Author: sreejithakvijayan

കോർക്ക്: വെസ്റ്റ് കോർക്കിൽ റേസിംഗിനിടെയുണ്ടായ അപകടത്തിൽ മരിച്ച പെൺകുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചു. വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു 13 കാരിയായ ലോറൻ ഒബ്രിയനിന്റെ സംസ്‌കാര ചടങ്ങുകൾ നടന്നത്. ലോറന് അന്ത്യാഞ്ജലി അർപ്പിക്കാൻ നിരവധി പേർ എത്തി. കാസൽടൗൺകെന്നിയിലെ സെന്റ് ജോസഫ് ചർച്ചിൽ ആയിരുന്നു സംസ്‌കാര ചടങ്ങുകൾ. ശേഷം ടെറൽട്ടെൻ സെമിത്തേരിയിൽ മൃതദേഹം അടക്കി. ഈ മാസം നാലിന് ആയിരുന്നു ലോറൻ മരിച്ചത്. ഇന്നിക്‌സെനിൽ കോർക്ക് ഓട്ടോഗ്രാസ് റേസിംഗ് ക്ലബ്ബ് സംഘടിപ്പിച്ച റേസിംഗ് മത്സരത്തിൽ പങ്കെടുക്കുന്നതിനിടെ വാഹനം നിയന്ത്രണം വിട്ട് അപകടം ഉണ്ടാകുകയായിരുന്നു.

Read More

ഡബ്ലിൻ: വടക്കൻ അയർലന്റിൽ കാട്ടുതീയ്ക്ക് സാദ്ധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് പരിസ്ഥിതി മന്ത്രി ആൻഡ്രൂ മുയർ. ചൂട് കൂടിയ വരണ്ട കാലാവസ്ഥ തുടരുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. കാട്ടുതീയിൽ ഗുരുതരമായ പരിക്കോ മരണമോ പോലും സംഭവിക്കാമെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ ക്ലോഗറിനടുത്തുണ്ടായ തീപിടിത്തം, കാട്ടുതീ അതിവേഗം പടരുമെന്നാണ് നമ്മെ ഓർമ്മപ്പെടുത്തുന്നത്. ഇതിൽ അകപ്പെട്ടാൻ ജീവൻ നഷ്ടമാകും. പരിസ്ഥിതിനാശമുണ്ടാകും. ടൈറോൺ, മൊണാഗൻ എന്നീ കൗണ്ടികളിൽ ഉണ്ടായ തീപിടിത്തം സംരക്ഷിത മേഖലയുടെ മൂന്നിലൊന്ന് ഭാഗവും അഗ്നിക്കിരയാക്കി. നിലവിലെ കാലാവസ്ഥ വാരാന്ത്യത്തിലും തുടരുമെന്നതിനാൽ ജാഗ്രത പുലർത്തുക. കാട്ടുതീയ്ക്ക് കാരണമാകുന്ന സാഹചര്യങ്ങളിൽ നിന്നും ഓരോരുത്തരും മാറി നിൽക്കുക. ആരെങ്കിലും മനപ്പൂർവ്വം തീയിടുന്ന പ്രവൃത്തി ചെയ്താൻ ഉടനെ പോലീസിനെ അറിയിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

ആർക്ലോ: കൗണ്ടി വിക്ലോയിലെ ആർക്ലോയിൽ പുതുതായി വരുന്ന ഡാറ്റ സെന്ററുകളിൽ ഒന്നിന്റെ നിർമ്മാണ പ്രവർത്തനം ഈ വർഷം ആരംഭിക്കും. 2025 അവസാനത്തോടെ രണ്ട് ഡാറ്റാസെന്ററുകളിൽ ഒന്നിന്റെ പണി ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. രാജ്യത്തെ തന്നെ ഏറ്റവും വലിയ ഡാറ്റ സെന്ററുകളാണ് ഇവിടെ ഒരുങ്ങുന്നത്. ആദ്യ ഡാറ്റ സെന്റർ ആർക്ലോയിലെ അവോക്ക റിവർ ബിസിനസ് പാർക്കിലെ മുൻ ഐറിഷ് ഫെർട്ടിലൈസേഴ്‌സ് ഇൻഡസ്ട്രീസ് പ്ലാന്റിലാണ്. ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങളാണ് ആദ്യം ആരംഭിക്കുക. ഇവിടെ നിന്നും അഞ്ച് കിലോ മീറ്റർ മാറി കിഷ് ബിസിനസ് പാർക്കിലാണ് നിർമ്മിക്കുന്നത്. 3.5 ബില്യൺ യൂറോയുടെ നിക്ഷേപമാണ് പദ്ധതിയ്ക്കുള്ളത്.

Read More

ഡബ്ലിൻ: വിദ്യാഭ്യാസത്തിനായി നിയമപോരാട്ടത്തിനൊരുങ്ങി ഓട്ടിസം ബാധിതരായ കുട്ടികൾ. വിദ്യാഭ്യാസം ഉറപ്പുവരുത്താത്തതിൽ വിദ്യാഭ്യാസ മന്ത്രിയ്‌ക്കെതിരെ കുട്ടികൾ ഹൈക്കോടതിയെ സമീപിച്ചു. ഓട്ടിസം ബാധിതരായ അഞ്ച് കുട്ടികളാണ് നിയമസഹായം തേടിയിരിക്കുന്നത്. വിദ്യാഭ്യാസത്തിനായുള്ള സൗകര്യങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ടാണ് കുട്ടികൾ കോടതിയെ സമീപിച്ചിരിക്കുന്നത്. അഞ്ച് കുട്ടികളിൽ എട്ട് വയസ്സുകാരൻ ഇതുവരെ സ്‌കൂളിൽ പോയിട്ടില്ല. ബാക്കിയുള്ളവർക്ക് സ്‌കൂളിൽ പോകുന്നതിനും പഠിക്കുന്നതിനും വലിയ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഇതേ തുടർന്നാണ് കോടതിയെ സമീപിച്ചത്. അഭിഭാഷകനായ ജോ ജെഫേഴ്‌സ് മുഖേനയാണ് കുട്ടികൾ ഹർജി സമർപ്പിച്ചിരിക്കുന്നത്.

Read More

ഡബ്ലിൻ: വീഡിയോ ഷെയറിംഗ് പ്ലാറ്റ്‌ഫോമായ ടിക് ടോക്കിന്റെ സിഇഒ ഷൗ സി ച്യൂവുമായി കൂടിക്കാഴ്ച നടത്തി താനൈസ്റ്റ് സൈമൺ ഹാരിസ്. ഓഫീസ് സന്ദർശനത്തിന്റെ ഭാഗമായി ച്യു ഇന്നലെ അയർലന്റിൽ എത്തിയിരുന്നു. അപ്പോഴായിരുന്നു ഹാരിസ് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയത്. സർക്കാർ വക്താവാണ് കൂടിക്കാഴ്ചയുടെ വിവരം പുറത്തുവിട്ടത്. ഹാരിസിനൊപ്പം ഐഡിഎ അയർലന്റ് പ്രതിനിധികളും കൂടിക്കാഴ്ചയ്ക്കായി ഒപ്പമുണ്ടായിരുന്നു. അയർലന്റിനോടുള്ള കമ്പനിയുടെ പ്രതിബദ്ധതയെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു. ഡാറ്റ സെന്ററുകൾ, ഓൺലൈൻ സുരക്ഷ, ഇയു ഡിജിറ്റൽ റെഗുലേഷൻ എന്നിവ കൂടിക്കാഴ്ചയിൽ ചർച്ചാ വിഷയമായി. അതേസമയം ഉപഭോക്തൃ വിവരം ചോർത്തി നൽകിയതിന് ടിക് ടോക്കിന് ഐറിഷ് ഡാറ്റ പ്രൊട്ടക്ഷൻ കമ്മീഷൻ പിഴ ചുമത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടിക്കാഴ്ച എന്നതും ശ്രദ്ധേയമാണ്.

Read More

ഡബ്ലിൻ: പടിഞ്ഞാറൻ ഡബ്ലിനിൽ സംഘർഷത്തിനിടെ യുവാവിന്റെ വിരലുകൾ അറ്റു. ബവ്‌നോഗിൽ ആയിരുന്നു സംഭവം. പരിക്കേറ്റ 20കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്തെ ആളുകൾക്കിടയിൽ നേരത്തെ തർക്കങ്ങൾ നിലനിന്നിരുന്നു. ഇതിന് തുടർച്ചയായി ഉണ്ടായ സംഘർഷത്തിലാണ് യുവാവിന് പരിക്കേറ്റത്. 20 കാരനെ ആളുകൾ പിന്തുടർന്ന് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. കൈ കൊണ്ട് തടുക്കാൻ ശ്രമിക്കുന്നതിനിടെ ആണ് യുവാവിന് വിരലുകൾ നഷ്ടമായത്. മൂന്ന് വിരലുകളാണ് മുറിഞ്ഞത്. മുഖത്തും പരിക്കേറ്റിട്ടുണ്ട്. ടാലറ്റ് യൂണിവേഴ്‌സിറ്റി ആശുപത്രിയിലാണ് യുവാവ് ചികിത്സയിൽ കഴിയുന്നത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

ഡബ്ലിൻ: അയർലന്റിൽ വരും ദിവസങ്ങളിലും ചൂടുള്ള കാലാവസ്ഥ അനുഭവപ്പെടുമെന്ന് മെറ്റ് ഐറാൻ. ഇന്ന് പകൽ താപനില 21 ഡിഗ്രിയിൽ എത്തും. അതേസമയം നാളെ മുതൽ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും മെറ്റ് ഐറാൻ വ്യക്തമാക്കുന്നു. ഇന്ന് രാജ്യത്ത് 16 മുതൽ 21 ഡിഗ്രിവരെ താപനില ഉയരും. വടക്ക് കിഴക്കൻ കൗണ്ടികളിൽ മഴയ്ക്കും സാദ്ധ്യതയുണ്ട്. മേഘാവൃതമായ വരണ്ട കാലാവസ്ഥയാകും പകൽ അനുഭവപ്പെടുക. രാത്രിയിൽ നേരിയ മഴ ലഭിക്കും. തണുത്ത കാറ്റിനും സാദ്ധ്യതയുണ്ട്. രാത്രി കാലങ്ങളിൽ താപനില 3 മുതൽ 7 ഡിഗ്രിവരെ താഴാം. നാളെ വെയിലും മഴയും കലർന്ന കാലാവസ്ഥയാകും അനുഭവപ്പെടുക. എങ്കിലും താപനില 15 മുതൽ 20 ഡിഗ്രിവരെ രേഖപ്പെടുത്താം.

Read More

ഡബ്ലിൻ: അയർലന്റിൽ ഇലക്ട്രിക് സ്‌കൂട്ടറുകൾ കൂട്ടിയിടിച്ചുള്ള അപകടങ്ങൾ വർദ്ധിക്കുന്നു. കഴിഞ്ഞ 12 വർഷത്തിനിടെ നാലിൽ ഒന്ന് സ്‌കൂട്ടറുകളും കൂട്ടിയിടിച്ച് അപകടം ഉണ്ടായിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഐപിഎസ്ഒഎസ് ബി ആന്റ് എ നടത്തിയ സർവ്വേയിലെ വിവരങ്ങൾ റോഡ് സേഫ്റ്റി അതോറിറ്റിയാണ് പുറത്തുവിട്ടത്. മൂന്നിൽ ഒന്ന് ഇലക്ട്രിക് സ്‌കൂട്ടർ ഉപയോക്താക്കൾ ഇക്കാലയളവിൽ അപകടങ്ങളിൽ നിന്നും രക്ഷപ്പെട്ടിട്ടുണ്ടെന്നും സർവ്വേ ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് ഇലക്ട്രിക് സ്‌കൂട്ടർ ഉപയോഗിക്കുന്നത് ഭൂരിഭാഗവും പുരുഷന്മാരാണ്. അതുകൊണ്ട് തന്നെ ഏറ്റവും കൂടുതലായി അപകടത്തിൽപ്പെടുന്നതും പുരുഷന്മാരാണ്. 76 ശതമാനം പുരുഷന്മാരാണ് ഇലക്ട്രിക് സ്‌കൂട്ടർ ഉപയോഗിക്കുന്നത്. കൈ കാലുകളിലെ പരിക്ക് മുതൽ തലയ്ക്ക് സാരമായ പരിക്കേൽക്കുന്ന സംഭവങ്ങൾവരെ ഇത്തരം അപകടങ്ങളിൽ ഉണ്ടായിട്ടുണ്ട്. അതേസമയം ഇ സ്‌കൂട്ടർ അപകടങ്ങളുടെ പശ്ചാത്തലത്തിൽ യാത്രികർ കൂടുതൽ ജാഗ്രത പുലർത്തണം എന്ന് അധികൃതർ അറിയിച്ചു.

Read More

ഡബ്ലിൻ: ചാരിറ്റി സംഘടനയായ പിയറ്റ ഹൗസിനായുള്ള ധനസമാഹരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഡാർക്കനസ്സ് ഇന്റു ലൈറ്റ് വാക്കിൽ വൻ ജനപങ്കാളിത്തം. അയർലന്റിലെ വിവിധ ഭാഗങ്ങളിലായി സംഘടിപ്പിച്ച പരിപാടിയിൽ പതിനായിരക്കണക്കിന് പേർ പങ്കുകൊണ്ടു. ശനിയാഴ്ച പുലർച്ചെയായിരുന്നു പരിപാടി. രാജ്യത്തിന്റെ 200 ഓളം പ്രദേശങ്ങളിലാണ് പരിപാടി നടന്നത്. രാവിലെ 4.15 ന് ആരംഭിച്ച പരിപാടിയിൽ 5 കിലോ മീറ്റർ ദൂരമുള്ള നടത്തത്തിലാണ് ആളുകൾ പങ്കാളികളായത്. ആത്മഹത്യാശ്രമത്താലോ മറ്റ് ദേഹോപദ്രവത്താലോ ബാധിക്കപ്പെട്ടവരെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള ധനസമാഹരണത്തിന് വേണ്ടിയാണ് നടത്തം സംഘടിപ്പിച്ചത്. കൗണ്ടി ഡബ്ലിനിലെ ലുകാനിലാണ് പിയറ്റ ഹൗസ് സ്ഥിതി ചെയ്യുന്നത്.

Read More

ഡബ്ലിൻ: ഗാർഡ കമ്മീഷണർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവിലെ ഗാർഡ കമ്മീഷണർ ഡ്രൂ ഹാരിസിന്റെ പകരക്കാരനെ നിയമിക്കുന്നതിന് വേണ്ടിയാണ് അപേക്ഷകൾ ക്ഷണിച്ചത്. അർഹരായവർക്ക് ഈ മാസം 29വരെ അപേക്ഷകൾ നൽകാം. പബ്ലിക് ജോബ് വെബ്‌സൈറ്റിലാണ് ഇതുമായി ബന്ധപ്പെട്ട പരസ്യം പ്രത്യക്ഷപ്പെട്ടത്. പുതിയ ഗാർഡ കമ്മീഷണർ സ്ഥാനത്തേയ്ക്ക് 314,000 യൂറോയിലധികമാണ് സർക്കാർ വാഗ്ദാനം ചെയ്യുന്ന ശമ്പളം. എന്നാൽ നിയമിക്കപ്പെടുന്നവരുടെ ശമ്പളം ഇതിൽ കുറവായിരിക്കാമെന്ന് പരസ്യത്തിൽ വ്യക്തമാക്കുന്നു. തന്ത്രപരവും സംഘടനാപരവുമായ പരിഷ്‌കാരങ്ങൾ വിജയകരമായി നടപ്പിലാക്കിയവർക്ക് തസ്തികയിലേക്ക് അപേക്ഷിക്കാമെന്നും പരസ്യത്തിൽ പറയുന്നുണ്ട്. പോലീസ് സേനയ്ക്ക് പുറത്ത് നിന്നുള്ള ആദ്യ ഗാർഡ കമ്മീഷണറാണ് ഡ്രൂ ഹാരിസ്.

Read More