- നാട്ടിക എംഎൽഎ സി.സി. മുകുന്ദനെ സിപിഐ പുറത്താക്കി
- കെ ജി സനൽകുമാർ പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ
- ഇന്ത്യൻ സൈനികർ കൈകളിലേന്തി , പ്രാചി കല്യാണമണ്ഡപത്തിലേയ്ക്ക് : വീരമൃത്യു വരിച്ച സൈനികന്റെ മകളുടെ വിവാഹം നടത്താൻ ഇന്ത്യൻ സൈനികർ നേരിട്ടെത്തി
- ‘ ഗർഭിണിയായാൽ മാത്രമേ ഞാൻ സിനിമകളിൽ നിന്ന് ഇടവേള എടുക്കൂ ; അവസാന ശ്വാസം വരെ അഭിനയിക്കണമെന്നാണ് എന്റെ ആഗ്രഹം ‘ ; തൃഷ
- ഈ ലോകകപ്പ് പള്ളിയിലേക്കോ, മസ്ജിദിലേക്കോ കൊണ്ടുപോകുമോ ? ഇന്ത്യൻ ടീമിനെ വിമർശിച്ച് സന്ദീപ് വാര്യർ
- നോറോവൈറസ് വ്യാപനം; ബുദ്ധിമുട്ടിലായി കോർക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ
- ആൻഡ്രിമിൽ തീപിടിത്തം; 50 കാരൻ മരിച്ചു
- 20 ന്റെ നിറവിൽ ദ്രോഗെഡ ഇന്ത്യൻ അസോസിയേഷൻ; നയിക്കാൻ ഇനി ഇവർ
Author: sreejithakvijayan
ഡബ്ലിൻ: അയർലന്റിൽ വാഹന പരിശോധനയ്ക്കിടെ ഇരുചക്രവാഹനം ഇടിച്ച് കൊല്ലപ്പെട്ട ഗാർഡ കെവിൻ ഫ്‌ളാറ്റ്‌ലിയെ ഓർത്തെടുത്ത് സഹപ്രവർത്തകർ. വളരെ നല്ല മനുഷ്യനായിരുന്നു കെവിനെന്ന് സഹപ്രവർത്തകനായ സെർജന്റ് സ്റ്റീഫൻ ലവിൻ പറഞ്ഞു. ജോലിയോടും കുടുംബത്തോടും അദ്ദേഹം ആത്മാർത്ഥത പുലർത്തിയിരുന്നുവെന്നും ലവിൻ കൂട്ടിച്ചേർത്തു. വാരാന്ത്യങ്ങളിൽ തന്റെ രണ്ട് മക്കൾക്കൊപ്പമാണ് കെവിൻ തന്റെ സമയം ചിലവഴിക്കാറ്. അവരുമൊത്ത് ഫുട്‌ബോൾ മത്സരങ്ങൾ കാണാൻ രാജ്യംചുറ്റും. രാത്രി കാലങ്ങളിൽ അവർക്കൊപ്പം സിനിമ കാണും- സ്റ്റീഫൻ ലവിൻ പറഞ്ഞു. ജോലിയിൽ വലിയ ആത്മാർത്ഥത പുലർത്തിയിരുന്ന വ്യക്തിയായിരുന്നു കെവിൻ എന്ന് സെർജന്റ് ഇയോൻ ബോയിലും കൂട്ടിച്ചേർത്തു. പേപ്പർ വർക്കുകൾ എല്ലാം കൃത്യസമയത്ത് അദ്ദേഹം പൂർത്തിയാക്കും. വീണ്ടും വീണ്ടും പരിശോധിച്ച് കൃത്യത ഉറപ്പാക്കും. ജോലി പൂർണമായെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ അദ്ദേഹം മടങ്ങൂവെന്നും ഇയോൻ ബോയിൽ പറഞ്ഞു.
ഡബ്ലിൻ: 16 വയസ്സിൽ താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കണമെന്ന താനൈസ്റ്റ് സൈമൺ ഹാരിസിന്റെ പ്രസ്താവനയെ എതിർത്ത് പ്രതിപക്ഷ പാർട്ടി. ഇതൊരിക്കലും പ്രായോഗികമാകുകയില്ലെന്ന് സിൻ ഫെയ്ൻ പാർട്ടി വക്താവ് ജോവാന ബൈറൺ പറഞ്ഞു. ഇക്കാര്യത്തിൽ സമഗ്രമായ പഠനം ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കുന്ന കാര്യം പരിഗണിക്കുകയാണെങ്കിൽ അത് വിശദമായ പഠനത്തിന് ശേഷം മാത്രമേ ആകാവൂ. സാങ്കേതികപരമായി നിരോധനം പ്രായോഗികമാകുമെന്ന് കരുതുന്നില്ല. ഗൂഗിൾ, എക്‌സ്, ടിക് ടോക്ക് , മെറ്റ എന്നിവ നിരോധനത്തോട് സഹകരിക്കും. എന്നാൽ മറ്റുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ അപ്പോഴും കുട്ടികൾക്ക് ഉപയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് സൈമൺ ഹാരിസ് സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കണമെന്ന പ്രസ്താവന നടത്തിയത്. ഓസ്‌ട്രേലിയയ്ക്ക് സമാനമായി അയർലന്റിലും നിയമം വേണം എന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്.
ഡബ്ലിൻ: അയർലന്റ് മലയാളി സാം ചെറിയാൻ അന്തരിച്ചു. 50 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെ ആയിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം. ഡബ്ലിൻ സെന്റ് ഗ്രിഗോറിയോസ് യാക്കോബായ സിറിയൻ ഓർത്തഡോക്‌സ് പള്ളി അംഗമാണ് സാം. കഴിഞ്ഞ ആഴ്ചയായിരുന്നു അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായത്. തുടർന്ന് ആശുപത്രിയിൽ ചികിത്സയിരിക്കെ ആരോഗ്യനില വഷളാകുകയായിരുന്നു. ക്രിക്കറ്റ് ടൂർണമെന്റുകളിലും സാമൂഹിക സാംസ്‌കാരിക പ്രവർത്തനങ്ങളിലും സജീവ സാന്നിദ്ധ്യം ആയിരുന്നു അദ്ദേഹം. 18 വർഷം മുൻപാണ് കേരളത്തിൽ നിന്നും കുടുംബവുമൊത്ത് സാം അയർലന്റിൽ എത്തിയത്. ഭാര്യ ബിന്ദു സാം മാറ്റർ പബ്ലിക് ( ഡബ്ലിൻ). ഷെർളിൻ, ആർലിൻ, ആഷ്‌ലിൻ, കെവിൻ എന്നിവരാണ് മക്കൾ. പൂനെയിലാണ് സാമിന്റെ രക്ഷിതാക്കൾ.
ഡബ്ലിൻ: സാമൂഹ്യവിരുദ്ധർ പൊതുസ്ഥലങ്ങളിൽ വരയ്ക്കുന്ന ഗ്രാഫിറ്റി നീക്കം ചെയ്യാൻ പ്രാദേശിക ഭരണകൂടങ്ങൾ ചിലവഴിയ്ക്കുന്നത് വൻതുക. പ്രതിവർഷം അഞ്ച് ലക്ഷം യൂറോയാണ് നാല് പ്രാദേശിക ഭരണകൂടങ്ങൾ മാത്രം ചുവരെഴുത്തുകൾ മായ്ക്കാൻ വിനിയോഗിച്ചിരിക്കുന്നത്. ഡബ്ലിൻ സിറ്റി കൗൺസിലാണ് ഇത്തരം നടപടികൾക്ക് വേണ്ടി ഏറ്റവും കൂടുതൽ തുക ചിലവഴിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. 2023 ലും 24 ലും ആയി പൊതുസ്ഥലങ്ങളിൽ ഗ്രാഫിറ്റി വരച്ച 4,600 സംഭവങ്ങൾ ഡബ്ലിനിൽ റിപ്പോർട്ട് ചെയ്തു. ഇത് ശുചീകരിക്കാൻ രണ്ട് വർഷത്തിനിടെ 1.026 മില്യൺ യൂറോ ആണ് ഡബ്ലിനിലെ വിവിധ കൗൺസിലുകൾ ചിലവഴിച്ചിരിക്കുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പണം ചിലവാക്കിയത് ഡബ്ലിൻ സിറ്റി കൗൺസിൽ തന്നെയാണ്. ഏഴ് ലക്ഷം യൂറോ ആണ് ഡബ്ലിൻ സിറ്റി കൗൺസിൽ ശുചീകരണ പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചത്.
ഡബ്ലിൻ: മുൻ ഫൈൻ ഗെയ്ൽ മന്ത്രി പാഡി ഒ ടൂൾ അന്തരിച്ചു. 87 വയസ്സായിരുന്നു. ഞായറാഴ്ച വൈകീട്ടോടെയായിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോർട്ടുകൾ. മയോ സ്വദേശിയാണ് പാഡി ഒ ടൂൾ. 1977 മുതൽ 87 വരെ 10 വർഷക്കാലം അദ്ദേഹം ഫൈൻ ഗെയ്ൽ ടിഡിയായി സേവനം അനുഷ്ഠിച്ചു. പ്രതിരോധ മന്ത്രിയായിരുന്നു. മറ്റ് മന്ത്രിസ്ഥാനങ്ങളും അദ്ദേഹം അലങ്കരിച്ചിട്ടുണ്ട്. പാഡി ഒ ടൂളിന്റെ വിയോഗത്തിൽ താനൈസ്റ്റും ഫിൻ ഗെയ്ൽ നേതാവുമായ സൈമൺ ഹാരിസ് ദു:ഖം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം തന്നിൽ അതിയായ ദു:ഖം ഉളവാക്കിയതായി അദ്ദേഹം പറഞ്ഞു.
ഡബ്ലിൻ: അയർലന്റിൽ നിന്നും ബ്രിട്ടണിലേക്ക് പോകുന്ന യാത്രികർക്ക് നിർദ്ദേശവുമായി റയാൻഎയർ. ബ്രിട്ടനിലേക്ക് പോകുന്നവർ ചില ഭക്ഷണങ്ങൾ കയ്യിൽ കരുതരുതെന്ന് റയാൻഎയർ അറിയിച്ചു. ഇറച്ചി, പാലുത്പന്നങ്ങൾ എന്നിവ കൊണ്ടുപോകുന്നതിനാണ് വിലക്കുള്ളത്. യൂറോപ്പിൽ എഫ്എംഡി ( ഫൂട്ട് ആന്റ് മൗത്ത് ഡിസീസ്) വ്യാപകമാകുന്ന പശ്ചാത്തലത്തിൽ ബ്രിട്ടൺ സർക്കാർ ചില ഭക്ഷണ സാധനങ്ങളുമായി രാജ്യത്തേയ്ക്ക് എത്തുന്നതിന് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് യാത്രികർക്ക് റയാൻഎയറിന്റെ ഓർമ്മപ്പെടുത്തൽ. പന്നിയിറച്ചി, ബീഫ്, ആട്ടിറച്ചി, പാൽ, ബട്ടർ, ചീസ്, യോഗർട്ട് തുടങ്ങിയ ഭക്ഷണ സാധനങ്ങൾ കൊണ്ടുപോകുന്നതിന് ആണ് വിലക്കുള്ളത്. വീട്ടിൽ നിന്നും തയ്യാറാക്കി കൊണ്ടുവരുന്ന ഭക്ഷണത്തിന് മാത്രമല്ല, കടയിൽ നിന്നും വാങ്ങുന്ന സീൽ ചെയ്ത ഭക്ഷണത്തിനും വിലക്കുണ്ട്. അതേസമയം മുട്ട, ചിക്കൻ, താറാവ് ഇറച്ചി എന്നീ ഭക്ഷണങ്ങൾ കൊണ്ടുവരുന്നതിന് ഇളവുണ്ട്. എഫ്എംഡി പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ ഏപ്രിൽ 12 ന് ആണ് യുകെ സർക്കാർ അയർലന്റ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള ഭക്ഷണസാധനങ്ങൾക്ക് നിയന്ത്രണം കൊണ്ടുവന്നത്. ഇത് ഇപ്പോൾ…
ഡോണഗൽ: കൗണ്ടി ഡോണഗലിൽ മുങ്ങിമരിച്ച സുഹൃത്തുക്കളായ വിദ്യാർത്ഥികളുടെ പേര് വിവരങ്ങൾ പുറത്ത്. ഇമ്മാനുവൽ ഫാമിയോള, മാറ്റ് സിബൻഡ് എന്നിങ്ങനെയാണ് മരിച്ച വിദ്യാർത്ഥികളുടെ പേരുകൾ. ഇരുവരും ലഫ് സ്വില്ലി സ്വദേശികളാണെന്നാണ് വിവരം. ഇമ്മാനുവൽ ഫാമിയോളയ്ക്ക് 16 ഉം, മാറ്റ് സിബൻഡയ്ക്ക് 18ഉം വയസാണ് പ്രായം. ശനിയാഴ്ച വൈകീട്ടാണ് ഇരുവരും മുങ്ങിമരിച്ചത്. ബുക്രാനയിലെ നെഡ്‌സ് പോയിന്റ് ഓഫിൽ ഇരുവരും ഒഴുക്കിൽപ്പെടുകയായിരുന്നു. ഇവർക്കൊപ്പം മറ്റൊരു വിദ്യാർത്ഥി കൂടി ഒഴുക്കിൽപ്പെട്ടിരുന്നു. ഈ കുട്ടിയെ നാട്ടുകാർ രക്ഷിച്ചു. ലാറ്റർകെന്നി യൂണിവേഴ്‌സിറ്റി ആശുപത്രിയിലാണ് കുട്ടി ചികിത്സയിൽ കഴിയുന്നത്. ഫുട്‌ബോൾ എടുക്കാൻ ശ്രമിക്കുന്നതിനിടെ ആണ് മൂന്ന് പേരും ഒഴുക്കിൽപ്പെടുകയായിരുന്നു എന്നാണ് പ്രദേശവാസികൾ പറയുന്നത്.
പോർട്ട്‌ലോയിസ്: കൗണ്ടി ലവോയിസിൽ വ്യാപാര സ്ഥാപനത്തിൽ മോഷണത്തിന് ശ്രമിച്ച യുവാവ് അറസ്റ്റിൽ. 20 കാരനെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. പോർട്ട്‌ലോയിസിലെ വ്യാപാര സ്ഥാപനത്തിൽ ആയിരുന്നു 20 കാരന്റെ മോഷണ ശ്രമം. കത്തിയുമായി വ്യാപാര സ്ഥാപനത്തിനുള്ളിലേക്ക് പ്രവേശിച്ച 20 കാരൻ അവിടുത്തെ ജീവനക്കാരെ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയായിരുന്നു. ഉടനെ തന്നെ ജീവനക്കാർ പോലീസിനെ വിവരം അറിയിച്ചു. അതിവേഗം സ്ഥലത്ത് എത്തിയ പോലീസ് സംഘം 20 കാരനെ കയ്യോടെ പിടികൂടുകയായിരുന്നു. സ്‌റ്റേഷനിൽ എത്തിച്ച ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കി.
ഡബ്ലിൻ: രാജ്യത്തെ റോഡ് സുരക്ഷയിൽ പുന:ക്രമീകരണം നടത്തുമെന്ന് ഗാർഡ കമ്മീഷണർ ഡ്രൂ ഹാരിസ്. വാഹന പരിശോധനയ്ക്കിടെ ഇരുചക്ര വാഹനം ഇടിച്ച് പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. അടുത്തിടെയായി വാഹനാപകടങ്ങൾ രാജ്യത്ത് വർദ്ധിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അടുത്തിടെ നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്തെ റോഡ് സുരക്ഷയിൽ പുന:ക്രമീകരണം നടത്തേണ്ടിയിരിക്കുന്നു. അടുത്തിടെയായി അമിത വേഗം, മദ്യപിച്ച് വാഹനം ഓടിയ്ക്കൽ, സീറ്റ് ബെൽറ്റ് ഇടാതെ വാഹനം ഓടിക്കൽ എന്നിവ വർദ്ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ റോഡ് സുരക്ഷയിൽ കാര്യമായ മാറ്റങ്ങൾ വേണമെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷം മാത്രം റോഡപകടത്തിൽ 60 മരണങ്ങൾ റിപ്പോർട്ട് ചെയ്തതായി ഡബ്ലിൻ മെട്രോപോളിറ്റൻ റീജിയൻ അസിസ്റ്റന്റ് കമ്മീഷണർ പോൾ ക്ലെറി പറഞ്ഞു. വാഹനം ഓടിയ്ക്കുമ്പോൾ നമ്മൾ സ്വയം വിലയിരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡബ്ലിൻ: അയർലന്റിൽ അതിശക്തമായ ചൂടിന് സാദ്ധ്യതയുണ്ടെന്ന് മെറ്റ് ഐറാൻ. പകൽ സമയങ്ങളിൽ താപനില 23 ഡിഗ്രി സെൽഷ്യസ്‌വരെ ഉയരും. അതേസമയം ഈ വാരം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും മെറ്റ് ഐറാൻ വ്യക്തമാക്കുന്നുണ്ട്. ഈ വാരം ശക്തമായ ചൂടും മഴയും കലർന്ന കാലാവസ്ഥയാകും അനുഭവപ്പെടുക. തിങ്കളാഴ്ച രാത്രി മഴ ലഭിക്കാം. ചെവ്വാഴ്ച ഉച്ചയ്ക്കും വൈകീട്ടുമായി നേരിയ മഴയ്ക്കും സാദ്ധ്യതയുണ്ട്. ബുധനാഴ്ച രാവിലെയും മഴയ്ക്ക് സാദ്ധ്യതയുണ്ട്. അതേസമയം ചൂട് കൂടിയ കാലാവസ്ഥ തുടരും. അന്തരീക്ഷത്തിൽ താപനില 23 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. മെർക്കുറിയുടെ അളവ് ഈ ആഴ്ച 20 താഴെ തുടരുമെന്നും മെറ്റ് ഐറാൻ വ്യക്തമാക്കി.
Subscribe to Updates
Get the latest creative news from FooBar about art, design and business.
