തിയതാണെന്ന നിഗമനത്തിൽ പോലീസ് എത്തിയത്. നേരത്തെ തന്റെ മറ്റൊരു പൂച്ചയെ കത്തി ഉപയോഗിച്ച് അജ്ഞാതൻ മുറിപ്പെടുത്തിയതായി ലോറ ഷാർപ്പ് പോലീസിനോട് വെളിപ്പെടുത്തി.
കൗണ്ടി ക്ലെയർ: ക്ലെയറിൽ വൻതോതിൽ കഞ്ചാവ് പിടികൂടി പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് 60 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയിൽ ഹാജരാക്കും. 10 മില്യൺ യൂറോ വിലവരുന്ന കഞ്ചാവാണ് 60 കാരനിൽ നിന്നും പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കഴിഞ്ഞ ദിവസവും ക്ലെയറിൽ പോലീസ് വൻ ലഹരി ശേഖരം പിടിച്ചെടുത്തിരുന്നു. 500 കിലോയോളം വരുന്ന കഞ്ചാവായിരുന്നു പിടിച്ചെടുത്തത്. ഈ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു.
ഡബ്ലിൻ: നഗരത്തിൽ 20 കാരന് നേരെയുണ്ടായ ആക്രമണത്തിൽ കൂടുതൽ വിവരങ്ങൾക്കായി പൊതുജനസഹായം തേടി പോലീസ്. സംഭവത്തിന് ദൃക്‌സാക്ഷികളായവർ ഉടനെ സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ഇന്നലെയാണ് ഡബ്ലിനിൽ 20 കാരന് നേരെ ആക്രമണം ഉണ്ടായത്. കിൽക്രോണൻ വ്യൂവിൽ ആയിരുന്നു സംഭവം. ആക്രമണത്തിൽ പരിക്കേറ്റ 20 കാരൻ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ ഇന്ന് രാവിലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 1984 ലെ ക്രിമിനൽ ജസ്റ്റിസ് നിയമത്തിലെ നാലാം വകുപ്പ് പ്രകാരമാണ് പ്രതികൾക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.
ഡബ്ലിൻ; അയർലന്റിൽ മരുന്ന് ക്ഷാമം രൂക്ഷമാകുന്നതായി റിപ്പോർട്ട്. ഫാർമസിസ്റ്റുകൾക്കിടയിൽ നടത്തിയ സർവ്വേയുടെ വിശദാംശങ്ങൾ ഐറിഷ് ഫാർമസി യൂണിയനാണ് പുറത്തുവിട്ടത്. അടുത്ത 12 മാസത്തിനിടെ മരുന്നുകൾക്ക് ഏർപ്പെടുന്ന ക്ഷാമം രൂക്ഷമാകുമെന്നും യൂണിയന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മാർച്ച് മുതൽ ഏപ്രിൽ മാസം വരെ ആയിരുന്നു സർവ്വേ. മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിൽ വലിയ ബുദ്ധിമുട്ടുകളാണ് ഫാർമസികൾ നേരിടുന്നത്. മരുന്ന് ഉറപ്പുവരുത്താൻ 83 ശതമാനം ഫാർമസികളും മറ്റിടങ്ങളിൽ നിന്നും സ്റ്റോക്ക് കടംവാങ്ങുകയാണ് ചെയ്യുന്നത്. ഫാർമസിസ്റ്റുകൾ ആഴ്ചയിൽ ആറ് മണിക്കൂറോളം മരുന്നുകളുടെ ക്ഷാമം പരിഹരിക്കുന്നതിന് വേണ്ടി പ്രവർത്തിക്കുകയാണെന്നും സർവ്വേയിൽ വ്യക്തമാക്കുന്നു. മേഖല കടന്നുപോകുന്നത് ഗുരുതരമായ പ്രതിസന്ധിയിലൂടെയാണെന്ന് ഐറിഷ് ഫാർമസി യൂണിയൻ പ്രസിഡന്റ് ടോം മുറെ പ്രതികരിച്ചു. രാജ്യത്ത് സാധാരണയായി ഉപയോഗിക്കുന്ന 400 ഓളം മരുന്നുകൾക്ക് ഇപ്പോൾ ക്ഷാമം നേരിടുന്നുണ്ട്. ഇതിൽ ജീവിത ശൈലി രോഗങ്ങൾക്കുള്ള മരുന്നുകൾക്കാണ് കൂടുതൽ ക്ഷാമം നേരിടുന്നത് എന്നും അദ്ദേഹം പ്രതികരിച്ചു.
ഡബ്ലിൻ: അമേരിക്കൻ ഇമിഗ്രേഷൻ വിഭാഗത്തിന്റെ കസ്റ്റഡിയിൽ നിന്നും മോചിതയായ ഐറിഷ് വനിത മാനസിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതായി വെളിപ്പെടുത്തൽ. ഗ്രീൻ കാർഡ് ഉടമയായ ക്ലിയോണ വാർഡ് പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ്സ് ഡിസോഡർ എന്ന അവസ്ഥയിലൂടെ കടന്നുപോകുന്നുവെന്നാണ് സഹോദരി വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസമാണ് യുഎസ് യാത്രയ്ക്കിടെ പിടിയിലായ ക്ലിയോണ മോചിതയായത്. മോചിതയായെങ്കിലും ക്ലിയോണയുടെ ജീവിതം സാധാരണപോലെ ആയില്ലെന്ന് സഹോദരി ഹോളഡേ പറഞ്ഞു. രാത്രി കാലങ്ങളിൽ കലശലായ ഛർദ്ദിയാണ് ക്ലിയോണയ്ക്ക് അനുഭവപ്പെടുന്നത്. ശരിയായ ഉറക്കം ലഭിക്കുന്നില്ലെന്നും സഹോദരി പറഞ്ഞു. അയർലന്റിൽ എത്തി രോഗിയായ പിതാവിനെ കണ്ട് മടങ്ങുവഴിയായിരുന്നു സാൻ ഫ്രാൻസിസ്‌കോ വിമാനത്താവളത്തിൽവച്ച് ക്ലിയോണ കസ്റ്റഡിയിലായത്. മാർച്ചിൽ ആയിരുന്നു സംഭവം.
ഡബ്ലിൻ: ഭവന പദ്ധതിയുടെ ഭാഗമായുള്ള വീടുകൾ നിർമ്മിക്കാൻ കൂടുതൽ സ്ഥലം കണ്ടെത്തണമെന്ന് പ്രാദേശിക ഭരണകൂടങ്ങളോട് ആവശ്യപ്പെട്ട് ഭവന വകുപ്പ്. ഉടനെ സ്ഥലം കണ്ടെത്തുന്നതിനുള്ള നടപടികൾ ആരംഭിക്കണമെന്ന് അഭ്യർത്ഥിച്ച് ഭവനമന്ത്രി ജെയിംസ് ബ്രൗൺ കൗൺസിലുകൾക്ക് കത്ത് നൽകും. 2030 ആകുമ്പോഴേയ്ക്കും മൂന്ന് ലക്ഷം വീടുകൾ നിർമ്മിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. അടുത്തിടെ പാസാക്കിയ പദ്ധതി പ്രകാരമാണ് ഭവന നിർമ്മാണം. ഇതിൽ ഏകദേശം പകുതിയോളം നിർമ്മാണ പ്രവർത്തനങ്ങൾ കോർക്ക്, വാട്ടർഫോർഡ്, ലിമെറിക്, ഗാൽവേയ്, ഡബ്ലിൻ എന്നീ നഗരങ്ങൾ കേന്ദ്രീകരിച്ചാകും. ബാക്കിയുള്ളവ പട്ടണങ്ങളിലും ഗ്രാമങ്ങളിലുമായി നിർമ്മിക്കും. ഭവന വകുപ്പിൽ നിന്നും നിർദ്ദേശം ലഭിച്ചാൽ 18 ആഴ്ചകൾക്കുള്ളിൽ വീടിനായുള്ള ഭൂമി കണ്ടെത്തി മറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കണം എന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. എന്നാൽ ഇത് ഇത്രത്തോളം പ്രാവർത്തികമാകുമെന്നകാര്യത്തിൽ വ്യക്തതയില്ല.
ഡബ്ലിൻ: ഗ്രാഫ്റ്റൻ സ്ട്രീറ്റിൽ സെന്റ് സ്റ്റീഫൻസ് ഗ്രീനിന് സമീപമുള്ള പൊതു ശുചിമുറികൾ അടച്ചുപൂട്ടും. ഡബ്ലിൻ സിറ്റി കൗൺസിൽ ഇക്കാര്യം സ്ഥിരീകരിച്ചു. കോവിഡ് 19 പൊട്ടിപ്പുറപ്പെട്ടപ്പോഴാണ് പൊതുജനങ്ങൾക്കായി ഇവിടെ ശുചിമുറികൾ സ്ഥാപിച്ചത്. ഇവിടുത്തെ ശുചിമുറികൾ ഉപയോഗിക്കുന്ന ആളുകളുടെ എണ്ണത്തിൽ വലിയ കുറവ് ഉണ്ടായിട്ടുണ്ട്. ഇതേ തുടർന്നാണ് ശുചിമുറികൾ അടയ്ക്കാൻ തീരുമാനിച്ചത്. കോവിഡ് കാലത്ത് പ്രതിവാരം 18,000 ആളുകൾ ശുചിമുറി പ്രയോജനപ്പെടുത്തിയിരുന്നു. എന്നാൽ ഇതേ സ്ഥാനത്ത് ഇപ്പോൾ പ്രതിവാരം 1500 പേർ മാത്രമാണ് ശുചിമുറി ഉപയോഗിക്കുന്നത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
