ഡബ്ലിൻ: ഭവന പദ്ധതിയുടെ ഭാഗമായുള്ള വീടുകൾ നിർമ്മിക്കാൻ കൂടുതൽ സ്ഥലം കണ്ടെത്തണമെന്ന് പ്രാദേശിക ഭരണകൂടങ്ങളോട് ആവശ്യപ്പെട്ട് ഭവന വകുപ്പ്. ഉടനെ സ്ഥലം കണ്ടെത്തുന്നതിനുള്ള നടപടികൾ ആരംഭിക്കണമെന്ന് അഭ്യർത്ഥിച്ച് ഭവനമന്ത്രി ജെയിംസ് ബ്രൗൺ കൗൺസിലുകൾക്ക് കത്ത് നൽകും. 2030 ആകുമ്പോഴേയ്ക്കും മൂന്ന് ലക്ഷം വീടുകൾ നിർമ്മിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
അടുത്തിടെ പാസാക്കിയ പദ്ധതി പ്രകാരമാണ് ഭവന നിർമ്മാണം. ഇതിൽ ഏകദേശം പകുതിയോളം നിർമ്മാണ പ്രവർത്തനങ്ങൾ കോർക്ക്, വാട്ടർഫോർഡ്, ലിമെറിക്, ഗാൽവേയ്, ഡബ്ലിൻ എന്നീ നഗരങ്ങൾ കേന്ദ്രീകരിച്ചാകും. ബാക്കിയുള്ളവ പട്ടണങ്ങളിലും ഗ്രാമങ്ങളിലുമായി നിർമ്മിക്കും.
ഭവന വകുപ്പിൽ നിന്നും നിർദ്ദേശം ലഭിച്ചാൽ 18 ആഴ്ചകൾക്കുള്ളിൽ വീടിനായുള്ള ഭൂമി കണ്ടെത്തി മറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കണം എന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. എന്നാൽ ഇത് ഇത്രത്തോളം പ്രാവർത്തികമാകുമെന്നകാര്യത്തിൽ വ്യക്തതയില്ല.