Author: sreejithakvijayan

ഡബ്ലിൻ: പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നവരിൽ നിന്നും ഫിൻ ഗെയ്ൽ പാർട്ടി ഇന്ന് മുതൽ നാമനിർദ്ദേശം സ്വീകരിക്കും. ഒക്ടോബറിലാണ് തിരഞ്ഞെടുപ്പ്. സ്ഥാനാർത്ഥികളാകാൻ ആഗ്രഹിക്കുന്നവർക്ക് ഈ മാസം 15 വരെ നാമനിർദ്ദേശം നൽകാം. നാമനിർദ്ദേശം നൽകുന്നവർക്ക് ഫിൻ ഗെയ്ൽ പാർലമെന്ററി പാർട്ടിയിലെ 20 അംഗങ്ങളുടെയും 25 പാർട്ടി കൗൺസിലർമാരുടെയും എക്‌സിക്യൂട്ടീവ് കൗൺസിലിലെ അഞ്ച് അംഗങ്ങളുടെയും നാമനിർദ്ദേശം ആവശ്യമാണ്. സെപ്തംബറിൽ പാർട്ടി അന്തിമ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും. മൈറീഡ് മക്ഗിന്നസും എംഇപി സീൻ കെല്ലിയും പ്രസിഡന്റ് തിരഞ്ഞെടുപ്പിനായി നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്നാണ് സൂചന. നിലവിലെ പ്രസിഡന്റ് മൈക്കിൾ ഡി ഹിഗ്ഗിൻസിന്റെ കാലാവധി നവംബർ 11 ന് അവസാനിക്കും. ഇതേ തുടർന്നാണ് തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഒക്ടോബർ അവസാനമായിരിക്കും തിരഞ്ഞെടുപ്പ്.

Read More

ഡബ്ലിൻ: അയർലന്റിൽ വീടുകളുടെയും അപ്പാർട്ട്‌മെന്റുകളുടെയും അടിസ്ഥാന വില വർദ്ധിക്കുന്നു. പ്രതിവർഷം 7 ശതമാനത്തിന്റെ വർദ്ധനവ് വസ്തുക്കളുടെ അടിസ്ഥാന വിലയിൽ ഉണ്ടാകുന്നുണ്ടെന്നാണ് കണക്കുകൾ. ബാങ്ക് ഓഫ് അയർലൻഡുമായി സഹകരിച്ച് പ്രോപ്പർട്ടി വെബ്സൈറ്റായ MyHome.ie പുറത്തിറക്കിയ ഏറ്റവും പുതിയ ത്രൈമാസ റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ. ഡബ്ലിനിൽ വീടുകളുടെയും അപ്പാർട്ട്‌മെന്റുകളുടെയും അടിസ്ഥാന വിലയിൽ 5.1 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ട്. ഡബ്ലിന് പുറത്തുള്ള നഗരങ്ങളിൽ ഇത് 7.9 ശതമാനം ആണ്. ഈ വർഷം മെയ് മാസത്തിൽ അംഗീകാരം നൽകിയ ശരാശരി മോർട്ട്‌ഗേജ് 3,37,000 യൂറോ ആയിരുന്നു. ഇത് കഴിഞ്ഞ വർഷത്തെക്കാൾ 6.7 ശതമാനം കൂടുതലാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. വിൽപ്പന വേളയിൽ ചോദിക്കുന്ന വിലയെക്കാൾ 7.5 ശതമാനം കൂടുതൽ വിലയ്ക്കാണ് വസ്തുവിന്റെ വിൽപ്പന നടക്കുന്നത് എന്നും റിപ്പോർട്ടിലുണ്ട്.

Read More

മയോ: കൗണ്ടി മയോയിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ അമേരിക്കൻ ഹെൽത്ത് കെയർ കമ്പനിയായ ഹോളിസ്റ്റർ ഇൻകോർപ്പറേറ്റഡ്. 50 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം. ബാലിനയിലെ പ്ലാന്റിൽ ആവിഷ്‌കരിക്കുന്ന 80 മില്യൺ യൂറോയുടെ പദ്ധതിയുടെ ഭാഗമായിട്ടാണ് പുതിയ അവസരങ്ങൾ ഒരുങ്ങുന്നത്. മയോയിൽ കമ്പനിയ്ക്ക് ആയിരം തൊഴിലാളികളാണ് ഉള്ളത്. ഓസ്റ്റോമി കെയർ, കണ്ടിനെൻസ് കെയർ ഉത്പന്നങ്ങളുടെ നിർമ്മാണത്തിലാണ് ഇവർ ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ളത്. നൂതന ഉപകരണ രൂപകൽപ്പനയിലൂടെയും പരിശീലനത്തിലൂടെയും ബാലിനയിലെ പ്ലാന്റിനെ വൈദഗ്ധ്യ കേന്ദ്രമാക്കി മാറ്റുകയാണ് കമ്പനി ലക്ഷ്യമിടുന്നത്. 1976 ലാണ് മയോയിൽ കമ്പനി പ്രവർത്തനം ആരംഭിച്ചത്.

Read More

ഡബ്ലിൻ: സംസ്‌കാര പ്രാർത്ഥന സംബന്ധിച്ച് നിർണായക പ്രഖ്യാപനവുമായി വാട്ടർഫോർഡ്, ലിസ്‌മോർ രൂപത. രൂപതയ്ക്ക് കീഴിലുള്ള പള്ളകളിൽ ഇനി മുതൽ ഞായറാഴ്ചകളിൽ സംസ്‌കാര പ്രാർത്ഥനകൾ ഉണ്ടായിരിക്കില്ല. ഇത് സംബന്ധിച്ച് ബിഷപ്പ് അൽഫോൻസസ് കള്ളിനൻ ഇടവകൾക്ക് കത്ത് നൽകി. ഞായറാഴ്ച അജപാനലന ശുശ്രൂഷയും മറ്റ് ആരാധനാ ക്രമങ്ങളും കൈകാര്യം ചെയ്യുന്നതിൽ വലിയ ബുദ്ധിമുട്ടാണ് നേരിടേണ്ടിവരുന്നത്. ഈ സാഹചര്യത്തിലാണ് ഞായറാഴ്ച സംസ്‌കാര പ്രാർത്ഥനകൾ നടത്തില്ലെന്ന് രൂപത വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം സെനറ്റ് ഓഫ് പ്രീസ്റ്റ് യോഗത്തിലും ഈ ആവശ്യം ഉയർന്നുവന്നിരുന്നു.

Read More

ഡബ്ലിൻ: അയർലന്റിലെ ആശുപത്രികളിലെ പാർക്കിംഗ് വരുമാനം സംബന്ധിച്ച വിവരങ്ങൾ പുറത്ത്. കഴിഞ്ഞ വർഷം 19 മില്യൺ യൂറോയാണ് ആശുപത്രികൾ പാർക്കിംഗ് ഇനത്തിൽ കൈപ്പറ്റിയിരിക്കുന്നത്. ഇതിൽ ഏഴ് ആശുപത്രികളിൽ പാർക്കിംഗ് വരുമാനം 1 മില്യൺ യൂറോ കടന്നു. രോഗികൾ, ആശുപത്രിയിലെ സന്ദർശകർ, ജീവനക്കാർ എന്നിവരിൽ നിന്നും ഈടാക്കിയ തുകയുടെ വിശദാംശങ്ങളാണ് ഇത്. പാർക്കിംഗ് ഇനത്തിൽ കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ പണം ലഭിച്ചത് കോർക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയ്ക്കാണ്. 2.3 മില്യൺ യൂറോ ആയിരുന്നു ആശുപത്രിയ്ക്ക് ലഭിച്ചത്. അടുത്തിടെ ആശുപത്രികളിൽ പാർക്കിംഗ് ആദ്യ മൂന്ന് മണിക്കൂർ സൗജന്യമാക്കണമെന്നത് സംബന്ധിച്ച ആവശ്യം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പാർക്കിംഗ് ഫീസായി ആശുപത്രികൾക്ക് ലഭിച്ച തുകയുടെ കണക്ക് പുറത്തുവരുന്നത്. ആശുപത്രികളിലെ പാർക്കിംഗ് ഫീസുകൾ സാധാരണക്കാർക്ക് വലിയ സാമ്പത്തിക ഭാരം ഉണ്ടാക്കുന്നുവെന്നാണ് ഉയരുന്ന ആരോപണം.

Read More

ഡെറി: ഡെറിയിൽ 40 കാരനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. 30 വയസ്സുള്ള യുവാവിനെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാവിലെയോടെയായിരുന്നു 40 കാരന് നേരെ ആക്രമണം ഉണ്ടായത്. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇതിന് ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കും. നിരവധി മോഷണ കേസുകളിലെ പ്രതിയാണ് അറസ്റ്റിലായത് എന്നാണ് പോലീസ് നൽകുന്ന സൂചന. ഇന്നലെ രാവിലെ 9.30 ഓടെയായിരുന്നു 40 കാരന് നേരെ ആക്രമണം ഉണ്ടായത്. ഇയാളുടെ കൈയ്ക്കാണ് സാരമായി പരിക്കേറ്റിരിക്കുന്നത്. 40 കാരനും ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്.

Read More

ഡബ്ലിൻ: ഐറിഷ് ജനതയ്ക്ക് പുതിയ തൊഴിലവസരം സൃഷ്ടിക്കാൻ ടെസ്‌കോ അയർലന്റ്. രാജ്യവ്യാപകമായി 400 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം. അയർലന്റിലെ ഉദ്യോഗാർത്ഥികൾക്ക് ഇത് ഏറെ ഗുണം ചെയ്യും. രാജ്യവ്യാപകമായി കൂടുതൽ സ്റ്റോറുകൾ തുറക്കാനാണ് കമ്പനിയുടെ തീരുമാനം. അടുത്ത 12 മാസത്തിനുള്ളിൽ ഇത് കമ്പനി സാദ്ധ്യമാക്കും. ഇതിനായി 40 മില്യൺ യൂറോയുടെ നിക്ഷേപമാണ് കമ്പനി നടത്തുന്നത്. പുതിയ തൊഴിലവസരങ്ങൾ കൂടി നിലവിൽവരുന്നതോടെ രാജ്യത്തെ ടെസ്‌കോ അയർലന്റിന്റെ സ്ഥിര ജീവനക്കാരുടെ എണ്ണം 13,500 ആയി ഉയരും. 10 പുതിയ വലിയ സൂപ്പർമാർക്കറ്റുകൾ, ചെറിയ എക്‌സ്പ്രസ് ഷോപ്പുകൾ എന്നിവയാണ് കമ്പനി തുറക്കാനുദ്ദേശിക്കുന്നത്. ഇവ കൂടി നിലവിൽവരുന്നതോടെ അയർലന്റിലെ കമ്പനികളുടെ ആകെ എണ്ണം 193 ആയി വർദ്ധിക്കും.

Read More

ഡബ്ലിൻ: അയർലന്റിൽ അപ്പാർട്ട്‌മെന്റ് നിർമ്മാണവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളിൽ മാറ്റം. അപ്പാർട്ട്‌മെന്റുകളുടെ വലിപ്പം കുറയ്ക്കാനാണ് സർക്കാരിന്റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം അടുത്ത ആഴ്ച ഭവനമന്ത്രി ജെയിംസ് ബ്രൗൺ ക്യാബിനറ്റിന് മുൻപിൽവയ്ക്കും. 37 സ്‌ക്വയർ മീറ്റർ വരുന്ന സ്റ്റുഡിയോ അപ്പാർട്ട്‌മെന്റുകൾ ഇനി മുതൽ 32 സ്‌ക്വയർ മീറ്റർ വലിപ്പത്തിലാകും നിർമ്മിക്കുക. ഇതിന് പുറമേ ത്രീ ബെഡ് യൂണിറ്റ് അപ്പാർട്ട്‌മെന്റുകളുടെ വലിപ്പം 90 സ്‌ക്വയർ മീറ്ററിൽ നിന്നും 76 സ്‌ക്വയർ മീറ്ററാകും. മൂന്ന് ബെഡ് യൂണിറ്റ് അപ്പാർട്ട്‌മെന്റിന്റെ രൂപകൽപ്പനയിലും മാറ്റം കൊണ്ടുവന്നിട്ടുണ്ട്. ഭവന പ്രതിസന്ധി പരിഹരിച്ച് അപ്പാർട്ട്‌മെന്റുകളുടെ നിർമ്മാണം വേഗത്തിലാക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. പുതിയ മാറ്റം 50,000 യൂറോ മുതൽ 1 ലക്ഷം യൂറോ വരെ ലാഭമുണ്ടാകാൻ കാരണമാകുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.

Read More

ഡബ്ലിൻ: എയർ ട്രാഫിക് സേവനങ്ങളിൽ അടിയന്തിര പരിഷ്‌കരണം ആവശ്യപ്പെട്ട് റയാൻഎയർ. എയർ ട്രാഫിക് കൺട്രോളർമാരുടെ സമരത്തിൽ വിമാനങ്ങൾ റദ്ദാക്കേണ്ടിവന്ന പശ്ചാത്തലത്തിലാണ് ആവശ്യവുമായി വിമാനക്കമ്പനി യൂറോപ്യൻ യൂണിയന് മുൻപിൽ എത്തിയിരിക്കുന്നത്. സമരത്തെ തുടർന്ന് 400 ലധികം വിമാന സർവ്വീസുകളാണ് റയാൻഎയറിന് റദ്ദാക്കേണ്ടിവന്നത്. ഫ്രഞ്ച് എയർട്രാഫിക് കൺട്രോളർമാരുടെ പണിമുടക്ക് 70,000 വിമാന യാത്രികരെ ബാധിച്ചതായി റയാൻഎയർ പറഞ്ഞു. അതുകൊണ്ട് തന്നെ എയർ ട്രാഫിക് സർവ്വീസ് പരിഷ്‌കരിക്കുന്നതിന് യൂറോപ്യൻ യൂണിയൻ അടിയന്തിരമായി ഇടപെടണം. യാത്രികരെ ഇത്തരം ബുദ്ധിമുട്ടുകളിൽ നിന്നും ഒഴിവാക്കണം. ഇനിയൊരുക്കിലും എയർ ട്രാഫിക് കൺട്രോളിംഗിൽ യാതൊരു ബുദ്ധിമുട്ടും ഇല്ലാതിരിക്കണം. ഇതിന് ആവശ്യമായ നടപടി സ്വീകരിക്കാൻ കഴിഞ്ഞില്ലെങ്കിൽ യൂറോപ്യൻ പ്രസിഡന്റ് സ്ഥാനം ഉർസുല വോൺ ഡെർ ലെയ്ൻ രാജിവയ്ക്കണം എന്നും കമ്പനി ആവശ്യപ്പെട്ടു.

Read More

ഡബ്ലിൻ: ഡബ്ലിനിലെ ആർബർ ഹിൽ ജയിൽ അടച്ച് പൂട്ടാൻ നിർദ്ദേശം.  ഉപദേശക സംഘമാണ് ജയിൽ അടച്ച്പൂട്ടാനുള്ള നിർദ്ദേശം സർക്കാരിന് നൽകിയിരിക്കുന്നത്. അയർലന്റിലെ ഏറ്റവും പ്രധാനപ്പെട്ട ജയിലുകളിൽ ഒന്നാണ് ആർബർ ഹിൽ പ്രിസൺ. ജയിലിന്റെ ശേഷി വർദ്ധിപ്പിക്കേണ്ടതിന്റെ പശ്ചാത്തലത്തിലാണ് താത്കാലികമായി അടച്ച് പൂട്ടാൻ നിർദ്ദേശിച്ചിരിക്കുന്നത്. നിലവിൽ 135 ദീർഘകാല തടവുകാർ ഇവിടെ കഴിയുന്നുണ്ട്. ഇവർക്കായി പകരം സൗകര്യം ഒരുക്കാനും നിർദ്ദേശമുണ്ട്. മൗണ്ട്‌ജോയ് ജയിൽ സിംഗിൾ സെല്ലിലേക്ക് കൊണ്ടുവരണമെന്നും ഉപദേശക സംഘം ശുപാർശ ചെയ്തിട്ടുണ്ട്. അങ്ങനെയെങ്കിൽ ഏകദേശം 210 തടവുകാരെ മറ്റ് ഇവിടേയ്ക്ക് എങ്കിലും മാറ്റേണ്ടിവരും. ജയിലുകൾ അതിവേഗം നിറയുന്ന സാഹചര്യത്തിൽ സർക്കാർ കർശന പരിഹാര പദ്ധതികൾ ആവിഷ്‌കരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Read More